ഞങ്ങളെ നോക്കി ഇഡ്ഡലി ദോശ സാമ്പാർ എന്നു വിളിക്കുന്നത് ശരിയല്ല: ശ്രുതി ഹാസൻ
|"ഞങ്ങളെ അനുകരിക്കുന്നതിനെ തമാശയായി കാണരുത്"
ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരങ്ങൾക്കെതിരെയുള്ള വംശീയാധിക്ഷേപങ്ങൾ ചോദ്യം ചെയ്ത് നടി ശ്രുതി ഹാസൻ. ഇൻസ്റ്റഗ്രാമിലെ ആസ്‌ക് മി എനിതിങ് എന്ന പരിപാടിക്കിടെയാണ് ശ്രുതിയുടെ പ്രതികരണം. തമിഴ് ചുവയിൽ എന്തെങ്കിലും സംസാരിക്കാമോ എന്ന ആരാധകന്റെ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്.
'ശരി, ഇത്തരത്തിലുള്ള സൂക്ഷ്മ വംശീയത ശരിയല്ല. ഞങ്ങളെ നോക്കുമ്പോൾ ഇഡലി ദോശ സാമ്പാർ എന്നു പറയുന്നതും തമാശയല്ല. ഞങ്ങളെ അനുകരിക്കുന്നതിനെ തമാശയായി കാണരുത്'- ശ്രുതി പറഞ്ഞു.
നേരത്തെ, ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹപൂർവ്വ ആഘോഷത്തിനിടെ ഷാരൂഖ് ഖാൻ തെലുങ്ക് താരം രാംചരണിനോട് അപമര്യാദയായി പെരുമാറിയത് ചർച്ചയായിരുന്നു. രാംചരണിനെ നൃത്തം ചെയ്യാനായി ക്ഷണിച്ച വേളയിൽ ഇഡലി, വട രാംചരൺ നിങ്ങൾ എവിടെയാണ് എന്ന് ഷാരൂഖ് ചോദിച്ചെന്ന് നടന്റെ മേക്കപ്പ് ആർടിസ്റ്റ് സെബ ഹസ്സൻ വെളിപ്പെടുത്തിയിരുന്നു.
പങ്കാളി ശന്തനു ഹസാരികയുമായി വേർപിരിഞ്ഞെന്ന് ആസ്‌ക് മി എനിത്തിങ്ങിൽ ശ്രുതി വ്യക്തമാക്കി. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് 'ഇത്തരം ചോദ്യങ്ങൾ ഞാൻ ആസ്വദിക്കുന്നില്ല. എന്നാൽ ഞാൻ ഒറ്റയ്ക്കാണ്. മറ്റുള്ളവരുമായി കൂട്ടുകൂടാൻ ആഗ്രഹിക്കുന്നു. ജോലി ചെയ്ത് എന്റെ ജീവിതം ആസ്വദിക്കുന്നു. പോരേ?' - എന്നായിരുന്നു നടിയുടെ പ്രതികരണം.
പ്രഭാസ് നായകനായ സാലാർ പാർട് 1 സീസ്ഫയർ എന്ന സിനിമയാണ് ശ്രുതിയുടേതായി അവസാനം തിയേറ്ററിലെത്തിയത്. സാലാർ പാർട് 2- ശൗര്യപർവം, ചെന്നൈ സ്റ്റോറി എന്നിവയാണ് അടുത്ത സിനിമകൾ.