'ഡി.എം.കെയ്ക്ക് വിജയ്‌യെ ഭയം' ലിയോ സിനിമാ പ്രദർശനത്തിലെ നിയന്ത്രണത്തിൽ അണ്ണാ ഡി.എം.കെ
|ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിനെയും തമിഴ്‌നാട് മുൻ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ കടമ്പൂർ രാജു വിമർശിച്ചു.
ചെന്നൈ: തമിഴ്നാട്ടിൽ ദളപതി വിജയ്‌യുടെ പുതിയ ചിത്രമായ ലിയോയുടെ പ്രദർശന സമയത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ ഡി.എം.കെ സർക്കാറിനെ വിമർശിച്ച് തമിഴ്‌നാട് മുൻ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ കടമ്പൂർ രാജു. വിജയ്‌യെ ഡിഎംകെ ഭയക്കുന്നതിനാലാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് വിമർശനം. സംസ്ഥാന സർക്കാർ നിഷ്പക്ഷമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
"അണ്ണാ ഡി.എം.കെ അധികാരത്തിലിരുന്നപ്പോൾ രജനികാന്ത്, വിജയ്, അജിത് കുമാർ തുടങ്ങിയ മുൻനിര താരങ്ങൾക്ക് പ്രത്യേക ഷോകൾക്ക് അനുമതി നൽകിയിരുന്നു. ഞങ്ങളുടെ ഭരണകാലത്ത് ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. ഞാൻ അഞ്ചു വർഷം മന്ത്രിയായിരുന്നു. ദീപാവലിക്കും പൊങ്കലിനും മുൻനിര താരങ്ങൾക്കായി പ്രത്യേക ഷോകൾ അനുവദിച്ചിട്ടുണ്ട്" കടമ്പൂർ രാജു കൂട്ടിച്ചേർത്തു. ഡി.എം.കെ നേതാവ് എം.കരുണാനിധി മുഖ്യമന്ത്രിയായിരുന്ന 2006 മുതൽ 2011 വരെ സമാനമായ സാഹചര്യം നിലനിന്നിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലിയോ’യുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിനെയും കടമ്പൂർ രാജു വിമർശിച്ചു. സുരക്ഷാ പരിമിതികളും നിരവധി പേര്‍ പാസിനായി രംഗത്തെത്തിയതിനെയും തുടർന്ന് സെപ്റ്റംബർ 30ന് നടക്കാനിരുന്ന ഓഡിയോ ലോഞ്ച് റദ്ദാക്കിയതായി ചിത്രത്തിന്റെ നിർമാതാക്കൾ അറിയിച്ചിരുന്നു. ചെന്നൈയിൽ എ.ആർ.റഹ്‌മാന്റെ സംഗീത പരിപാടിക്കിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണമാണ് ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കേണ്ടി വന്നതെന്നാണ് ഡി.എം.കെ വൃത്തങ്ങൾ നൽകിയ വിശദീകരണം.
ഒക്ടോബർ 19നാണ് ലിയോ തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന് അഞ്ച് ഷോകൾ മാത്രമേ ഉണ്ടാകൂ എന്നും രാവിലെ ഒൻപത് മുതൽ പുലർച്ചെ 1.30 വരെ മാത്രമേ ചിത്രം പ്രദർശിപ്പാക്കാവൂ എന്നുമാണ് സർക്കാർ ഉത്തരവ്.