ഇന്ദ്രന്‍സിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം; ചെറിയൊരു തിരുത്തുണ്ടെന്ന് സംവിധായകന്‍
|ഇന്ദ്രന്‍സ് ചേട്ടന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ചലച്ചിത്ര മേളയില്‍ വെയില്‍മരങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയത് ഇന്ന് വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ആഘോഷിക്കുന്നത് കണ്ടു
അന്താരാഷ്ട്ര ചലച്ചിത്ര മേഖലകളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രമായിരുന്നു ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍. ചിത്രത്തിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിനും അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ദ്രന്‍സിന് മറ്റൊരു പുരസ്കാരം കൂടി കിട്ടിയെന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സിംഗപ്പൂര്‍ സൌത്ത് ഏഷ്യന്‍ ചലച്ചിത്ര മേളയില്‍ ഇന്ദ്രന്‍സിന് വെയില്‍ മരങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയെന്ന വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ വാര്‍ത്തയില്‍ ചെറിയൊരു തിരുത്തുണ്ടെന്ന കാര്യം പങ്കുവയ്ക്കുകയാണ് ഡോ.ബിജു.
ഡോ.ബിജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
'ഇന്ദ്രന്‍സ് ചേട്ടന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ചലച്ചിത്ര മേളയില്‍ വെയില്‍മരങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയത് ഇന്ന് വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ആഘോഷിക്കുന്നത് കണ്ടു. ഒട്ടേറെ പേര്‍ മെസേജ് അയക്കുകയും ചെയ്തു. ഒരു ചെറിയ തിരുത്ത് ഉണ്ട്. ആ പുരസ്‌കാരം കിട്ടിയത് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു. 2019ല്‍ വെയില്‍മരങ്ങളിലെ ഇന്ദ്രന്‍സ് ചേട്ടന്‍റെ അഭിനയവും എം.ജെ രാധാകൃഷ്ണന്‍റെ അസാമാന്യമായ ഛായാഗ്രഹണവും എത്ര പേര്‍ കണ്ടിട്ടുണ്ടാവും എന്നറിയില്ല. സിനിമ 2020 ഫെബ്രുവരിയില്‍ കേരളത്തില്‍ കുറച്ചു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.
ലോകത്തെ ഏറ്റവും പ്രധാന മേളകളില്‍ ഒന്നായ ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ പ്രധാന മത്സര വിഭാഗത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ സിനിമ പുരസ്‌കാരം നേടിയത് വെയില്‍മരങ്ങള്‍ ആയിരുന്നു.' 'ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്‍റിനുള്ള ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരം . പിന്നീട് ഫ്രാന്‍സിലെ ടുലോസ് ഇന്ത്യന്‍ ചലച്ചിത്ര മേള, ചൈനയിലെ ചോങ്ക്വിങ് ചലച്ചിത്ര മേള എന്നിവിടങ്ങളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം, കേരള ചലച്ചിത്ര മേളയില്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പ്പാക് പുരസ്‌കാരം എന്നിവയും വെയില്‍മരങ്ങള്‍ക്ക് ലഭിച്ചിരുന്നു.'
'ആ വര്‍ഷത്തെ കേരള സംസ്ഥാന അവാര്‍ഡ് ജൂറി രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്ത 25 ചിത്രങ്ങളില്‍ ഉള്‍പ്പെടാന്‍ തക്ക യോഗ്യതയും നിലവാരവും ഇല്ലെന്ന വിലയിരുത്തലില്‍ ആദ്യ ഘട്ടത്തില്‍ തന്നെ വെയില്‍മരങ്ങള്‍ പുറന്തള്ളുകയും ചെയ്തിരുന്നു.. സിംഗപ്പൂരില്‍ ഇന്ദ്രന്‍സ് ചേട്ടന് വേണ്ടി അവാര്‍ഡ് സ്വീകരിച്ചതിന്‍റെ ഓര്‍മചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു…'