Entertainment
Divya Spandana

ദിവ്യ സ്പന്ദന

Entertainment

നടി ദിവ്യ സ്പന്ദന മരിച്ചുവെന്ന് വ്യാജവാര്‍ത്ത

Web Desk
|
6 Sep 2023 7:35 AM GMT

ഒരു പ്രമുഖ പിആര്‍ഒ വാർത്ത ട്വീറ്റ് ചെയ്തെങ്കിലും പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു

ബെംഗളൂരു: തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന(രമ്യ) ഹൃദയാഘാതം മൂലം അന്തരിച്ചുവെന്ന് വ്യാജവാര്‍ത്ത. നിരവധി പേരാണ് നടിക്ക് സോഷ്യല്‍മീഡിയയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

ഒരു പ്രമുഖ പിആര്‍ഒ വാർത്ത ട്വീറ്റ് ചെയ്തെങ്കിലും പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ദിവ്യ മരിച്ചുവെന്ന വ്യാജവാര്‍ത്ത അതിവേഗം പ്രചരിച്ചു. ദിവ്യ സുഖമായിരിക്കുന്നുവെന്നും ജനീവയിലാണെന്നും വ്യാജവാര്‍ത്ത സംബന്ധിച്ച ഫോണ്‍കോളുകള്‍ വരുന്നതുവരെ സമാധാനമായി ഉറങ്ങുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകനായ നന്ദ ഫേസ്ബുക്കില്‍ കുറിച്ചു.

2012-ൽ ആണ് രമ്യ കോൺഗ്രസിൽ ചേരുന്നത്. 2013-ലെ ഉപതെരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് ജയിച്ച് പാർലമെന്‍റ് അംഗമായി. 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ അവർ വീണ്ടും മാണ്ഡ്യയിൽ നിന്ന് മത്സരിച്ചെങ്കിലും 5,500 വോട്ടുകൾക്ക് പരാജയപ്പെട്ടു. 2017 മേയിലാണ് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം ചുമതല രമ്യയിലേക്ക് എത്തുന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സോഷ്യൽ മീഡിയ പ്രചാരണത്തിന് താരം നേതൃത്വം നൽകുകയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തോൽവി വഴങ്ങിയതോടെ രമ്യ സ്ഥാനം രാജിവെച്ചിരുന്നു.

ബെംഗളൂരു സ്വദേശിനിയായ ദിവ്യ മികച്ചൊരു നടി കൂടിയാണ് കന്നഡ ചിത്രങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. തമിഴ്,തെലുഗ് ഭാഷകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൂര്യയുടെ നായികയായി അഭിനയിച്ച വാരണം ആയിരത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാരിന്‍റെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Similar Posts