നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ കവര്‍ച്ച; ആഡംബര വാച്ചുകളുള്‍പ്പെടെ മോഷണം പോയി
|നടി വ്യാഴാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ചെന്നൈ: നാടി പാര്‍വതിനായരുടെ ചെന്നൈ നുങ്കംപാക്കത്തുള്ള വീട്ടില്‍ വന്‍ മോഷണം നടന്നതായി റിപ്പോര്‍ട്ട്. ആഡംബര വാച്ചുകളുള്‍പ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. നടി വ്യാഴാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരാഴ്ചയോളം പാര്‍വതി സ്ഥലത്തില്ലായിരുന്നു. തിരികെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതായി കണ്ടെത്തിയത്. ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന വാച്ചുകൾ, 1.3 ലക്ഷം രൂപയുടെ ഹാൻഡ്‌സെറ്റ്, രണ്ട് ലക്ഷം രൂപയുടെ ലാപ്‌ടോപ് എന്നിവയാണ് മോഷണം പോയത്. വീട്ടുജോലിക്കാരനായ പുതുക്കോട്ട സ്വദേശി ബോസിനെ(33) ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടിയുടെ വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി.
2012ല്‍ വി.കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സിലൂടെ സിനിമയിലെത്തിയ താരമാണ് മോഡല്‍ കൂടിയായ പാര്‍വതി. തമിഴ്,കന്നഡ,ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് പതിപ്പ് നിമിറില്‍ അനുശ്രീയുടെ വേഷത്തിലെത്തിയത് പാര്‍വതിയായിരുന്നു. കമല്‍ഹാസനൊപ്പം ഉത്തമവില്ലന്‍, അജിത്തിന്‍റെ കൂടെ യെന്നെ അറിന്താല്‍, മോഹന്‍ലാലിനൊപ്പം നീരാളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 83 എന്ന ചിത്രത്തില്‍ സുനില്‍ ഗവാസ്കറുടെ ഭാര്യ മാർഷ്‌നൈൽ ഗവാസ്‌കറായി അഭിനയിച്ചത് പാര്‍വതിയായിരുന്നു.