100 കോടി ക്ലബ്ബിൽ കയറാനൊരുങ്ങി ദൃശ്യം 2 ഹിന്ദി
|റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസം കൊണ്ട് 86.49 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസിൽ നേടിയത്
അഭിഷേക് പഥക് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ദൃശ്യം 2 ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. 2022 ലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബോളിവുഡ് ഫിലിം ഓപ്പണറായി ചിത്രം മാറിയിരിക്കുകയാണ്. അതോടൊപ്പം ഏറ്റവും ഉയർന്ന വാരാന്ത്യ കളക്ഷനുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനവും ചിത്രവും നേടിയിട്ടുണ്ട്. രൺബീർ കപൂറും ആലിയ ഭട്ടും അഭിനയിച്ച ബ്രഹ്മാസ്ത്രയാണ് രണ്ട് പട്ടികയിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസം കൊണ്ട് 86.49 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസിൽ നേടിയത്.
അജയ് ദേവഗണും തബുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രത്തിൻറെ നിർമാണം. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഇന്ത്യയില്‍ 3302ഉം വിദേശത്ത് 858ഉം സ്‍ക്രീനുകളിലായിട്ടാണ് ദൃശ്യം2 റിലീസ് ചെയ്തത്.
മോഹൻലാൽ - ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായ ദൃശ്യത്തിൻറെ ഹിന്ദി പതിപ്പാണ് ചിത്രം. ദൃശ്യം 2 തിയേറ്ററുകളില്‍ റിലീസ് ചെയ്തതിനു പിന്നാലെ ഓൺലൈനിൽ ചോർന്നിരുന്നു.