'ഒരു സ്റ്റാർ മാത്രമേ നൽകാനാവൂ'; ദൃശ്യം 2 മലയാളം സഹിക്കാൻ കഴിയില്ലെന്ന് കെ.ആർ.കെ
|സിനിമ ഇഴഞ്ഞാണ് നീങ്ങുന്നതെന്നും സോണി ടെലിവിഷനിലെ സിഐഡി എന്ന സീരിയൽ ഈ സിനിമയേക്കാൾ 100 മടങ്ങ് മികച്ചതാണെന്നും കെ.ആർ.കെ
ദൃശ്യം 2 മലയാളം മോശം സിനിമയാണെന്ന് നിരൂപകനും നടനുമായ കെ.ആർ.കെ. സിനിമ ഇഴഞ്ഞാണ് നീങ്ങുന്നതെന്നും സോണി ടെലിവിഷനിലെ സിഐഡി എന്ന സീരിയൽ ഈ സിനിമയേക്കാൾ 100 മടങ്ങ് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം 2വിന്റെ ഹിന്ദി പതിപ്പ് നവംബർ 18ന് റിലീസിന് ഒരുങ്ങുകയാണ്. സിനിമ റിവ്യു ചെയ്യുന്നതിനായി ദൃശ്യം 2 മലയാളം പ്രൈമിൽ കണ്ട ശേഷം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചിത്രത്തിന് ഒരു സ്റ്റാർ മാത്രമേ നൽകാനാകൂ എന്നും കെആർകെ ട്വീറ്റ് ചെയ്തു. ''ദൃശ്യം 2 ഹിന്ദിയും മലയാളത്തിന്റെ ഫ്രെയിം ടു ഫ്രെയിം കോപ്പിയാകും. എത്ര ഇഴഞ്ഞാണ് ഈ സിനിമ പോകുന്നത്. വളരെ മോശം. പുതിയ ഇൻസ്‌പെക്ടർ എത്തുന്നതുവരെയുള്ള രംഗങ്ങൾ സഹിക്കാൻ കഴിയില്ല. പതുക്കെ തുടങ്ങി അരമണിക്കൂറിനുള്ളിൽ എന്തൊക്കെയോ സംഭവിക്കുന്നു. ആദ്യ ഒന്നര മണിക്കൂറിൽ ഈ ചിത്രത്തിൽ ഒന്നും തന്നെയില്ല.
സിനിമയുടെ അവസാന 30 മിനിറ്റ് ആളുകൾക്ക് ഇഷ്ടപ്പെട്ടേക്കാം. ഹീറോയുടെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത് ഒരു കാരണമാകാം. എന്നാൽ എല്ലാ പൊലീസ് ഓഫിസർമാരും ഇങ്ങനെ ചെയ്യില്ല. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിനു പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള ഇത്തരം രംഗങ്ങൾ ഫിലിം മേക്കേഴ്‌സ് ഒഴിവാക്കണം.''- കെആർകെ പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും ദൃശ്യം2 ഉം വലിയ ഹിറ്റായിരുന്നു. വിവിധ ഭാഷകളിലായി ചിത്രം റീമേക്ക് ചെയ്തിരുന്നു. അജയ് ദേവ്ഗൺ നായകനായി എത്തുന്ന ദൃശ്യം2 ചിത്രം ബോളിവുഡിന് വൻ പ്രതീക്ഷയാണ് നൽകുന്നത്. ദൃശ്യം ആദ്യ ഭാഗത്തിന്റെ റീമേക്കും ഹിന്ദിയിൽ വൻ ഹിറ്റായിരുന്നു. നാളെ ചിത്രം തിയറ്ററുകളിലെത്തും.'വിജയ് സാൽഗോൻകറാ'യിട്ടാണ് ചിത്രത്തിൽ അജയ് ദേവ്ഗൺ എത്തുന്നത് നായികയായി ശ്രിയ ശരണും തബു, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന തുടങ്ങിയവരുമാണ് മറ്റു കഥാപാത്രങ്ങളിലെത്തുന്നത്.
ദൃശ്യം ഒന്നാം ഭാഗം ബോക്സ് ഓഫീസിൽ മലയാളത്തിലെ ആദ്യ 50 കോടി എന്ന റെക്കോർഡിട്ടിരുന്നു. ആമസോൺ പ്രൈമിലൂടെ എത്തിയ ദൃശ്യം2 പ്രൈമിന് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ വരിക്കാരെ കിട്ടാൻ കാരണമാവുകയും ചെയ്തു. മോഹൻലാലിനൊപ്പം മീന, സിദ്ധീക് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.