![വിനയനോടുള്ള പക എന്തിനു മണിയോടു തീർത്തു?ഒരു സ്മാരകം തീർക്കുമെന്നു പറഞ്ഞിട്ട് ആറു വര്‍ഷം കഴിയുന്നു വിനയനോടുള്ള പക എന്തിനു മണിയോടു തീർത്തു?ഒരു സ്മാരകം തീർക്കുമെന്നു പറഞ്ഞിട്ട് ആറു വര്‍ഷം കഴിയുന്നു](https://www.mediaoneonline.com/h-upload/2022/03/07/1280315-kalabhavan-mani-vinayan.webp)
''വിനയനോടുള്ള പക എന്തിനു മണിയോടു തീർത്തു?ഒരു സ്മാരകം തീർക്കുമെന്നു പറഞ്ഞിട്ട് ആറു വര്‍ഷം കഴിയുന്നു''
![](/images/authorplaceholder.jpg?type=1&v=2)
കുശുമ്പും കുന്നായ്മയും നിറഞ്ഞ നമ്മുടെ ചില സാംസ്കാരിക പ്രവർത്തകരുടെ മനസ്സിനെപ്പറ്റി അറിഞ്ഞപ്പോൾ എനിക്കവരോടു സഹതാപമാണു തോന്നിയത്
കലാഭാവന്‍ മണി വേര്‍പിരിഞ്ഞിട്ട് മാര്‍ച്ച് ആറിന് ആറു വര്‍ഷം തികയുകയാണ്. പറന്നുപോയെങ്കിലും ഇന്നും ഓരോ മലയാളിയുടെ മനസിലും മണിയുണ്ട്. മണിയുടെ ഒരു പാട്ടോ സിനിമാരംഗങ്ങളോ കാണാത്ത ഒരു ദിവസം പോലും മലയാളിക്കുണ്ടാകില്ല. മണിക്കു സ്മാരകം നിര്‍മിക്കുമെന്ന സംസ്കാരിക വകുപ്പിന്‍റെ വാഗ്ദാനം ഇനിയും പാലിച്ചിട്ടില്ലെന്ന് ഓര്‍മപ്പെടുത്തുകയാണ് സംവിധായകന്‍ വിനയന്‍. ഏതു സാംസ്കാരിക തമ്പുരാക്കൻമാർ തഴഞ്ഞാലും കേരള ജനതയുടെ മനസിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയെ പോലെ ആരുമില്ലെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിനയന്‍റെ കുറിപ്പ്
മണി വിട പറഞ്ഞിട്ട് ആറു വർഷം... സ്മരണാഞ്ജലികൾ. അനായാസമായ അഭിനയ ശൈലി കൊണ്ടും ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിന്‍റെ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി.. കല്യാണസൗഗന്ധികം എന്ന സിനിമയിൽ തുടങ്ങി എന്‍റെ പന്ത്രണ്ടു ചിത്രങ്ങളിൽ മണി അഭിനയിച്ചു.. വാസന്തിയും ലഷ്മിയും പിന്നെ ഞാനും,കരുമാടിക്കുട്ടൻ, രാക്ഷസ രാജാവിലെ മന്ത്രി ഗുണശേഖരൻ എന്നിവ ഏറെ ചർച്ചയാവുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു. മണിയുമായിട്ടുള്ള എന്‍റെ സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എന്‍റെ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നു. മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽ തന്നെ പലപ്പോഴും എനിക്കു പോരാടേണ്ടി വന്നിട്ടുണ്ട്. അതിൽ നിന്നുണ്ടായ പ്രചോദനം തന്നെയാണ്,മണിയെക്കുറിച്ച് "ചാലക്കുടിക്കാരൻ ചങ്ങാതി" എന്ന സിനിമ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.
മലയാള സിനിമയിൽ മറ്റാർക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി അങ്ങനൊരു ചിത്രം ചരിത്രത്തിന്‍റെ ഭാഗമാക്കാൻ കഴിഞ്ഞതിൽ ഏറെ കൃതാർത്ഥനാണു ഞാൻ. മണി മരിച്ച വർഷം 2016 ലെ ഫിലിം ഫെസ്റ്റിവലിൽ(Iffk) റിട്രോസ്പെക്ടീവ് ആയി കലാഭവൻ മണിയുടെ തെരഞ്ഞെടുത്ത ചില ചിത്രങ്ങൾ പ്രദർശിപ്പിക്കണം എന്നൊരാലോചന വന്നതായി കേട്ടിരുന്നു. താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാൻ ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി. മാത്രമല്ല ദളിത് സമുഹത്തിൽ നിന്നും ഇത്ര ഉന്നതിയിലേക്ക് വളർന്നു വന്ന ആ കലാകാരനെ ആ ഫെസ്റ്റിവലിൽ ആദരിച്ചിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കു തന്നെ ഒരു ക്രഡിറ്റ് ആയേനെ. പക്ഷേ ചിലരുടെ ആഗ്രഹപ്രകാരം അതു നടന്നില്ല... അതിനു കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ അന്നത്തെ ഉന്നത ഉദ്യോഗസ്ഥൻ എന്നോടു പറഞ്ഞിരുന്നു.. മണിയെപ്പറ്റി അങ്ങനൊരു ചിത്ര പ്രദർശനം നടത്തുന്നു എങ്കിൽ, അതിൽ വാസന്തിയും ലഷ്മിയും, കരുമാടിക്കുട്ടനും ആദ്യം തന്നെ ഉൾപ്പെടുത്തേണ്ടി വരും . വിനയനോട് അടങ്ങാത്ത പകയുമായി നടക്കുന്ന അന്നത്തെ ചെയർമാനും എക്സിക്യുട്ടീവിലെ മറ്റൊരു പ്രമുഖ സംവിധായകനും അതു സഹിക്കാൻ കഴിഞ്ഞില്ലത്രേ..
കുശുമ്പും കുന്നായ്മയും നിറഞ്ഞ നമ്മുടെ ചില സാംസ്കാരിക പ്രവർത്തകരുടെ മനസ്സിനെപ്പറ്റി അറിഞ്ഞപ്പോൾ എനിക്കവരോടു സഹതാപമാണു തോന്നിയത്. വിനയനോടുള്ള പക എന്തിനു മണിയോടു തീർത്തു. സമുഹത്തിന്‍റെ അടിത്തട്ടിൽ നിന്നും ദാരിദ്ര്യത്തിന്‍റെയും വേദനയുടെയും കയ്പുനീര്‍ ധാരാളം കുടിച്ചു വളരേണ്ടി വന്ന കേരളത്തിന്‍റെ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീർക്കുമെന്നു സർക്കാർ പറഞ്ഞിട്ട് ഇപ്പോൾ ആറു വർഷം കഴിയുന്നു. ബഡ്ജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തിയിട്ടു പോലും അതു നടന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു.. നമ്മുടെ സാംസ്കാരിക വകുപ്പിന്‍റെ മുൻഗണന ഏതിനൊക്കെയാണ് എന്നു ചോദിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഒന്നുണ്ട് മണീ... ഏതു സാംസ്കാരിക തമ്പുരാക്കൻമാർ തഴഞ്ഞാലും കേരള ജനതയുടെ മനസിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയെ പോലെ ആരുമില്ല.. അതിലും വലിയ ആദരവുണ്ടോ...?