Entertainment
Kangana Ranaut,thalaivi, movie
Entertainment

കങ്കണ ചിത്രം 'തലൈവി' വൻ പരാജയം; 6 കോടി റീ ഫണ്ട് ആവശ്യപ്പെട്ട് സീ സ്റ്റുഡിയോസ്

Web Desk
|
22 March 2023 11:25 AM GMT

തമിഴിൽ ഏറെക്കാലമായി പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റുകളിൽ ഒന്നായിരുന്നു ഇതെങ്കിലും ചിത്രത്തിൻറെ ബോക്‌സ് ഓഫീസ് കളക്ഷനിൽ അത് പ്രതിഫലിച്ചിരുന്നില്ല

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണാവത്ത് എത്തിയ ചിത്രമാണ് 'തലൈവി'. എ.എൽ വിജയ് സംവിധാനം ചെയ്ത ചിത്രത്തിൽ എംജിആർ ആയി അരവിന്ദ് സ്വാമിയും കരുണാനിധിയുടെ റോളിൽ നാസറുമാണ് എത്തിയത്. തമിഴിൽ ഏറെക്കാലമായി പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റുകളിൽ ഒന്നായിരുന്നു ഇതെങ്കിലും ചിത്രത്തിൻറെ ബോക്‌സ് ഓഫീസ് കളക്ഷനിൽ അത് പ്രതിഫലിച്ചിരുന്നില്ല. ഇപ്പോഴിതാ നിർമാതാക്കളായ വിബ്രി മോഷൻ പിക്‌ചേഴ്‌സിനെതിരെ സിനിമയുടെ വിതരണ കമ്പനിയായ സീ സ്റ്റുഡിയോസ് രംഗത്തെത്തിയിരിക്കുകയാണ്. ആറു കോടി റീഫണ്ട് ചെയ്യണമെന്നാണ് വിതരണക്കമ്പനിയുടെ ആവശ്യം.

ചിത്രത്തിന്റെ വിതരണാവകാശത്തിനായി കമ്പനി ആറു കോടി രൂപ മുൻകൂറായി നൽകിയിരുന്നു. എന്നാൽ ഈ പണം തിരിച്ചുകിട്ടിയില്ല. പണം തിരിച്ചു തരണമെന്നാവശ്യപ്പെട്ട് ഈമെയിലും ലെറ്ററുകളുമെല്ലാം അയച്ചെങ്കിലും നിർമാതാക്കളുടെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള പ്രതികരണവുമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ വിതരണക്കാർ ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

2021 സെപ്തംബർ 10നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. രണ്ടാഴ്ചക്കുള്ളിൽ തന്നെ നെറ്റ്ഫ്‌ളിക്‌സിലും സ്ട്രീം ചെയ്തു. ഇതിനെ തുടർന്ന് മൾട്ടിപ്ലക്‌സുകൾ ചിത്രം ബഹിഷ്‌കരിക്കുകയായിരുന്നു. തോഴി ശശികലയായി മലയാളി നടി ഷംന കാസിം, ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അർജുൻ, മധുബാല, തമ്പി രാമയ്യ, പൂർണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. നീരവ് ഷായായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം

തലൈവിക്ക് ശേഷം എത്തിയ കങ്കണയുടെ ധാക്കഡ് എന്ന ചിത്രവും പരാജയമായിരുന്നു. കൂടാതെ ബാട്ടി, റങ്കൂൺ, മണികർണിക, ജഡ്ജ്‌മെന്റൽ ഹേ ക്യാ, പങ്ക തുടങ്ങിയ ചിത്രങ്ങളും പരാജയമായിരുന്നു.

Similar Posts