'കിളി കൂടുകൂട്ടും പോലെ വച്ച വീടാണ്... ഇതാ നിലംപതിച്ചിരിക്കുന്നു'; സ്വപ്‌നഭവനത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് ഭാഗ്യലക്ഷ്മി
|''തിരുവനന്തപുരത്തേക്ക് വിവാഹം കഴിച്ചെത്തിയപ്പോള്‍ ഒരു ഒറ്റമുറിയിലേക്കായിരുന്നു ഞാന്‍ കയറിച്ചെന്നത്... മദ്രാസിലേക്ക് പറന്നുപോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരുംപോലെ പണവും കൊണ്ടുവരും, വീണ്ടും പോകും, വരും''
തിരുവനന്തപുരം: വര്‍ഷങ്ങളോളം മനസില്‍ താലോലിച്ചുകൊണ്ടുനടന്ന സ്വപ്നം. ആയുഷ്‌കാലത്തെ അധ്വാനം കൊണ്ട് പതുക്കെ കെട്ടിപ്പടുത്ത ഭവനം. ഒടുവില്‍ കണ്‍മുന്നില്‍ പൊളിച്ചുമാറ്റുന്ന ഹൃദയം തകര്‍ക്കുന്ന ദൃശ്യങ്ങള്‍.. ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് തിരുവനന്തപുരത്ത് വര്‍ഷങ്ങളുടെ അധ്വനം കൊണ്ട് നിര്‍മിച്ച വീട് പൊളിച്ചുമാറ്റുന്നതിന്റെ വേദന പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
1985ല്‍ തിരുവനന്തപുരത്തേക്ക് വിവാഹം കഴിച്ചെത്തിയപ്പോള്‍ ഒരു ഒറ്റമുറിയിലേക്കായിരുന്നു ഞാന്‍ കയറിച്ചെന്നത്. അന്ന് മനസില്‍ തോന്നിയൊരു സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്. അങ്ങനെ എന്റെ ശബ്ദം കൊണ്ട്, അധ്വാനിച്ച് ഞാനൊരു വീടുപണി തുടങ്ങി. സ്വരം എന്ന പേരുമിട്ടു. ആ വീട്ടില്‍ താമസിച്ചുതുടങ്ങിയപ്പോള്‍ എന്തോ ഈ വീട്ടില്‍ ഞാന്‍ അധികം താമസിക്കില്ല എന്ന തോന്നല്‍ എന്റെ മനസിന്റെ ഉള്ളില്‍ വന്നുകൊണ്ടേയിരുന്നു. അങ്ങനെ 2000ത്തില്‍ ഞാന്‍ അവിടെനിന്നു പടിയിറങ്ങിയെന്ന് ഭാഗ്യലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ വെളിപ്പെടുത്തി.
2020ല്‍ വീണ്ടും ഞാന്‍ അങ്ങോട്ട് കയറിച്ചെന്നപ്പോള്‍ എനിക്കെന്തോ ആ വീട്ടില്‍ താമസിക്കാന്‍ തോന്നിയില്ല. എനിക്കു മാത്രമല്ല, എന്റെ മക്കള്‍ക്കും തോന്നിയില്ല. അങ്ങനെ ഞങ്ങള്‍ ആ വീട് ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. വീട് സ്വന്തമാക്കിയയാള്‍ അതു പൊളിക്കുന്ന കാഴ്ച കണ്ടപ്പോള്‍ മനസിനുള്ളില്‍ എവിടെയോ ഒരു വിങ്ങല്‍ പോലെ. അങ്ങനെ സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് താന്‍ ഈ വീട് വച്ചതെന്നും അവര്‍ പറഞ്ഞു. മദ്രാസിലേക്ക് പറന്നുപോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരുംപോലെ പണവും കൊണ്ടുവരും, വീണ്ടും പോകും, വരും. ഒടുവില്‍ താമസമായപ്പോഴോ സമാധാനമില്ല.. പിന്നെ ഒട്ടും ആലോചിച്ചില്ല. സ്‌നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നില്‍ക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നതെന്നും വീടിന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ ചേര്‍ത്തുള്ള വിഡിയോ പോസ്റ്റ് ചെയ്ത് ഭാഗ്യലക്ഷ്മി കുറിച്ചു.
Summary: Dubbing artist Bhagyalakshmi shares the pain of seeing the dream home built with life's handwork being demolished in front of her eyes.