Entertainment
പഴയ സിനിമകൾ വാപ്പച്ചി വീണ്ടും കാണും, ഇന്നാണെങ്കിൽ ഈ കഥാപാത്രത്തെ ഇങ്ങനെ ചെയ്യില്ലെന്ന് പറയും- ദുൽഖർ സൽമാൻ
Entertainment

പഴയ സിനിമകൾ വാപ്പച്ചി വീണ്ടും കാണും, ഇന്നാണെങ്കിൽ ഈ കഥാപാത്രത്തെ ഇങ്ങനെ ചെയ്യില്ലെന്ന് പറയും- ദുൽഖർ സൽമാൻ

Web Desk
|
19 Aug 2023 2:03 PM GMT

"പഴയ സിനിമകൾ കണ്ട് വാപ്പച്ചി ഓർമകൾ അയവിറക്കുന്നതാകാം, എനിക്കും അതുപോലെ എന്റെ സിനിമകൾ കാണണം" ദുൽഖർ പറയുന്നു

തന്റെ സിനിമകൾ വീണ്ടും കാണുന്ന ശീലം തനിക്കില്ലെന്ന് ദുൽഖർ സൽമാൻ. എന്നാൽ മമ്മൂട്ടി അങ്ങനെയല്ലെന്നും എണ്‍പതുകളിലെ സിനിമകൾ വീണ്ടും കാണാറുണ്ടെന്നും ഇന്നാണ് ഈ കഥാപാത്രം ചെയ്യുന്നതെങ്കിൽ ഇങ്ങനെയാകില്ലെന്ന് പറയാറുണ്ടെന്നും താരം പറയുന്നു. പുതിയ ചിത്രമായ കിങ് ഓഫ് കൊത്ത പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദുൽഖറിന്റെ പരാമർശം.

'എന്റെ സിനിമകള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കാറില്ല. ഒട്ടുമിക്ക അഭിനേതാക്കളും അങ്ങനെയാണെന്നാണ് തോന്നുന്നത്. കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നല്ലോ, വ്യത്യസ്തമാക്കാമായിരുന്നല്ലോ എന്നൊക്കെ തോന്നും. ഷൂട്ടിന്റെ സമയത്ത് ചിലപ്പോള്‍ സംവിധായകർ നിര്‍ദേശങ്ങള്‍ നല്‍കും. ഞങ്ങള്‍ ചില മെച്ചപ്പെടുത്തലുകൾ നടത്തും. അത് കഴിഞ്ഞ് തിരികെ എത്തുമ്പോഴായിരിക്കും ഇത് ഇങ്ങനെ ചെയ്യാമായിരുന്നല്ലോ എന്ന ചിന്ത വരുന്നത്' ദുൽഖർ പറയുന്നു.

'സ്വന്തം സിനിമ വാപ്പച്ചി ഇഷ്ടപ്പെടുന്നുണ്ടോ എന്നറിയില്ല, പക്ഷെ എണ്‍പതുകളിലെ സിനിമകൾ യൂട്യൂബിൽ കാണുന്നത് കണ്ടിട്ടുണ്ട്. അന്നത്തെ ഓര്‍മകളൊക്കെ അയവിറക്കുന്നതാവാം. ഇന്നാണെങ്കില്‍ ഞാന്‍ ഈ കഥാപാത്രത്തെ അങ്ങനെ ചെയ്‌തേക്കില്ല എന്ന് വാപ്പച്ചി പറയും. അങ്ങനെ ചെയ്യുന്നത് നല്ല കാര്യമാണ്. എനിക്കും അതുപോലെ എന്റെ സിനിമകള്‍ കാണണം' ദുൽഖർ കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 24നാണ് ദുൽഖറിന്റെ പുതിയ ചിത്രം കിങ് ഓഫ് കൊത്ത തിയേറ്ററുകളിലെത്തുന്നത്. കേരളത്തിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് 20 ലക്ഷം കടന്നതായാണ് റിപ്പോർട്ട്. പല പ്രധാന തീയേറ്ററുകളിലും ബുക്കിങ് ഇനിയും ആരംഭിക്കാനിരിക്കെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. നവാഗത സംവിധായകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിദാനം ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, നൈല ഉഷ, ഷമ്മി തിലകൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Similar Posts