'അധികാരത്തിലേറുന്ന സര്‍ക്കാര്‍ ഉറപ്പായും ഇവ പാലിക്കണം'; പുതിയ സര്‍ക്കാരിന് മുന്നില്‍ 16 ഇന നിര്‍ദ്ദേശങ്ങള്‍ വെച്ച് ഡോ.ബിജു
|പതിനാറിന നിര്‍ദ്ദേശങ്ങളാണ് ഡോ.ബിജു അധികാരത്തിലേറുന്ന സര്‍ക്കാരിന് മുന്നില്‍ ഉറപ്പായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വെച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലമറിയാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ പുതിയതായി അധികാരത്തിലേറുന്ന സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ട ആവശ്യങ്ങള്‍ പങ്കുവെച്ച് ചലച്ചിത്ര സംവിധായകന്‍ ഡോ.ബിജു. ഏത് പാർട്ടി അധികാരത്തിൽ വന്നാലും ഉറപ്പ് വരുത്തേണ്ട കാര്യങ്ങള്‍ എന്ന മുഖവുരയോടെയാണ് ഡോ. ബിജു തന്‍റെ നിര്‍ദ്ദേശങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
ആദിവാസി, ദലിത് വിഭാഗങ്ങളുടെ ഭൂ പ്രശ്നം, ദരിദ്ര ജനവിഭാഗങ്ങൾക്കുള്ള സൗജന്യ റേഷൻ, ചികിത്സ, വിദ്യാഭ്യാസം, പാർപ്പിടം, പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ എന്നിവ കർശനമായി നടപ്പിലാക്കണമെന്നും പൊലീസിനെ ജനങ്ങളോട് മാന്യമായി പെരുമാറുന്ന സേവന വിഭാഗമായി ഉയര്‍ത്തണമെന്നും ബിജു ആവശ്യപ്പെടുന്നു. യു.എ.പി.എയുടെ ദുരുപയോഗം കർശനമായി തടയണമെന്നും മാവോയിസ്റ്റ് കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ എന്നിവ കർശനമായി തടയണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടു.
കാസര്‍കോഡിനെ പ്രത്യേകം പരിഗണിക്കണമെന്നും മെഡിക്കൽ കോളജ് നിര്‍മ്മിക്കണമെന്നും ജില്ലയിലെ എൻഡോസൾഫാൻ ഇരകളുടെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ എല്ലാ പ്രവർത്തനങ്ങളും സുതാര്യമാകണമെന്നും പൊതു ജനങ്ങൾക്ക് അപ്രാപ്യമായ ഒന്നാവരുത് സർക്കാർ എന്ന സംവിധാനമെന്നും ഡോ.ബിജു പറയുന്നു.
പതിനാറിന നിര്‍ദ്ദേശങ്ങളാണ് ഡോ.ബിജു അധികാരത്തിലേറുന്ന സര്‍ക്കാരിന് മുന്നില്‍ ഉറപ്പായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വെച്ചിരിക്കുന്നത്.
ഡോ.ബിജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
തെരഞ്ഞെടുപ്പ് ഫലത്തിനു രണ്ടു ദിവസങ്ങൾ കൂടി...
തെരത്തെടുപ്പിൽ ഏത് പാർട്ടി അധികാരത്തിൽ വന്നാലും താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തണം എന്നതാണ് ഒരു സാധാരണ പൗരൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നത്.
1. ആദിവാസി, ദലിത് വിഭാഗങ്ങളുടെ ഭൂ പ്രശ്നം പരിഹരിക്കണം.
2. ദരിദ്ര ജനവിഭാഗങ്ങൾക്കുള്ള സൗജന്യ റേഷൻ, ചികിത്സ, വിദ്യാഭ്യാസം, പാർപ്പിടം എന്നിവ ഉറപ്പാക്കണം.
3. യു.എ.പി.എയുടെ ദുരുപയോഗം കർശനമായി തടയണം.
4. മാവോയിസ്റ്റ് കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ എന്നിവ കർശനമായി തടയണം.
5. ലോക്കപ്പ് മർദ്ദനങ്ങൾ ഉണ്ടാകാതെ ഇരിക്കണം. ലോക്കപ്പ് മർദ്ദന കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം.
6. പൊലീസ് എന്നത് പേടിക്കേണ്ടുന്ന ഒരു വിഭാഗം എന്ന നില മാറ്റി ജനങ്ങളോട് മാന്യമായി പെരുമാറുന്ന ഒരു സേവന വിഭാഗം ആയി മാറണം.
7. പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പിലാക്കണം.
8. ആരോഗ്യ രംഗത്ത് കേന്ദ്ര സർക്കാർ മാതൃകയിൽ ആരോഗ്യ മന്ത്രിയുടെ ചുമതലയിൽ അല്ലാതെ ആയുഷ് വകുപ്പിന് പ്രത്യേക മന്ത്രിക്ക് ചുമതല ഉണ്ടാവണം.
9. കാസർകോട്ട് മെഡിക്കൽ കോളജ് ഉണ്ടാവണം.
10. കാസർകോട്ട് എൻഡോസൾഫാൻ ഇരകളുടെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കണം.
11. കലയും സംസ്കാരവും ആയി എന്തെങ്കിലും പ്രാഥമിക ബന്ധമുള്ളതും അത്തരത്തിൽ ക്രിയാത്മകമായ ബോധവുമുള്ള ഒരാളെ വേണം സാംസ്കാരിക മന്ത്രി ആയി നിയമിക്കാൻ.
12. ചലച്ചിത്ര അക്കാദമിയെ സ്ഥിരം കോക്കസിൽ നിന്നും രക്ഷപ്പെടുത്തി മലയാളസിനിമയ്ക്ക് എന്തെങ്കിലും ഗുണം ഉണ്ടാക്കുന്ന ഒരു സ്ഥാപനം ആക്കി മാറ്റാൻ പറ്റുന്ന ആളുകളെ നിയമിക്കണം.
13. സർക്കാരിന്‍റെ എല്ലാ പ്രവർത്തനങ്ങളും സുതാര്യം ആകണം. പൊതു ജനങ്ങൾക്ക് അപ്രാപ്യമായ ഒന്നാവരുത് സർക്കാർ എന്ന സംവിധാനം..
14. നാട്ടിലെ നിയമ വ്യവസ്‌ഥ സാധാരണക്കാർക്ക് ഒന്നും രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾക്ക് വേറൊന്നും എന്ന നില മാറണം.
15. സർക്കാരിലെ വിവിധ വകുപ്പുകളിലെ താൽക്കാലിക / സ്ഥിരം നിയമനങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെയും ജനപ്രതിനിധികളുടെയും ശുപാർശയും ഭീഷണികളും ഉണ്ടാവാൻ അനുവദിക്കരുത്.
16. ജനപ്രതിനിധികളും മന്ത്രിമാരും പൊതുജനങ്ങളുടെ യജമാനന്മാർ അല്ല മറിച്ച് പൊതുജനങ്ങളുടെ സേവകർ ആണ് എന്ന ജനാധിപത്യ ബോധം ഉള്ള, ജനങ്ങളോട് ധിക്കാരവും അഹന്തയും വെച്ചു പുലർത്താത്ത, അധികാരം ദുർവിനിയോഗം ചെയ്യാത്ത ജനപ്രതിനിധികൾ കൂടുതൽ ആയി ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിനു രണ്ടു ദിവസങ്ങൾ കൂടി...
തിരത്തെടുപ്പിൽ ഏത് പാർട്ടി അധികാരത്തിൽ വന്നാലും താഴെ പറയുന്ന കാര്യങ്ങൾ...
Posted by Dr.Biju on Wednesday, April 28, 2021