ദൈവവിശ്വാസിയാണ് ഞാന്‍; മതനിഷ്ഠയില്‍ മിതവാദിയും-ദുല്‍ഖര്‍ സല്‍മാന്‍
|''അമാലിനെ കണ്ട ശേഷം ഫേസ്ബുക്കില്‍ അങ്ങോട്ട് മെസേജ് അയക്കുകയാണ് ചെയ്തത്. കല്യാണകാര്യം സംസാരിക്കാനായി കാപ്പി കുടിക്കാന്‍ ക്ഷണിച്ചു.''
കോഴിക്കോട്: ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നും മതവിശ്വാസത്തിന്റെ കാര്യത്തിൽ മിതവാദിയാണെന്നും നടൻ ദുൽഖർ സൽമാൻ. എന്നാലും, ചില ലക്ഷണങ്ങൾ നോക്കാറുണ്ടെന്നും മൂന്ന് എന്ന സംഖ്യയ്ക്ക് എന്റെ ജീവിതവുമായി എന്തോ ബന്ധമുണ്ടെന്നു തോന്നാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
'ഹ്യൂമൻസ് ഓഫ് ബോംബൈ' എന്ന യൂട്യൂബ് ചാനലിനു നൽകി അഭിമുഖത്തിലാണ് ദുൽഖർ വിശ്വാസം, വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചെല്ലാം മനസ്സുതുറന്നത്. ''ചെറിയ പ്രായത്തിൽ ജീവിതത്തിൽ സുരക്ഷിതത്വം ആഗ്രഹിക്കുന്നവരാകും എല്ലാവരും. കരിയറും ജീവിതപങ്കാളിയെയുമെല്ലാം അന്വേഷിക്കുന്നത് അപ്പോഴാണ്. വീട്ടിൽ സമാധാനവും കുടുംബത്തിന്റെ ആരോഗ്യവുമെല്ലാം ആഗ്രഹിക്കുന്ന സമയമാകും. ഇതെല്ലാം എങ്ങനെ ആരോഗ്യപരമായി കൈകാര്യം ചെയ്യാമെന്നാണു ഞാൻ വായിക്കുന്ന പുസ്തകങ്ങളിലും തേടിക്കൊണ്ടിരിക്കുന്ന ജ്ഞാനങ്ങളിലുമെല്ലാം തിരയാറുള്ളത്. ഇതോടൊപ്പം നമ്മുടെ മാനസികാരോഗ്യവും സമാധാനവുമെല്ലാം നിലനിർത്താനായാണ് ഇതിനെയെല്ലാം ഉപയോഗിക്കുന്നത്.''-താരം പറഞ്ഞു.
''വിശ്വാസിയാണ് ഞാൻ. ദൈവത്തിൽ വിശ്വസിക്കുന്നുണ്ട്. മതവിശ്വാസത്തിലും മിതവാദിയാണ്. എന്നാലും ലക്ഷണങ്ങൾ നോക്കാറുണ്ട്. മൂന്നാം നമ്പറുമായി എനിക്ക് എന്തോ ബന്ധമുണ്ടെന്ന തോന്നലുണ്ട്. എന്റെ ജീവിതത്തിൽ സംഭവിക്കുന്നതിലെല്ലാം മൂന്നിനു ബന്ധമുണ്ട്.
ഞാനും ഭാര്യയും ഒരേ സ്‌കൂളിലായിരുന്നു. അവൾ എന്റെ ജൂനിയറായിരുന്നു. ഞാൻ 12ലായിരുന്ന സമയത്ത് അവൾ ഏഴിലോ മറ്റോ ആയിരുന്നു. പോണിടെയ്‌ലൊക്കെയായി ചെറിയൊരു കുട്ടിയായിരുന്നു. അതുകൊണ്ട് അന്ന് അവളെ അങ്ങനെ നോക്കുന്നത് തെറ്റല്ലേ..''
വർഷങ്ങൾക്കുശേഷമാണ് ആദ്യത്തെ ചിത്രം സംഭവിക്കുന്നതും ഭാര്യ അമാൽ സൂഫിയയെ കണ്ടെത്തുന്നതുമെല്ലാമെന്നും ദുൽഖർ വെളിപ്പെടുത്തി. ''രണ്ടും ഒരേ വർഷമായിരുന്നു. അന്ന് മൂന്നു തവണയാണ് ഞാൻ അവളെ കണ്ടത്. ഞങ്ങൾ രണ്ടുപേരും ചെന്നൈയിലായിരുന്നിട്ടും ഇതവരെയും കണ്ടിരുന്നില്ല. പക്ഷെ, ആ സമയത്ത് എന്തിനാണ് അവളിങ്ങനെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നുവെന്ന് ആലോചിക്കുകയായിരുന്നു.''
പിന്നീട് അവൾക്ക് ഫേസ്ബുക്കിൽ മെസേജ് അയക്കുകയാണ് ഞാൻ ചെയ്തത്. അതിങ്ങനെയായിരുന്നു: 'നിന്നെ അവർ(വീട്ടുകാർ) കല്യാണം കഴിപ്പിക്കാൻ നോക്കുന്നുണ്ടെന്ന് അറിയാം. എന്നെയും കല്യാണം കഴിപ്പിക്കാനുള്ള പരിപാടിയുണ്ട്. നമുക്കൊന്ന് കോഫി കുടിച്ച് ഇരുന്നാലോ? നമ്മൾ തമ്മിൽ ശരിയാകുമോ എന്നു നോക്കാല്ലോ..!? നടന്നില്ലെങ്കിൽ ഒരേ സ്‌കൂളുകാർ പിന്നീട് കണ്ടുമുട്ടിയ പോലെ അതങ്ങ് വിടാം..''
അങ്ങനെ അവൾ സമ്മതിക്കുകയും ചെയ്തു. അന്നു കാണാൻ പോകുമ്പോഴേ ഞാൻ തീരുമാനിച്ചിരുന്നു. അവൾ എന്താകും ചിന്തിക്കുക എന്ന് അറിയില്ലായിരുന്നു. കാരണം ഞാനൊരു നടനൊന്നുമായിരുന്നില്ലല്ലോ അന്ന്. താനൊരു അഭിഭാഷകനെയാണ് വിവാഹം കഴിച്ചതെന്നും അന്ന് വാപ്പച്ചി നടനായിരുന്നെങ്കിൽ വിവാഹം കഴിക്കുമായിരുന്നില്ലെന്നും ഉമ്മ പറയാറുണ്ട്. അതുപോലെ അവളും എന്താണ് ചിന്തിക്കുകയെന്ന് അറിയുമായിരുന്നില്ല. സിനിമയുമായി ഒരു ബന്ധമില്ലാത്ത ഒരു കുടുംബമായിരുന്നു അവളുടേത്. പക്ഷെ അവൾ എല്ലാം സമ്മതിക്കുകയാണു ചെയ്തത്. ചെറിയ പ്രായത്തിൽ തന്നെ വിവാഹം നടന്നെങ്കിലും എല്ലാം നല്ല രീതിയിൽ തന്നെ അവൾ കൈകാര്യം ചെയ്‌തെന്നും ദുൽഖർ പറഞ്ഞു.
അഭിപ്രായങ്ങളൊക്കെ തേടാറുള്ളത് വാപ്പച്ചിയോടാണെന്നും താരം വെളിപ്പെടുത്തി. അതൊരു ഉപദേശമായല്ല. മോശം ദിവസങ്ങളിലും ഏതു തിരഞ്ഞെടുക്കുമെന്ന ആശയക്കുഴപ്പമുണ്ടാകുമ്പോഴെല്ലാം അദ്ദേഹത്തോട് ചോദിക്കും. പുള്ളിയും അങ്ങനെത്തന്നെയാണ്. ഇത്തരം ഘട്ടങ്ങളിൽ എന്നോട് ചോദിക്കും. ചില കഥകളൊക്കെ കേട്ടുകഴിഞ്ഞാൽ അതേക്കുറിച്ചു പറയും. എന്നിട്ട് എന്റെ അഭിപ്രായം തേടാറുണ്ടെന്നും ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു.
Summary: Dulquer Salmaan says he is ‘moderately religious’ and believes in the God