സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്ത്; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ
|പ്രതികളിലൊരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയെന്ന് കരുതുന്നവരുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്. ബൈക്കിലെത്തിയ രണ്ടുപേരുടെ ചിത്രമാണ് പുറത്ത് വിട്ടത്. തൊപ്പിയും ബാഗും ധരിച്ചെത്തിയവർ വീടിന് നേരെ വെടിവെപ്പ് നടത്തുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഇവരിൽ ഒരാൾ വെളുത്ത ടീ ഷർട്ടും കറുത്ത ജാക്കറ്റുമാണ് ധരിച്ചത്.മറ്റൊരാൾ ചുവന്ന ടീ ഷർട്ടാണ് ധരിച്ചിരുന്നു. വെടിവെയ്പ്പ് നടന്ന് മണിക്കൂറുകൾക്ക് ശേഷം, ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇതൊരു ട്രെയിലർ മാത്രമാണെന്ന് അൻമോൽ സോഷ്യൽ മീഡിയിൽ കുറിച്ചു.
പ്രതികൾ സഞ്ചരിച്ചെന്ന് കരുതുന്ന ബൈക്ക് സൽമാൻ ഖാന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെനിന്ന് കണ്ടെത്തുകയും ചെയ്തു. ഷൂട്ടർമാരിൽ ഒരാൾ ഹരിയാനയിലെ ഗുരുഗ്രാമിലെ ഗുണ്ടാനേതാവായ വിശാൽ രാഹുലാണെന്നാണ് തിരിച്ചറിഞ്ഞിട്ടുണ്ട്. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള ഗുണ്ടാസംഘം രോഹിത് ഗോദാരയുടെ സംഘത്തിലുള്ള ഷൂട്ടറാണ് വിശാൽ രാഹുൽ. ഗുരുഗ്രാമിലും ഡൽഹിയിലുമായി ഇയാൾക്കെതിരെ അഞ്ചിലധികം ക്രിമിനൽ കേസുകളുണ്ട്. അടുത്തിടെ റോഹ്തക്കിൽ ഒരു വാതുവെപ്പുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ വിശാൽ പ്രതിയായിരുന്നു. വിശാൽ വെടിയുതിർക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഫെബ്രുവരി 29 ന് റോഹ്തക്കിലെ ഒരു ധാബയിൽ നടന്ന കൊലപാതകത്തിലും വിശാൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ സംഘം തിങ്കളാഴ്ച ഗുരുഗ്രാമിലെ വിശാലിന്റെ വീട്ടിൽ പരിശോധന നടത്തി. ഡൽഹി പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സ്പെഷ്യൽ സെല്ലിന്റെയും സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹരിയാന പൊലീസും അന്വേഷണം നടത്തുന്നുണ്ട്.
ഞായറാഴ്ച പുലർച്ചെയാണ് സൽമാൻ ഖാന്റെ വീടിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് പേർ നാല് റൗണ്ട് വെടിയുതിർത്തത്. ഗാലക്സി അപ്പാർട്ട്മെന്റിന് പുറത്ത് പുലർച്ചെ 4.51 ഓടെയാണ് സംഭവം. സംഭവത്തെ തുടർന്ന് സുരക്ഷ ശക്തമാക്കി. വെടിവയ്പ്പ് നടക്കുമ്പോൾ സൽമാൻ ഖാൻ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സൽമാൻ ഖാനെ കൊല്ലുമെന്ന് ലോറൻസ് ബിഷ്ണോയിയും ഗുണ്ടാസംഘം ഗോൾഡി ബ്രാറും പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ലോറൻസ് ബിഷ്ണോയിയും ഗോൾഡി ബ്രാറും താരത്തെ കൊല്ലാൻ ഷൂട്ടർമാരെ മുംബൈയിലേക്ക് അയച്ചതായും റിപ്പോർട്ടറുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ മാർച്ച്, നവംബർ മാസങ്ങളിൽ സൽമാൻ ഖാന് ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് ഇ.മെയിൽ വഴി ഭീഷണിക്കത്തുകൾ ലഭിച്ചിരുന്നു. മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ അകപ്പെട്ട ലോറൻസ് ബിഷ്ണോയി ഇപ്പോൾ ജയിലിൽ കഴിയുകയാണ്.