Entertainment
കഴിഞ്ഞ ആശുറാ ദിനത്തിൽ നോമ്പെടുത്തിരുന്നു; പക്ഷെ മതം മാറിയിട്ടില്ല-പ്രിയാമണി
Entertainment

കഴിഞ്ഞ ആശുറാ ദിനത്തിൽ നോമ്പെടുത്തിരുന്നു; പക്ഷെ മതം മാറിയിട്ടില്ല-പ്രിയാമണി

Web Desk
|
25 Aug 2023 10:58 AM GMT

''സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇടയിലാണു ഞാനും മുസ്തഫയും ആദ്യമായി കണ്ടുമുട്ടുന്നത്. സി.സി.എൽ അദ്ദേഹത്തിന്റെ ആശയമായിരുന്നു.''

കോഴിക്കോട്: 'ലൗജിഹാദ്' ആരോപണങ്ങളെ തള്ളി നടി പ്രിയാമണി. ഭർത്താവ് മുസ്‌ലിമാണെങ്കിലും താൻ ഇപ്പോഴും ഹിന്ദു തന്നെയാണെന്ന് അവർ പറഞ്ഞു. അതേസമയം, സ്വന്തം താൽപര്യപ്രകാരം നോമ്പെടുക്കാറുണ്ടെന്നും പ്രിയാമണി വെളിപ്പെടുത്തി.

ഒരു തെലുഗ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് പ്രിയാമണി വിശ്വാസത്തെക്കുറിച്ചും ഭർത്താവ് മുസ്തഫയുമായുള്ള പ്രണയത്തെക്കുറിച്ചുമെല്ലാം വെളിപ്പെടുത്തിയത്. ''അപൂർവമായി ഞാൻ നോമ്പെടുത്തിട്ടുണ്ട്. പൊതുവെ എനിക്ക് അതിൽ വിശ്വാസമില്ലെങ്കിലും അൽപംമുൻപ് ഒരു ദിവസം പൂർണമായി ഞാൻ നോമ്പുനോറ്റു. ആശുറാ(ഇസ്‌ലാമിക വിശ്വാസപ്രകാരം വിശിഷ്ട ദിനങ്ങളിലൊന്ന്) ദിനത്തിലായിരുന്നു അത്. ഭർത്താവും കുടുംബവും അന്ന് നോമ്പെടുക്കുന്നുണ്ടായിരുന്നു.''-അവർ പറഞ്ഞു.

''ഞാൻ ഇപ്പോഴും ഹിന്ദു തന്നെയാണെന്നും മതം മാറിയിട്ടില്ലെന്നും ഇതോടൊപ്പം അറിയിക്കുന്നു. പക്ഷെ, നോമ്പിന്റെ ആശയം എനിക്ക് ഇഷ്ടപ്പെട്ടു. മൗലാനാ ഹുസൈൻ(പ്രവാചകന്റെ പൗത്രൻ) രക്തസാക്ഷിയായ ദിവസമായിരുന്നു അത്. അതുകൊണ്ട് തങ്ങൾ നോമ്പെടുക്കുകയാണെന്നു ഭർത്താവ് പറഞ്ഞപ്പോൾ ഞാനും എടുത്തോട്ടേ എന്നു ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അന്നു വൈകീട്ട് 4.30യ്ക്ക് ഗ്രീൻ ടീയും പഴങ്ങളും കഴിച്ചാണ് ഞാൻ നോമ്പുതുറന്നത്. പിന്നീട് മഗ്രിബിനുശേഷം ഏഴു മണിയോടെയാണ് ഇഡ്ഡലിയോ അങ്ങനെ എന്തോ ഭക്ഷണം കഴിക്കുന്നത്. നോമ്പെടുക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. നോമ്പെടുക്കുന്ന ലോകത്തെങ്ങുമുള്ള മുസ്‌ലിംകളോട് എനിക്ക് ആദരവുമുണ്ട്.''

താൻ മുസ്തഫയെ അങ്ങോട്ട് പ്രപോസ് ചെയ്യുകയായിരുന്നുവെന്നും പ്രിയാമണി വെളിപ്പെടുത്തി. എന്നാൽ, വിവാഹം കഴിക്കാനുള്ള തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു. പലതവണ നേരിൽകണ്ട ശേഷമാണ് ഇയാൾ എനിക്കു പറ്റിയ ആളാണെന്ന് മനസിൽ തോന്നുന്നത്. മാനസികമായും ശാരീരികമായുമെല്ലാം എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുമായിരുന്നു അദ്ദേഹം. ഞാൻ 'ഓക്കെ' അല്ലേ എന്ന് എപ്പോഴും ചോദിക്കും. ഈ ബന്ധത്തിന്റെ തുടക്കം മുതൽ ഇപ്പോഴും അദ്ദേഹം മെസേജ് അയച്ച് എന്റെ ആരോഗ്യവിവരം തിരക്കും. ഭക്ഷണം കഴിച്ചോയെന്നു ചോദിക്കും. അത് എനിക്കു വലിയ കാര്യമായിരുന്നു. ഞാൻ കഴിക്കുന്നില്ലേ, അസുഖം വല്ലതുമുണ്ടോ, സുഖം തന്നയല്ലേ എന്നെല്ലാം നോക്കുന്ന ഒരാളുണ്ടാകുന്നതു വലിയ കാര്യം തന്നെയാണെന്നും അവർ പറഞ്ഞു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്(സി.സി.എൽ) ഇടയിലാണു രണ്ടുപേരും ആദ്യമായി കണ്ടുമുട്ടുന്നതെന്നും പ്രിയ വെളിപ്പെടുത്തി. ''ബാംഗ്ലൂരുവിൽ വച്ചായിരുന്നു അത്. ബംഗാൾ-കർണാടക മത്സരമായിരുന്നു അത്. അദ്ദേഹമായിരുന്നു സി.സി.എല്ലിനു പിന്നിലുള്ള തലച്ചോർ. അദ്ദേഹത്തിന്റെ ആശയമായിരുന്നു അത്. ക്രിക്കറ്റും സിനിമയുമാണ് ഇന്ത്യയിലെ വലിയ രണ്ട് സംഭവം. രണ്ടിനെയും ഒന്നിച്ചുകൊണ്ടുവന്നാൽ എങ്ങനെയുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആലോചന. നടന്മാരെയും താരങ്ങളെയും ഒരിടത്ത് എത്തിച്ചാൽ എങ്ങനെയുണ്ടാകുമെന്നായിരുന്നു ചിന്ത''

ബംഗളൂരുവിൽ കണ്ടപ്പോൾ 'ഹായ്, ഹലോ' ബന്ധമായിരുന്നുവെങ്കിലും ഹൈദരാബാദിൽ വച്ചാണ് സംസാരിക്കാൻ തുടങ്ങുന്നത്. ഹൈദരാബാദിലെ ഹോട്ടലുകളിൽ സ്ഥിരമായി കോഫി കുടിക്കാൻ പോകാറുണ്ടായിരുന്നു. വിവാഹത്തിലേക്ക് എത്തിയപ്പോൾ എന്റെ അച്ഛനും കുടുംബവുമെല്ലാം പിന്തുണച്ചു. എന്റെ മാതാപിതാക്കൾ അദ്ദേഹത്തിന്റെ ബന്ധുക്കളെ പോയി കാണുകയും സംസാരിച്ചുറപ്പിക്കുകയുമെല്ലാമായിരുന്നുവെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.

മുംബൈ സ്വദേശിയായ മുസ്തഫ രാജ് ആണ് പ്രിയാമണിയുടെ ഭർത്താവ്. സംരംഭകനും വ്യവസായിയുമായ മുസ്തഫ സി.സി.എൽ ഇവന്റ് മാനേജറായിരുന്നു. 2017ലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് 'ലൗ ജിഹാദ്' ആരോപണങ്ങളുമായി ചിലർ രംഗത്തെത്തിയിരുന്നു. വിവാഹത്തിനുശേഷം പ്രിയമണി മതംമാറിയെന്നും ആരോപണമുണ്ടായിരുന്നു.

Summary: ''I had fasted on the last Ashura day; But I have not converted, still a Hindu'': Actress Priyamani

Similar Posts