Entertainment
എന്റെ താടി നരച്ചു, നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നു; വിവാഹ വാർഷികത്തിൽ കുറിപ്പുമായി ദുൽഖർ സൽമാൻ
Entertainment

'എന്റെ താടി നരച്ചു, നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നു'; വിവാഹ വാർഷികത്തിൽ കുറിപ്പുമായി ദുൽഖർ സൽമാൻ

Web Desk
|
23 Dec 2022 6:31 AM GMT

2011 ഡിസംബർ 22നായിരുന്നു ദുൽഖർ-അമാൽ വിവാഹം

കൊച്ചി: മലയാളികളുടെ ഇഷ്ടതാരമാണ് ദുൽഖർ സൽമാൻ. ദുൽഖറിനൊപ്പം ഭാര്യ അമാൽ സൂഫിയയും ഇവരുടെ മകൾ മറിയം അമീറയും എല്ലാവർക്കും പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ ദിവസമാണ് ദുൽഖറും അമാലും 11-ാം വിവാഹവാർഷികം ആഘോഷിച്ചത്.

വിവാഹവാർഷികത്തിന്റെ ഭാഗമായി ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വളരെ വൈകിപ്പോയ പോസ്‌റ്റെന്നു പറഞ്ഞാണ് താരം കുറിപ്പിട്ടത്. അമാലിനൊപ്പമുള്ള പ്രിയപ്പെട്ട ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

'സന്തോഷം നിറഞ്ഞ 11 വർഷങ്ങൾ! ഈ സമയമെല്ലാം എങ്ങോട്ടാണ് പോയതെന്ന് അറിയില്ല. എന്റെ താടി നരച്ചു. നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നു. നമ്മൾ സ്വന്തമായൊരു വീട് വാങ്ങി. ഈ നാഴികക്കല്ലുകളെല്ലാം തിരിഞ്ഞുനോക്കിയപ്പോൾ ഒരുവേള അതു മറ്റാരുടേതാണെന്നു തോന്നി.'-ദുൽഖർ കുറിച്ചു.

നമ്മൾ ഇവിടം വരെയെത്തിയിരിക്കുന്നു; നമ്മുടേതായ കഥകളെഴുതി. ഇനിയും കൂടുതൽ വരട്ടെയെന്നും താരം കൂട്ടിച്ചേർത്തു. 2011 ഡിസംബർ 22നായിരുന്നു ദുൽഖറിന്റെയും അമാലിൻരെയും വിവാഹം.

മലയാളത്തിനു പുറമെ തെലുങ്ക്, ഹിന്ദി അടക്കം വിവിധ ഭാഷകളിലായി ദുൽഖർ നിറഞ്ഞുനിന്ന വർഷംകൂടിയാണ് കടന്നുപോകുന്നത്. തെലുങ്കിൽ വമ്പൻ ഹിറ്റായ സീതാരാമത്തിൽ മൃണാൽ താക്കൂറും രശ്മിക മന്ദാനയും അടക്കമുള്ള വൻ താരനിരയുമുണ്ടായിരുന്നു. ആർ. ബൽകിയുടെ സൈക്കോളജിക്കൽ ത്രില്ലർ 'ഛുപ്' ആയിരുന്നു ദുൽഖർ പ്രധാന വേഷത്തിലെത്തിയ ഹിന്ദി ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിങ് ഓഫ് കൊത്ത'യാണ് വരാനിരിക്കുന്ന ചിത്രം. 'ഗൺസ് ആൻഡ് ഗുലാബ്‌സ്'ലൂടെ വെബ്‌സീരീസിലും അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് താരം. നെറ്റ്ഫ്‌ളിക്‌സിലാണ് വെബ്‌സീരീസ് എത്തുന്നത്.

Summary: Dulquer Salmaan celebrates 11 years of marriage with Amal Sufiya and shares heart touching write-up in social media

Similar Posts