Entertainment
എല്ലാവര്‍ക്കും തുല്യ അന്തസ്സും അഭിമാനവും, ഇതാണെൻ്റെ രാഷ്ട്രീയം; മുഹ്സിന്‍ പരാരി
Entertainment

'എല്ലാവര്‍ക്കും തുല്യ അന്തസ്സും അഭിമാനവും, ഇതാണെൻ്റെ രാഷ്ട്രീയം'; മുഹ്സിന്‍ പരാരി

ijas
|
2 Aug 2022 1:33 PM GMT

"സ്വകാര്യമായ ഇടത്തില്‍ എങ്ങനെ പെരുമാറുന്നുവെന്നത് ഒരാളുടെ രാഷ്ട്രീയ ബോധം തന്നെയാണ്. ഫേസ്ബുക്കില്‍ സ്റ്റാറ്റസിടുന്നതല്ല ഒരാളുടെ രാഷ്ട്രീയം. ഒരാളുടെ ജീവിതത്തില്‍ ആകെത്തുകയില്‍ കൊണ്ടു നടക്കുന്നതാണ് അയാളുടെ രാഷ്ട്രീയം"

എല്ലാവര്‍ക്കും തുല്യ അന്തസ്സും അഭിമാനവും എന്ന് പറയുന്ന 'സമ ഗമ, സമ ഗരിമയാണ്' തല്ലുമാലയിലൂടെ താന്‍ പറയുന്ന രാഷ്ട്രീയമെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിന്‍ പരാരി. അഹങ്കരിക്കുവാനുള്ള തുല്യമായ അവകാശം ലിംഗ, ജാതി, വര്‍ണ, മത, ദേശ, വംശ ഭേദ്യമന്യേ എല്ലാവര്‍ക്കും തുല്യമായിരിക്കണമെന്നും ഈ രാഷ്ട്രീയം തനിക്കുണ്ടെന്നും മുഹ്സിന്‍ പരാരി പറഞ്ഞു. റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ സൃഷ്ടികളിലെ രാഷ്ട്രീയ ഉള്ളടക്കത്തെ കുറിച്ച് മുഹ്സിന്‍ വിശദീകരിച്ചത്.

ആദ്യ സിനിമയായ കെ.എല്‍.ടെന്‍ പത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി പോസ്റ്ററില്‍ കൊടുത്ത 'മഴ മയയുടെ പര്യായം മാത്രമാണ്' എന്നതും തന്‍റെ പൊളിറ്റിക്കലായ ഒരു സ്ലോഗനാണെന്നും മുഹ്സിന്‍ വ്യക്തമാക്കി.

'തല്ലുമാലയില്‍ എന്‍റെ പൊളിറ്റിക്കല്‍ സ്ലോഗനുണ്ട്. അത് ഓളെ മെലഡി എന്ന പാട്ടിലാണ്. 'സമ ഗമ, സമ ഗരിമ', എന്നുള്ളതാണ്. രണ്ട് ഡയമന്‍ഷനിലാണത്, സമ ഗമ എന്നത് സൗന്ദര്യമാണ്. equal dignity, equal pride എന്നതാണത്. ഇനി കുറച്ചുകൂടി എന്‍റെ മുദ്രാവാക്യമെന്നത് അഹങ്കരിക്കുവാനുള്ള തുല്യ അവകാശം ലിംഗ, ജാതി, വര്‍ണ, മത, ദേശ, വംശ ഭേദ്യമന്യേ എല്ലാവര്‍ക്കും തുല്യമായിരിക്കണം'- മുഹ്സിന്‍ പറഞ്ഞു.

തന്‍റെ സൗന്ദര്യ ബോധവും രാഷ്ട്രീയ ബോധവും പരസ്പരം ഇഴ ചേര്‍ന്നതാണെന്നും രണ്ടും വേര്‍തിരിച്ചു കാണാന്‍ കഴിയില്ലെന്നും മുഹ്സിന്‍ വ്യക്തമാക്കി.

'രാഷ്ട്രീയ ബോധവും പ്രണയവും തമ്മില്‍ ബന്ധമുണ്ട്. സ്വകാര്യമായ ഇടത്തില്‍ എങ്ങനെ പെരുമാറുന്നുവെന്നത് ഒരാളുടെ രാഷ്ട്രീയ ബോധം തന്നെയാണ്. ഒറ്റക്ക് നില്‍ക്കുമ്പോള്‍ നിങ്ങളെങ്ങനെ പെരുമാറുന്നുവെന്നത് പോലും ഒരാളുടെ രാഷ്ട്രീയ ബോധമാണ്. ഫേസ്ബുക്കില്‍ സ്റ്റാറ്റസിടുന്നതല്ല ഒരാളുടെ രാഷ്ട്രീയം. ഒരാളുടെ ജീവിതത്തില്‍ ആകെത്തുകയില്‍ കൊണ്ടു നടക്കുന്നതാണ് അയാളുടെ രാഷ്ട്രീയം. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്', മുഹ്സിന്‍ പറഞ്ഞു.

കെ.എല്‍ ടെന്‍ പത്തിന് ശേഷം തീരുമാനിച്ച ചിത്രമാണ് തല്ലുമാലയെന്നും സമീര്‍ താഹിറാണ് ഈ ചിത്രത്തിന് ആദ്യം അഡ്വാന്‍സ് തരുന്നതെന്നും മുഹ്സിന്‍ പറഞ്ഞു. 2015 ഡിസംബറിലാണ് അഡ്വാന്‍സ് തരുന്നത്. 2016 തൊട്ട് ഇതിന്‍റെ ജോലികള്‍ ആരംഭിച്ചു. തല്ലുമാല റിലീസാവുന്നതോടു കൂടി ജീമെയിലിലെ മെമ്മറി ക്ലീന്‍ ചെയ്യും പോലെ തന്‍റെ തലച്ചോറില്‍ ഒരുപാട് സ്പേസ് കിട്ടുമെന്നും മുഹ്സിന്‍ പറഞ്ഞു.

തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നതില്‍ തിരക്കഥ എഴുതാനാണ് കൂടുതല്‍ സുഖമെന്നും പാട്ടെഴുതാനാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടതെന്നും മുഹ്സിന്‍ മനസ്സുതുറന്നു.

'പറ്റാത്ത പണി ചെയ്യും പോലെയാണ് പല പാട്ടുകളും എഴുതിയിട്ടുള്ളത്. തിരക്കഥ എന്നത് കാരക്ടറേഴ്സിനെ പരിചയപ്പെട്ടിട്ട് അതിന്‍റെ ബാക്ക് സ്റ്റോറിയും അവര് ശരിക്കുള്ള ആള്‍ക്കാരാണെന്ന് വിചാരിച്ച് അവരോട് കഥ പറഞ്ഞ് പിന്നെ അവരെ പരിചയമുള്ള ആള്‍ക്കാരാക്കി മാറ്റിയതിന് ശേഷം ഒരു സിറ്റുവേഷനിലേക്ക് പറഞ്ഞയക്കുകയാണ്. ആ ഒരു സ്വാതന്ത്രൃം ഉപയോഗിച്ചാണ് തിരക്കഥ ഒരുക്കുന്നത്', മുഹ്സിന്‍ പറഞ്ഞു.

മുഹ്സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവരുടെ തിരക്കഥയില്‍ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാല ഓഗസ്റ്റ് 12നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച ചിത്രത്തിന് ക്ലീന്‍ യു.എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.

ഇന്ദ്രന്‍സുമൊന്നിച്ചുള്ള ഒരു ആല്‍ബമാണ് മുഹ്സിന്‍റേതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്. നടനും തിരക്കഥാകൃത്തുമായ ചെമ്പന്‍ വിനോദ് ജോസും തമിഴ് റാപ്പര്‍ അറിവും ഒന്നിച്ചുള്ള ഒരു നിര്‍മാണ സംരംഭവും വരാനുണ്ടെന്നും മുഹ്സിന്‍ പറഞ്ഞു.

Similar Posts