Entertainment
ബലാത്സംഗം തമാശയാണെന്ന് കരുതുന്നുണ്ടോ?; വിവാദ പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി താരങ്ങൾ
Entertainment

ബലാത്സംഗം തമാശയാണെന്ന് കരുതുന്നുണ്ടോ?; വിവാദ പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി താരങ്ങൾ

Web Desk
|
5 Jun 2022 2:20 PM GMT

പരസ്യം അറപ്പും നാണക്കേടും തോന്നിപ്പിക്കുന്നതാണെന്ന് പ്രിയങ്ക ചോപ്ര

അശ്ലീല ഉള്ളടക്കത്തെ തുടർന്ന് വിവാദമായ ലെയർ ഷോട്ട് ബോഡി സ്‌പ്രേയുടെ പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ചോപ്രയും റിച്ച ഛദ്ദയും ഉൾപ്പെടെയുള്ള താരങ്ങൾ. 'പരസ്യങ്ങളൊന്നും പെട്ടെന്നോ, അബദ്ധമായോ സംഭവിക്കുന്നതല്ല. ഒരു പരസ്യം ഉണ്ടാക്കുന്നതിനായി നിരവധി തലത്തിലെ ചർച്ചകളും ആലോചനകളും ഓരോ ബ്രാൻഡും നടത്തും. പരസ്യ നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും നിരവധിപ്പേരാണ് അതിൽ പങ്കെടുക്കുന്നത്. ഈ പരസ്യത്തിന്റെ അണിയറ പ്രവർത്തകരെല്ലാം പീഡനം തമാശയാണെന്നാണോ കരുതുന്നത്? ഇത്രയും വൃത്തികേട് ആളുകൾക്ക് മുന്നിലേക്ക് വച്ചതിന് ഈ കമ്പനിക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്' എന്നതായിരുന്നു പരസ്യത്തിനെതിരെ റിച്ചയുടെ പ്രതികരണം.

പരസ്യം അറപ്പും നാണക്കേടും തോന്നിപ്പിക്കുന്നതാണെന്ന് പ്രിയങ്ക ചോപ്ര വ്യക്തമാക്കി. 'എത്ര തലത്തിൽ ചർച്ചകൾ നടന്നിട്ടാവും ഈ ഉള്ളടക്കത്തിന് അംഗീകാരം കിട്ടിയിട്ടുണ്ടാവുക. ഇതിൽ തെറ്റില്ലെന്ന് എത്ര പേർക്ക് തോന്നിയിട്ടുണ്ടാകും'. കേന്ദ്രസർക്കാർ ഇത് പിൻവലിപ്പിച്ചതിൽ സന്തോഷം തോന്നുന്നു എന്നും പ്രിയങ്ക വിശദമാക്കി. ബോളിവുഡ് താരം ഫർഹാൻ അക്തറും പരസ്യത്തിനെതിരെ രംഗത്തെത്തി. കൂട്ട ബലാത്സംഗത്തെ സാധൂകരിക്കുന്ന പരസ്യമൊക്കെ എടുക്കാൻ ആളുകൾക്ക് എങ്ങനെ കഴിയുന്നുവെന്നും ഫർഹാൻ ചോദിച്ചു.

നാലു പുരുഷന്മാർ തമ്മിൽ നടത്തുന്ന സംഭാഷണത്തിൽ നിന്നാണ് പരസ്യം തുടങ്ങുന്നത്. ഇവർക്കിടയിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നു. അശ്ലീലചുവയോടെ പുരുഷന്മാർ സംസാരിക്കുന്നതും വിഡിയോയിൽ കാണാം. തന്നെ കുറിച്ചാണ് പുരുഷന്മാർ സംസാരിക്കുന്നതെന്നു കരുതിയ യുവതി ഇവരെ രോഷാകുലയായി നോക്കുന്നതും വിഡിയോയിലുണ്ട്. നാലുപേരിൽ ആരാണ് ഷോട്ട് എടുക്കാൻ പോകുന്നതെന്നാണ് ഇവർ തമ്മിലുള്ള തർക്കം. അവൾ ഭയന്നു വിറക്കുന്നു. ബോഡി സ്‌പ്രേ വേണമെന്ന് ആവശ്യപ്പെടുന്നു. കടുത്ത പ്രതിഷേധത്തെ തുടർന്ന് പരസ്യം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 10 ലക്ഷത്തിലേറെപ്പേരാണ് ഇതിനകം പരസ്യം പങ്കുവച്ച് കഴിഞ്ഞത്.

Similar Posts