Entertainment
രണ്ടു ഭാര്യമാരും നാലു മക്കളുമുള്ള ഈജിപ്ഷ്യൻ ഗായകൻ വിവാഹാഭ്യർത്ഥന നടത്തി: നടി ഉർവശി റൗട്ടേല
Entertainment

രണ്ടു ഭാര്യമാരും നാലു മക്കളുമുള്ള ഈജിപ്ഷ്യൻ ഗായകൻ വിവാഹാഭ്യർത്ഥന നടത്തി: നടി ഉർവശി റൗട്ടേല

Web Desk
|
19 Aug 2022 1:19 PM GMT

ഈജിപ്ഷ്യൻ ഗായകനും നടനുമായ മുഹമ്മദ് റമദാനൊപ്പം റൗട്ടേല സംഗീത വീഡിയോ പുറത്തിറക്കിയിരുന്നു

മുംബൈ: ഒരുപാട് വിവാഹാലോചനകൾ വന്നിട്ടുണ്ടെന്നും ഒരു ഈജിപ്ഷ്യൻ ഗായകൻ തന്നെ പ്രപ്പോസ് ചെയ്തതാണ് ഏറ്റവും അരോചകമായി തോന്നിയതെന്നും ബോളിവുഡ് നടി ഉർവശി റൗട്ടേല. ആ സമയത്ത് അയാൾക്ക് രണ്ടു ഭാര്യമാരും നാലു മക്കളും ഉണ്ടായിരുന്നെന്നും നടി വെളിപ്പെടുത്തി. വിനോദ മാധ്യമമായ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവര്‍.

'ഒരുപാട് വിവാഹാലോചനകൾ കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ടു ഭാര്യമാരും നാലു മക്കളുമുള്ള ഒരു ഈജിപ്ഷ്യൻ ഗായകനായിരുന്നു ഒരിക്കൽ. അത്തരമൊരു തീരുമാനമെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദുബൈയിൽ വച്ചായിരുന്നു അത്.' - ഗായകന്റെ പേരു പറയാതെ നടി പറഞ്ഞു.

നേരത്തെ, ഈജിപ്ഷ്യൻ ഗായകനും നടനുമായ മുഹമ്മദ് റമദാനൊപ്പം റൗട്ടേല സംഗീത വീഡിയോ പുറത്തിറക്കിയിരുന്നു. നടിയുടെ അന്താരാഷ്ട്ര അരങ്ങേറ്റമായിരുന്നു അത്. വിഖ്യാത ഫാഷൻ ഡിസൈനർ ഡൊണറ്റെല്ല വെർസെയ്‌സ് ആണ് അന്ന് നടിയുടെ വസ്ത്രം ഡിസൈൻ ചെയ്തിരുന്നത്. വസ്ത്രത്തിനു മാത്രം 15 കോടി രൂപ ചെലവു വന്നു എന്നാണ് ഡി.എൻ.എ ഇന്ത്യ റിപ്പോർട്ടു ചെയ്തിരുന്നത്.

ഈയിടെ ക്രിക്കറ്റർ റിഷഭ് പന്തിനെതിരെ റൗട്ടേല ഉന്നയിച്ച ആരോപണങ്ങളും അതിനു പിന്നാലെയുണ്ടായ വാക്കു തർക്കങ്ങളും വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഹോട്ടൽ ലോബിയിൽ തന്നെ കാണാൻ റിഷഭ് പന്ത് പത്തു മണിക്കൂർ കാത്തുനിന്നെന്ന ഉർവശിയുടെ അവകാശവാദമാണ് വാഗ്വാദത്തിലേക്ക് നയിച്ചത്. നടിയുടെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് പന്ത് മറുപടി പറഞ്ഞത്. വില കുറഞ്ഞ ജനപ്രീതിക്ക് വേണ്ടി എന്തിനാണ് നുണ പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

കാത്തു നിൽക്കുക മാത്രമല്ല, തന്റെ ഫോണിൽ നിരവധി മിസ്ഡ് കോളുകൾ വന്നെന്നും നടി ഒരഭിമുഖത്തിൽ അവകാശപ്പെട്ടു. 'ഞാൻ വാരാണസിയിൽ ഷൂട്ടിലായിരുന്നു. അവിടെ നിന്ന് ഒരു ഷോക്കായി ഡൽഹിക്ക് പോകേണ്ടതുണ്ടായിരുന്നു. ന്യൂഡൽഹിയിൽ മുഴുവൻ ദിവസം ഷൂട്ടുണ്ടായിരുന്നു. പത്തു മണിക്കൂർ ഷൂട്ടിന് ശേഷമാണ് തിരിച്ചു പോന്നത്. ഒരുക്കത്തിനിടെ, മിസ്റ്റർ ആർ.പി വന്ന് ലോബിയിൽ എന്നെ കാത്തിരുന്നു. അദ്ദേഹത്തിന് എന്നെ കാണണമായിരുന്നു. എന്നാൽ ഞാൻ അത്രയും ക്ഷീണിതയായിരുന്നു.' - അവർ പറഞ്ഞു.

'വാർത്തകളിൽ നിറഞ്ഞു നിൽക്കാനും വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയും ചിലർ നുണ പറയുന്നത് കാണുമ്പോൾ കൗതുകം തോന്നുന്നു. പ്രശസ്തിക്കും പേരിനും വേണ്ടിയുള്ള ചിലരുടെ ദാഹം കാണുമ്പോൾ സങ്കടം വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ.' എന്നായിരുന്നു പന്തിന്റെ മറുപടി.

നേരത്തെ, താൻ റിഷഭ് പന്തുമായി പ്രണയത്തിലാണ് എന്ന് റൗട്ടേല അവകാശപ്പെട്ടിരുന്നു. എന്നാൽ പന്ത് അതു നിഷേധിക്കുകയായിരുന്നു. അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു. കാമുകി ഇഷ നേഗിക്കൊപ്പമുള്ള ചിത്രങ്ങളും പന്ത് പങ്കുവച്ചിരുന്നു.

Similar Posts