Entertainment
അവതാർ 2 പ്രദർശിപ്പിക്കുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ
Entertainment

'അവതാർ 2' പ്രദർശിപ്പിക്കുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ

Web Desk
|
30 Nov 2022 5:30 AM GMT

സിനിമ വിലക്കിയ ഫിയോകിന് നിലപാട് തിരുത്തേണ്ടി വരുമെന്നും സംഘടന

കൊച്ചി: 'അവതാർ 2' സിനിമ പ്രദർശിപ്പിക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടനകളിലൊന്നായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ.ഫെഡറേഷന് കീഴിലുള്ള തിയറ്ററുകളിൽ അവതാർ പ്രദർശിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോ.രാംദാസ് ചേലൂർ തൃശൂരിൽ പറഞ്ഞു.തിയറ്റർ ഉടമകളുടെ മുഖ്യ സംഘടനയായ ഫിയോക്ക് 'അവതാർ 2' വിലക്കിയിരുന്നു ഫിയോകിന് നിലപാട് തിരുത്തേണ്ടി വരുമെന്ന് ഇവര്‍ വ്യക്തമാക്കി.

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമായായ 'അവതാർ 2' കേരളത്തിലെ തിയേറ്ററുകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഇന്നലെയാണ് വ്യക്തമാക്കിയത്. 'വിതരണക്കാർ കൂടുതൽ തുക ചോദിക്കുകയാണ്. നിലനിൽക്കുന്ന മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതിനാൽ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ഫിയോക് പറഞ്ഞു.

'സിനിമ മൂന്നാഴ്ചയെങ്കിലും തിയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. അന്യ ഭാഷാ ചിത്രങ്ങൾക്ക് ലാഭം ഉൾപ്പെടെ അമ്പത് ശതമാനമാണ് വിതരണക്കാർക്ക് നൽകുന്നത്. എക്‌സ്ട്രാ ഓർഡിനറി ചിത്രങ്ങൾക്ക് അഞ്ച് ശതമാനം കൂടി നൽകാൻ തയ്യാറാണ്'. പക്ഷേ 60 ശതമാനം എന്നത് അംഗീകരിക്കാനാകില്ലെന്നും ഫിയോക് പറയുന്നു.

'14 ദിവസം കൊണ്ട് 24 ചിത്രങ്ങൾ തിയറ്ററിൽ പരാജയപ്പെട്ടു. ഇതിന് കാരണം ഒടിടിയാണ്. ഫിയോക്കിന്റെ അംഗങ്ങൾ ഒഴിച്ച് ആർക്കുവേണമെങ്കിലും അവതാർ പ്രദർശിപ്പിക്കാം'. ഫിയോക്കിനെ വിലക്കാൻ ആരും ശ്രമിക്കണ്ട, അത് നടക്കില്ലെന്നും അവർ ചർച്ചയ്ക്ക് വരുമെന്ന് പ്രതീക്ഷയുണ്ടെന്നും ഫിയോക് അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മറ്റൊരു സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ രംഗത്തെത്തിയിരിക്കുന്നത്.

ഡിസംബർ 16-നായിരുന്നു ചിത്രത്തിന്റെ റിലീസ്. നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 'അവതാർ; ദ വേ ഓഫ് വാട്ടർ' പ്രദർശനത്തിനെത്തുന്നത്. ഇന്ത്യയിൽ ആറ് ഭാഷകളിലാണ് 'അവതാർ- ദ വേ ഓഫ് വാട്ടർ' റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായിരുന്നു ചിത്രത്തിന് ഇന്ത്യയിൽ റിലീസ് ഉണ്ടായിരുന്നത്. 2009 ലാണ് അവതാർ ആദ്യഭാഗം പ്രദർശനത്തിനെത്തിയത്. ലൈറ്റ്സ്റ്റോം എന്റർടൈൻമെന്റ്സിന്റെ ജോൺ ലാൻഡോയ്ക്കൊപ്പം കാമറൂണും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്.

Similar Posts