സിനിമ നിർമാതാവും വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു
|മലയാളത്തിലെ നിരവധി ക്ലാസ്സിക് സിനിമകളുടെ നിർമാതാവാണ്
കൊല്ലം: പ്രമുഖ സിനിമ നിർമാതാവും വ്യവസായിയുമായിരുന്ന കെ. രവീന്ദ്രനാഥൻ നായർ അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.ജനറൽ പിച്ചേഴ്സ് ഉടമയായിരുന്ന രവിയുടെ 'അച്ചാണി' സിനിമ ഹിറ്റായതോടെ പിന്നീട് അച്ചാണി രവി എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. മലയാളത്തിലെ നിരവധി ക്ലാസ്സിക് സിനിമകളുടെ നിർമാതാവാണ് . 2008 ൽ ജെ.സി ഡാനിയൽ പുരസ്കാരം നേടിയിട്ടുണ്ട്. വിധേയന്,എലിപ്പത്തായം, അനന്തരം,തമ്പ്,കുമ്മാട്ടി,പോക്കുവെയില്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് രവി.സംസ്കാരം നാളെ മൂന്ന് മണിക്ക് കൊല്ലം പോളയത്തോട് പൊതു ശ്മശാനത്തിൽ നടക്കും. നാളെ രാവിലെ 11.30 മുതൽ കൊല്ലം പബ്ലിക് ലൈബ്രറിയിൽ പൊതു ദർശനവുമുണ്ടാകും.
കശുവണ്ടി വ്യവസായി കൂടിയായ രവി 1967 മുതല്‍ ചലച്ചിത്ര നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാനിർമ്മാണക്കമ്പനിയായ ജനറൽ പിക്ച്ചേഴ്സിന്റെ ബാനറിൽ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ചു. ഇവ വിതരണം ചെയ്യാനായി പ്രതാപ് ഫിലിംസ് എന്ന സിനിമാ വിതരണക്കമ്പനി സ്ഥാപിച്ചു.1967-ൽ പുറത്തിറക്കിയ 'അന്വേഷിച്ചു, കണ്ടെത്തിയില്ല' എന്ന ചിത്രമായിരുന്നു ആദ്യ സിനിമ.1973-ൽ ഇറങ്ങിയ അച്ചാണി വൻ ഹിറ്റായിരുന്നു. ബോക്സ് ഓഫീസ് ഹിറ്റായ കൊല്ലത്തെ കുമാർ, ഈ ചിത്രത്തിൽനിന്ന് ലഭിച്ച ലഭം മുഴുവൻ സാമൂഹ്യസേവനത്തിനായി അദ്ദേഹം ചെലവൊഴിച്ചു. അച്ചാണിയുടെ ലാഭം ഉപയോഗിച്ച് കൊല്ലം പബ്ളിക് ലൈബ്രറിയും സോപാനം കലാ കേന്ദ്രവും ആരംഭിച്ചു. പ്രണവം തീയേറ്ററുകളുടെ ഉടമയായ രവീന്ദ്രനാഥൻ നായർ, രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനിലും അംഗമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981-ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.