Entertainment
നാടോടിക്കാറ്റിലെ ഗഫൂർ കാ ദോസ്ത്, വരവേൽപ്പിലെ ഹംസ, സന്ദേശത്തിലെ പൊതുവാൾ ജി...; മലയാളി ഏറ്റെടുത്ത സത്യൻ-മാമുക്കോയ കോമ്പോ
Entertainment

നാടോടിക്കാറ്റിലെ ഗഫൂർ കാ ദോസ്ത്, വരവേൽപ്പിലെ ഹംസ, സന്ദേശത്തിലെ 'പൊതുവാൾ ജി...; മലയാളി ഏറ്റെടുത്ത സത്യൻ-മാമുക്കോയ കോമ്പോ

Web Desk
|
26 April 2023 1:31 PM GMT

പൊന്മുട്ടയിടുന്ന താറാവ്, അർഥം, മഴവിൽക്കാവടി..ഗ്രാമാന്തരീക്ഷത്തിലെ ഒരു മുഖമായി അയാൾ സത്യന്റെ ഫ്രെയിമുകളിൽ നിറഞ്ഞാടി

ഗ്രാമീണതയുടെ വരമ്പുകളിൽ സത്യൻ അന്തിക്കാട് ചേർത്തു നടത്തിച്ച സുഹൃത്താണ് അരങ്ങൊഴിയുന്നത്. സത്യന്റെ ഫ്രെയിമുകളിലൂടെ മാമുക്കോയ അഭിനയിച്ചു ഫലിപ്പിച്ച പതിരില്ലാത്ത കഥാപാത്രങ്ങൾക്കും മരണമില്ല.

'മാമു തൊണ്ടിക്കോട്. നല്ല രസികൻ നാടകനടൻ'. സത്യൻ അന്തിക്കാടിനോട് ഉറ്റ ചങ്ങാതി ശ്രീനിവാസൻ പറഞ്ഞുതുടങ്ങി. ശ്രീനി അഭിനയത്തെ വിലയിരുത്തിയാൽ അത് വെറുതെയാവില്ലെന്ന് സത്യന് നന്നായി അറിയാം. പിന്നീട് കലാകാരന്മാരുടെ കോഴിക്കോട്ടെ ഈറ്റില്ലമായ മഹാറാണിയിൽ തുടങ്ങിയ യാത്രയിൽ. സത്യൻ മാമുവിനെ ചേർത്തുനിർത്തി. പിന്നെ നടന്നതെല്ലാം ചരിത്രം.

'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' എന്ന ചിത്രത്തിലെ അറബി മുൻഷിയെ ശ്രീനി ശ്രദ്ധിച്ചത് ഗാന്ധിനഗർ 'സെക്കൻഡ് സ്ട്രീറ്റിലെ' മോഹൻലാലിന്റെ ചങ്ങാതിയാക്കി.


സൻമനസ്സുള്ളവർക്ക് സമാധാനത്തിലെ' 'ഉമ്മർ' എന്ന കഥാപാത്രം. 'ശ്രീധരന്റെ ഒന്നാം തിരുമുറിവിലെ ' നാരായണനായിരുന്നു പിന്നീട്..ഒരു കഥാപാത്രത്തിന്റെ പേര് ഇത്രയേറെ ഉള്ളിലേക്ക് മലയാളി ഏടുത്തുകാണില്ല. അതായിരുന്നു നാടോടിക്കാറ്റിലെ 'ഗഫൂർ കാ ദോസ്ത്..' പിന്നെ സത്യൻ-മാമു കോമ്പോ മാജിക്കലായി.


പൊന്മുട്ടയിടുന്ന താറാവ്, അർഥം,മഴവിൽക്കാവടി..ഗ്രാമാന്തരീക്ഷത്തിലെ ഒരു മുഖമായി അയാൾ സത്യന്റെ ഫ്രെയിമുകളിൽ നിറഞ്ഞാടി. വരവേൽപ്പിലെ ഹംസ എന്ന സ്‌നേഹിതനെ നമ്മളും ആഗ്രഹിച്ചുപോകും. അടിത്തട്ടിലെ അനുഭവങ്ങളിൽ നിന്ന് ആ കൂട്ട് നെയ്തുതീർത്തത് ആർക്കും കെട്ടിപ്പടുക്കാനാവാത്ത അലയൊലികളാണ്. നന്മയുടെ, ചിരിയുടെ, സ്വാഭാവികതയുടെ, മറ്റൊരു പേരായി പിന്നീട് മാമുക്കോയ.


സന്ദേശത്തിലെ 'പൊതുവാൾ ജി'യിൽ തനി രാഷ്ട്രീയക്കാരനായി. കാലം കഴിയുന്തോറും വീര്യം കൂടിയ സൗഹൃദമായി അത് തഴച്ചുവളർന്നു. ഇന്നസെന്റ്, ശങ്കരാടി, കെപിഎസി ലളിത, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ താരങ്ങളുടെ വിയോഗത്തോടെ തന്റെ ജീവിതത്തിലെ ഒരു അധ്യായം തന്നെ കീറിക്കളയുകയാണെന്ന് സത്യൻ അന്തിക്കാട് പറയുമ്പോൾ നെഞ്ചിലെ നീറ്റൽ വ്യക്തമാണ്. ഒരു സഹപ്രവർത്തകനോടെന്നതിലുപരി സഹോദരനോടുള്ള അടങ്ങാത്ത സ്‌നേഹമാണ് ആ ഇടർച്ചയ്ക്ക് കാരണം. ആ കൂട്ടുകെട്ട് മായില്ല....



Similar Posts