ചിത്രീകരിച്ച 450 ഷോട്ടുകള്‍ കാണാതായി; ചന്ദ്രമുഖി 2വിന്‍റെ റിലീസ് താമസത്തെക്കുറിച്ച് സംവിധായകന്‍
|പി.വാസുവിന്‍റെ 65-ാമത്തെ ചിത്രമാണ് 'ചന്ദ്രമുഖി 2'
ചെന്നൈ: ബോളിവുഡ് നടി കങ്കണ റണൗട്ടും രാഘവ ലോറന്‍സും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ചന്ദ്രമുഖി 2. നാളെയാണ് ചിത്രം തിയറ്റുകളിലെത്തുന്നത്. സെപ്തംബർ 15ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. റിലീസ് മാറ്റിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ പി.വാസു.
ചിത്രത്തിന്‍റെ ഷൂട്ടിംഗിൽ നിന്നുള്ള 450 ഷോട്ടുകളാണ് കാണാതായതാണ് പ്രശ്നമായതെന്ന് വാസു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താൻ ഞെട്ടിപ്പോയെന്നും 150 ഓളം സാങ്കേതിക വിദഗ്ധർ നാലു ദിവസത്തോളം സിനിമാ ഷോട്ടുകൾക്കായി തിരച്ചിൽ നടത്തുകയും പിന്നീട് അവ കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് ഷോട്ടുകൾ എഡിറ്റ് ചെയ്യാൻ കഴിഞ്ഞില്ല, ഇത് സിനിമയുടെ റിലീസ് വീണ്ടും 15 ദിവസം വൈകിച്ചെന്നും അദ്ദേഹം പറഞ്ഞു.
പി.വാസുവിന്‍റെ 65-ാമത്തെ ചിത്രമാണ് 'ചന്ദ്രമുഖി 2'.മുൻനിര പ്രൊഡക്ഷൻ ഹൗസായ ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. വേട്ടയിൻ രാജ ആയിട്ടാണ് ലോറന്‍സ് എത്തുന്നത്. 18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ തുടർച്ചയാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രിൽ 14നാണ് റിലീസ് ചെയ്തത്. ആർ.ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രസംയോജനം ആന്‍റണി കൈകാര്യം ചെയ്യുന്നു.