മലയാള സിനിമയിൽ ചില നടീനടന്മാർ നിർമാതാക്കളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ഫെഫ്ക; സഹകരിക്കാത്തവരുടെ പേരുകള്‍ പുറത്തുവിടും
|ഡബ്ബിങ് നടക്കുന്ന സമയത്ത് ഒരു നടൻ എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണാൻ ആവശ്യപ്പെടുകയും ഇത് കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളു എന്ന് പറയുകയും ചെയ്തു
കൊച്ചി: മലയാള സിനിമയിൽ ചില നടീനടന്മാർ നിർമാതാക്കളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ഫെഫ്ക. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തയാറാക്കിയ കരാറിൽ ഒപ്പിടാൻ ചിലർ വിസമ്മതിക്കുന്നു. ചിലർ പറയുന്നത് സിനിമയുടെ എഡിറ്റിങ് അവരെ കാണിക്കണമെന്നാണ്. ഇതൊന്നും കേട്ടുകേൾവി ഇല്ലാത്ത കാര്യമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചില നടി നടൻമാർ ഒരേ സമയം പല സിനിമകള്‍ക്ക് തിയതി കൊടുക്കുന്നുണ്ട്. 'അമ്മ' അംഗീകരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ എഗ്രിമെന്‍റെ് ഒപ്പിടാൻ അഭിനേതാക്കള്‍ തയാറാകുന്നില്ല. ഡബ്ബിങ് നടക്കുന്ന സമയത്ത് ഒരു നടൻ എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണാൻ ആവശ്യപ്പെടുകയും ഇത് കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളു എന്ന് പറയുകയും ചെയ്തു. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ റീ എഡിറ്റ് ചെയ്യാൻ അഭിനേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് നിർമാതാക്കള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് പിന്നീട് വ്യക്തമാക്കുമെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
പണം മുടക്കി സിനിമ നിർമിച്ച നിർമാതാക്കളെ മാത്രമേ സിനിമയുടെ എഡിറ്റ് കാണിക്കു എന്നാണ് ഫെഫ്കയുടെ തീരുമാനം. എന്നാൽ സർഗാത്മക ചർച്ചകള്‍ക്ക് അവസരം നൽകുമെന്നും ഫെഫ്ക അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനങ്ങള്‍ക്കൊപ്പം ഫെഫ്ക നിൽക്കുമെന്നും നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരുടെ മുന്നിൽ തങ്ങളുടെ അവകാശങ്ങള്‍ ബലി കഴിക്കാൻ തയാറല്ലെന്നും ഫെഫ്ക പറഞ്ഞു. സിനിമയിലെ സ്ത്രീ പ്രാതിനിധ്യം കൂട്ടാൻ സർക്കാർ ഇടപെടലിനൊപ്പം കെ.എസ്.എഫ്.ഡി.സിയും മുൻ കൈ എടുക്കണമെന്നും നിർമ്മിക്കുന്ന സിനിമകൾ തിയറ്ററിൽ നിലനിർത്താൻ കൂടി കെ.എസ്.എഫ്.ഡി.സി ശ്രമിക്കണമെന്നും ഫെഫ്ക പറഞ്ഞു.