Entertainment
ഗുരുതര രോഗം ബാധിച്ച് സർജറിക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകള്‍ക്ക് ലക്ഷങ്ങളുടെ സഹായ ഹസ്തവുമായി ദുൽഖർ സൽമാൻ
Entertainment

ഗുരുതര രോഗം ബാധിച്ച് സർജറിക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകള്‍ക്ക് ലക്ഷങ്ങളുടെ സഹായ ഹസ്തവുമായി ദുൽഖർ സൽമാൻ

Web Desk
|
14 Nov 2022 12:49 PM GMT

ആസ്റ്ററുമായി ചേര്‍ന്ന് 'വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്'പദ്ധതിക്ക് തുടക്കം കുറിച്ചു

ഗുരുതരമായ അസുഖം ബാധിച്ച് ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകൾക്ക് ലക്ഷങ്ങളുടെ സഹായഹസ്തവുമായി മലയാളത്തിന്റെ സൂപ്പർ താരം ദുൽഖർ സൽമാൻ. വൃക്ക, കരൾ, ഹൃദയം ഉൾപ്പെടെ ഗുരുതര രോഗം ബാധിച്ച് സർജറിക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകളുടെ കുടംബത്തിനാണ് ദുൽഖർ സൽമാന്റെ സഹായം. ദുൽഖർ സൽമാൻ ഫാമിലിയുടെ നേതൃത്വത്തിൽ ആസ്റ്റർ മെഡിസിറ്റി, കൈറ്റ്‌സ് ഫൗണ്ടേഷൻ, വേഫെറർ ഫിലിംസ് എന്നിവർ കൈകോർത്ത് 'വേഫെറേഴ്‌സ് ട്രീ ഓഫ് ലൈഫ്' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വേഫെറർ ഫിലിംസ് പ്രതിനിധി ബിബിൻ, ആസ്റ്റർ മെഡിസിറ്റിയിലെ മീഡിയ റിലേഷൻസ് ഡെപ്യൂട്ടി മാനേജർ ശരത്ത് കുമാർ ടി.എസ്, മെഡിക്കൽ സർവീസസ് ഡെപ്യൂട്ടി ചീഫ് ഡോ. രോഹിത് പി.വി നായർ, കൈറ്റ്സ് ഫൗണ്ടേഷൻ പ്രതിനിധികളായ അജ്മൽ, ക്ലാരെ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നടത്തി.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ നൂറ് കുഞ്ഞുങ്ങൾക്കായിരിക്കും പദ്ധതിയിലൂടെ സഹായം ലഭിക്കുക. ഓരോ സർജറിക്കും ഇരുപത് ലക്ഷമോ അതിലധികമോ ചെലവാണ് വരിക. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. ഇത് തിരിച്ചറിഞ്ഞാണ് സഹായവുമായി ദുൽഖർ സൽമാൻ ഫാമിലി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ dqfamily.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. സൈറ്റിൽ കയറി രജിസ്റ്റർ ചെയ്ത ശേഷം ഫോം പൂരിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 8138000933, 8138000934, 8138000935 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

കലാപരമായി കഴിവുണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ ഒരു വേദി പോലും ലഭിക്കാത്തതും അവഗണിക്കപ്പെടുന്നതുമായ കലാകാരന്മാർക്കായി ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആരംഭിച്ചതാണ് ദുൽഖർ സൽമാൻ ഫാമിലി. ഇതിന്റെ ഭാഗമായി പതിനായിരം കലാകാരന്മാർക്ക് അംഗത്വം നൽകുന്ന പദ്ധതി തുടങ്ങിയിരുന്നു. ഇത് കൂടാതെ ചാരിറ്റി പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി പ്രാധാന്യം നൽകുന്നുണ്ട്.

Related Tags :
Similar Posts