Entertainment
drishyam, mohanlal
Entertainment

'ദൃശ്യം' കൊറിയൻ ഭാഷയിലേക്ക്; മോഹൻലാലിന് പകരം പാരസൈറ്റിലെ സൊങ് കാങ് ഹോ

Web Desk
|
21 May 2023 1:48 PM GMT

ഹിന്ദിയിൽ അജയ് ദേവ്ഗൺ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ചിത്രമാണ് ദൃശ്യം. മലയാളത്തിലൊരുക്കിയ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും കന്നട, തെലുങ്ക്, തമിഴ് ഭാഷകള്‍ക്കു പുറമെ ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയിൽ അജയ്ദേവ്ഗൺ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

പല വിദേശ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യുമെന്ന് നേരത്തേ റിപ്പോർട്ടുകൾ എത്തിയിരുന്നു. ഇപ്പോഴിതാ കൊറിയൻ ഭാഷയിൽ ചിത്രത്തിന്റെ രണ്ടുഭാഗങ്ങളും ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. പാരസൈറ്റ് താരം സൊങ് കാങ് ഹോയാണ് ചിത്രത്തിലെ നായകൻ.

ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കൻ കൊറിയയിൽ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേർന്നുള്ള ഇൻഡോ- കൊറിയൻ സംയുക്ത നിർമ്മാണ സംരംഭം ആയിരിക്കും കൊറിയൻ റീമേക്ക്. സോംഗ് കാംഗ് ഹോ, സംവിധായകൻ കിംജൂവൂൺ എന്നിവർ ഉടമകളായിട്ടുള്ള നിർമാണ കമ്പനിയാണ് ആന്തൂജി സ്റ്റുഡിയോസ്. വാർണർ ബ്രദേഴ്‌സിൻറെ മുൻ എക്‌സിക്യൂട്ടീവ് ജാക്ക് ഗൂയൻ ആയിരിക്കും ദൃശ്യം റീമേക്കിൻറെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നത്.

മലയാള സിനിമയിലെ എക്കാലത്തെയും വമ്പൻ ഹിറ്റായ ചിത്രമാണ് ദൃശ്യം. മോഹൻലാൽ അവതരിപ്പിച്ച നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി എന്ന കഥാപാത്രം തൻറെ കുടുംബത്തെ രക്ഷിക്കുന്നതിനായി ഒരു കുറ്റകൃത്യം ബുദ്ധിപൂർവമായ നീക്കങ്ങളിലൂടെ മറയ്ക്കുന്നതാണ് ദൃശ്യത്തിൻറെ പ്രമേയം. ദൃശ്യം 3 അണിയറയിൽ ഒരുങ്ങുന്നതായി ജീത്തു ജോസഫ് തന്നെ അറിയിച്ചിരുന്നു.


Similar Posts