ഒമര്‍ ലുലുവിന്റെ 'നല്ല സമയ'ത്തിനെതിരെ എക്സൈസ് കേസ്
|കോഴിക്കോട് റേഞ്ച് ഓഫീസ് സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചു.
കോഴിക്കോട്: ഒമര്‍ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' എന്ന സിനിമയുടെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തു. ലഹരി ഉപയോഗം പ്രോൽസാഹിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസ്. എക്സൈസ് കോഴിക്കോട് റേഞ്ച് ഓഫീസ് സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചു.
എംഡിഎംഎ ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ ട്രെയിലറിലുണ്ട് എന്നായിരുന്നു പരാതി. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പൊന്നും ട്രെയിലറില്‍ നല്‍കിയിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന നല്ല സമയത്തില്‍ ഇര്‍ഷാദ് അലിയാണ് നായകന്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിച്ച ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവഹിച്ചത്. ഒമർ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറിൽ കലന്തൂർ ആണ് നിര്‍മാണം. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.