'എന്റെ ട്വിറ്റര്‍ അക്കൗണ്ട് തിരിച്ചുതരണം'; മസ്കിനോട് കങ്കണ
|'അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം', എന്ന സ്റ്റിക്കര്‍ കമന്റും കങ്കണ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്
സമൂഹമാധ്യമ കമ്പനിയായ ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ശതകോടീശ്വരൻ ഇലോൺ മസ്കിനോട് അക്കൗണ്ട് തിരിച്ചുതരണമെന്ന ആവശ്യവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിലെ ഇടത് ആഭിമുഖ്യമുള്ള സ്റ്റാഫുകളാണ് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതെന്ന് ഒരു ഉപയോക്താവ് കുറിച്ചിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് കങ്കണ ട്വിറ്റര്‍ അക്കൗണ്ട് തിരിച്ചുതരണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.
'അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം', എന്ന സ്റ്റിക്കര്‍ കമന്റും കങ്കണ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ട്വിറ്ററിലെ സുഹൃത്തുക്കളെ 'മിസ്' ചെയ്യുന്നതായും കങ്കണ കുറിച്ചു. ട്വിറ്റർ വാങ്ങിയതിനു പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട ഇലോൺ മസ്കിന്റെ വാര്‍ത്ത പങ്കുവെച്ച് അതിന് 'കൈയ്യടിക്കുന്ന' സ്മൈലി ചേര്‍ത്ത് ഇന്‍സ്റ്റാഗ്രാം പോസ്റ്റും കങ്കണ പങ്കുവെച്ചിട്ടുണ്ട്. തുടര്‍ച്ചയായി നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം മെയിലാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്.
ട്വിറ്ററിന്റെ ചുമതലയേറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗർവാള്‍, കമ്പനി സി.എഫ്.ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെ മസ്ക് പിരിച്ചുവിട്ടതായി യു.എസ് മാധ്യമങ്ങളായ വാഷിങ്ടണ്‍ പോസ്റ്റും സി.എന്‍.ബി.സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്വിറ്റർ വാങ്ങുന്നതിനുള്ള കരാറിൽനിന്നും പിന്നോക്കം പോയ മസ്കിനെ കോടതിയിൽ നേരിട്ടത് പരാഗിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കോടതി നിർദേശിച്ചതു പ്രകാരം കരാർ നടപ്പാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് മസ്കിന്റെ നടപടികൾ.