Entertainment
Sex Allegation Complaint: Ishtiwa Babu Resigns As Ambassador Of Cleanliness Mission, latest news malayalam ലൈംഗികാരോപണ പരാതി: ശുചിത്വമിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് ഇടവേളബാബു
Entertainment

തിയറ്റര്‍ മേഖല വളരെ കഷ്ടത്തില്‍, ആത്മഹത്യകളുടെ എണ്ണം കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണം: ഇടവേള ബാബു

Web Desk
|
10 Oct 2021 5:45 AM GMT

മുഖ്യമന്ത്രി നാളെ വിളിച്ച യോഗത്തിൽ ചില ആവശ്യങ്ങൾ മുന്നോട്ടുവെക്കും.

മുഴുവൻ തിയറ്ററുകളും തുറക്കണമെന്നാണ് ആഗ്രഹമെന്ന് താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. മുഖ്യമന്ത്രി നാളെ വിളിച്ച യോഗത്തിൽ ചില ആവശ്യങ്ങൾ മുന്നോട്ടുവെക്കും. തിയറ്റർ ഉടമകൾക്ക് കെഎസ്ഇബി ഫിക്സഡ് ചാർജിൽ ഇളവ് നൽകണമെന്നും ഇരട്ട നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെടും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ തിയറ്ററിൽ പ്രവേശനം അനുവദിക്കൂ എന്ന നിബന്ധനയിൽ താരസംഘടനയ്ക്ക് ആശങ്കയുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ അഭിപ്രായത്തോട് വിയോജിപ്പിച്ചില്ല. പക്ഷെ സാഹചര്യങ്ങള്‍ മറ്റൊന്നാണ്. തിയറ്റര്‍ മേഖല വളരെ കഷ്ടത്തിലാണ്. ആത്മഹത്യകളുടെ എണ്ണം കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണമെന്നും ഇടവേള ബാബു പറഞ്ഞു.

ഒക്ടോബര്‍ 25 ന് തിയറ്ററുകള്‍ തുറക്കും

ഈ മാസം 25 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഏപ്രിൽ 25നു അടച്ച തിയറ്ററുകൾ ആറ് മാസത്തിനു ശേഷമാണ് വീണ്ടും തുറക്കുന്നത്. അതേസമയം 50 ശതമാനം സീറ്റില്‍ മാത്രം പ്രവേശനമനുവദിച്ചാല്‍ റിലീസ് നഷ്ടമായിരിക്കുമെന്ന് അറിയിച്ച് മരക്കാര്‍, ആറാട്ട് അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ നേരത്തെ റിലീസില്‍ നിന്ന് പിന്മാറിയിരുന്നു.

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാറാണ്. ഈ മാസം 29നാണ് ചിത്രത്തിന്‍റെ റിലീസ്. പൃഥ്വിരാജ്, ഷീലു എബ്രഹാം, ജോജു ജോർജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിർമിക്കുന്നത്. സുവിന്‍ എസ് സോമശേഖരനാണ് തിരക്കഥ. എം. ജയചന്ദ്രനും രഞ്ജിൻ രാജും സംഗീത സംവിധാനം നിർവഹിച്ചിച്ചിരിക്കുന്ന സ്റ്റാറിന്റെ പശ്ചാത്തല സംഗീതം വില്യം ഫ്രാൻസിസാണ്.

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാവല്‍'. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ ദൃശ്യവൽക്കരിക്കുന്ന ആക്ഷൻ ഫാമിലി ഡ്രാമ ചിത്രം നവംബർ 25ന് തിയറ്ററുകളിലെത്തും. ഗുഡ് വിൽ എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രഞ്ജി പണിക്കര്‍,ശങ്കര്‍ രാമകൃഷ്ണന്‍,സുരേഷ് കൃഷ്ണ,പത്മരാജ് രതീഷ്,ശ്രീജിത്ത് രവി,സാദ്ദിഖ്,രാജേഷ് ശർമ്മ,സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കര്‍ ആണ്.

ആന്‍റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'അജഗജാന്തരം' ആണ് മറ്റൊരു ചിത്രം. സിനിമാ തിയറ്ററുകള്‍ തുറക്കുന്നുവെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമാണിത്. ചിത്രം ഈ മാസം 29ന് ദിനങ്ങളില്‍ റിലീസ് ചെയ്യുമെന്നും 300ല്‍ പരം തിയറ്ററുകളില്‍ എത്തിക്കുമെന്നും അണിയറക്കാര്‍ അറിയിച്ചു. 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം. ചെമ്പന്‍ വിനോദ്, അര്‍ജ്ജുന്‍ അശോകന്‍, സാബുമോന്‍, സുധി കോപ്പ, ലുക്ക്മാന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ എഴുതി അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്‍റെ വഴി. കുഞ്ചാക്കോ ബോബന്‍, ചിന്നു ചാന്ദിനി, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനോക്കള്‍. ചിത്രം നവംബര്‍ 19ന് തിയറ്ററുകളില്‍ എത്തും. നിസാം കാദിരിയാണ് എഡിറ്റിംഗ്. ആഷിക്ക് അബു, റിമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ്.

യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിഷന്‍ സി'. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന 'മിഷൻ-സി' എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക. ഒക്ടോബർ 29-ന് ഇന്ത്യയിലുടനീളം മേപ്പാടൻ ഫിലിംസ് ചിത്രം തിയേറ്ററികളിലെത്തിക്കും.

Related Tags :
Similar Posts