'ഒച്ച ഫോട്ടോയിൽ കിട്ടൂല മിസ്റ്റർ....'; മറ്റാർക്ക് കഴിയും ഇങ്ങനെ, ഈ മനുഷ്യനല്ലാതെ...
|'എടോ കലാകാരന്മാർ തമ്മിൽ വർഗീയത പാടില്ല. മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനെയേ പറയുള്ളൂ...'
കോഴിക്കോട്: കോഴിക്കോടൻ ഭാഷയും സിനിമയും തമ്മിൽ കല്ലായി പുഴയിൽ നിന്നൊരു പാലമിട്ടിരുന്നു മാമുക്കോയ. ചന്തമുള്ള പുഴപോലെ ആ ശൈലിയും മലയാളിയുടെ സ്വന്തമായി. 'ഒച്ച ഫോട്ടോയിൽ കിട്ടൂല മിസ്റ്റർ....' എന്ന വടക്കുനോക്കി യന്ത്രം സിനിമയിലെ ഡയലോഗ് ഒരിക്കലെങ്കിലും പറയാത്ത മലയാളികളുണ്ടാകുമോ..പ്രത്യേകിച്ചും മൊബൈൽഫോണും സെൽഫിയുമെല്ലാം ഇത്രമേൽ പ്രചാരത്തിലുള്ള ഈ കാലത്ത്..
സ്വന്തം ഭാഷയായിരുന്നു മാമുക്കോയയ്ക്ക് സിനിമയും. കുതിരവട്ടുപപ്പുവിനെ പോലെ മാമുക്കോയയും. എണ്ണിയാൽ തീരാത്ത പറഞ്ഞാൽതീരാത്ത കഥാപാത്രങ്ങളിലൂടെ ചിരി പടർത്തിയ ഭാഷാ ശൈലി.
'ഞാനേ പോളിടെക്നിക്ക് ഒന്നും പഠിക്കാത്തതുകൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനം അറിയില്ല'...തലയണ മന്ത്രത്തിലെ ഈ ഡയലോഗ് കേട്ട് ചിരിക്കാത്തവർ ആരാണുള്ളത്. മാന്നാർ മത്തായി സ്പീക്കിങ്ങിലെ ബാലഷ്ണാ... ഇറങ്ങിവാടാ തൊരപ്പാ....,
മന്ത്രമോതിരത്തിൽ മഹർഷിയായി വേഷമിട്ട രംഗത്തെ ഡയലോഗുകൾ എത്ര കേട്ടാലും മതിവരില്ല...'പടച്ച തമ്പുരാനെ വണ്ടെന്ന് വച്ചാൽ എജ്ജാതി വണ്ട്', കുമാരാ നിനക്ക് ഈയിടെയായി അൽപം വർഗീയത കൂടുന്നുണ്ട്...എടോ കലാകാരന്മാർ തമ്മില് വർഗീയത പാടില്ല.മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനെയേ പറയുള്ളൂ...
'സന്ദേശ'ത്തിൽ ഇന്നസെന്റ് നാരിയൽ കാ പാനിയെന്ന് ചോദിക്കുമ്പോൾ' വിദ്യാഭ്യാസമുള്ള ഒരുത്തനും ഇല്ലേ നമ്മുടെ കൂട്ടത്തിൽ' എന്ന ഡയലോഗുകളൊക്കെ ഇന്നും ട്രോളൻമാരുടെ ഇഷ്ടഡയലോഗുകളിൽ ഒന്നാണ്... ഇല്ലത്തെ കാര്യസ്ഥനായി വേഷം കെട്ടി വന്ന് തമ്പുരാന്റെ മുന്നിലെത്തിയപ്പോൾ 'മാണ്ട' എന്നു പറയുന്നതും ചതിയൻകുളങ്ങര ദേവീക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയിലെ മേൽശാന്തി സുബ്രഹ്മണ്യ ശാസ്ത്രികൾ അലസാമു അലൈക്കും എന്നു പറയുന്നതുമെല്ലാം മാമുക്കോയക്ക് മാത്രമേ സാധിക്കൂ...
എന്തിനേറെ പറയുന്നു കോവിഡ് കാലത്ത് വീടിനുള്ളിൽ അടച്ചിട്ടിരുന്ന സമയത്ത് മാമുക്കോയയുടെ തഗുകൾ മാത്രം കോർത്തിണക്കി നിരവധി വീഡിയോകൾ പുറത്തിറക്കിയിരുന്നു. കോവിഡിന്റെ പിരിമുറുക്കത്തിലും മലയാളിയെ മൊത്തം ചിരിപ്പിച്ച വീഡിയോ ക്ലിപ്പുകളായിരുന്നു അത്...എത്രയോ വർഷം മുമ്പ് ഇറങ്ങിയ തന്റെ സിനിമയിലെ ഡയലോഗുകൾ മഹാമാരിക്കാലത്ത് ആളുകളെ ചിരിപ്പിച്ചു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്ന് പിന്നീട് മാമുക്കോയ തന്നെ പ്രതികരിച്ചിരുന്നു.
അതേ ഭാഷയിൽ കണ്ണീരിന്റെ നോവും ഹൃദയത്തിലേക്ക് പടർത്തി ആ അതുല്യ കലാകാരൻ..കമലിന്റെ പെരുമഴക്കാലം എന്ന സിനിമയിലെ അബ്ദു എന്ന കഥാപാത്രം അന്നുവരെ നമ്മൾ കണ്ടുവന്ന മമ്മൂക്കയായിരുന്നില്ല.. അത്രയും വൈകാരികമായി കാണുന്നവരുടെ കണ്ണ് നിറയിച്ചു മാമുക്കോയ അന്ന്...
മറ്റാർക്ക് കഴിയും ഇങ്ങനെ . ഈ മനുഷ്യനല്ലാതെ . ഒരു സീൻ മതി ആ ഒരു ശൈലി കൊണ്ട് മാത്രം നമ്മെ പിടിച്ചിരുത്താൻ.....