Entertainment
ആദ്യം കുറുപ്പ്, ഇപ്പോൾ മിന്നൽ മുരളി; ദുബൈയിൽ മിന്നിത്തിളങ്ങി മലയാള ചിത്രങ്ങൾ
Entertainment

ആദ്യം കുറുപ്പ്, ഇപ്പോൾ മിന്നൽ മുരളി; ദുബൈയിൽ മിന്നിത്തിളങ്ങി മലയാള ചിത്രങ്ങൾ

Web Desk
|
25 Dec 2021 2:06 PM GMT

ചുറ്റുമുള്ള എല്ലാവരിൽ നിന്നും ഇത്തരമൊരു മികച്ച പ്രതികരണം കാണുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. 'മിന്നൽ മുരളി' ആകുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു

ഈ വർഷം ദുബൈ നഗരത്തിൽ മിന്നി തിളങ്ങിയത് രണ്ടു മലയാള ചിത്രങ്ങളാണ്. മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനായ കുറുപ്പിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് ടൊവിനോ തോമസ് നായകനായ മിന്നൽ മുരളിയുടെ ഓഡിയോ വിഷ്വൽ മൊണ്ടാഷ് ദുബൈ നഗരത്തിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഐൻ ദുബായിലെ

യന്ത്ര ഊഞ്ഞാലിൽ മിന്നൽ മുരളി പ്രത്യക്ഷപ്പെട്ടത് ആരാധകരെയാകമാനം ഞെട്ടിച്ചിരിക്കുകയാണ്. ബ്ലൂവാട്ടേഴ്‌സ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഐൻ ദുബായ് ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമാണ്. മിന്നൽ മുരളി യന്ത്ര ഊഞ്ഞാലിൽ തിളങ്ങി നിൽക്കുന്ന വൻ ഷോ കണ്ട് അന്താളിച്ച് നിൽക്കുന്ന ടൊവിനോയും സഹ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടൊവിനോ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മിന്നൽ മുരളിക്ക് വൻ വിജയം സമ്മാനിക്കാൻ നിങ്ങൾക്കാകുമെന്നതിന്റെ തെളിവാണ് ഈ വീഡിയോ, മിന്നൽ മുരളിയിപ്പോൾ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഇറങ്ങാനിരിക്കുകയാണെന്നും താരം അടിക്കുറിപ്പിൽ വ്യക്തമാക്കി.

എന്റെ അവസ്ഥ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ചുറ്റുമുള്ള എല്ലാവരിൽ നിന്നും ഇത്തരമൊരു മികച്ച പ്രതികരണം കാണുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. 'മിന്നൽ മുരളി' ആകുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു, പക്ഷേ ഔട്ട്പുട്ട് അതിശയകരമാണ്. ബേസിൽ ഒരു ദീർഘദർശിയാണ്, അദ്ദേഹം എന്നെ വിശ്വസിച്ചതിൽ സന്തോഷമുണ്ട്. ഈ മഹത്തായ പ്രോജക്റ്റിലൂടെ ഞങ്ങളെ പിന്തുണച്ചതിന് ഞങ്ങളുടെ നിർമ്മാതാവ് സോഫിയ പോളിനോടും ഇത് ലോകത്തിലേക്ക് എത്തിച്ചതിന് നെറ്റ്ഫ്ലിക്സിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ടൊവിനോ കൂട്ടിച്ചേർത്തു. ഇതോടൊപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും വലിയ പ്രതീക്ഷയാണ് പങ്കുവെച്ചത്. ടൊവിനോയെ കൂടാതെ, ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗീസ് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഇപ്പോഴും ദുരൂഹമായി ഒളിവിൽ കഴിയുന്ന സുകുമാര കുറുപ്പിന്റെ ജീവചരിത്രം പറയുന്ന ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ ട്രെയിലർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നവംബർ 10 നാണ് പ്രദർശിപ്പിച്ചത്. ബുർജി ഖലീഫയുടെ ഗ്ളാസ്സി പാനലുകളിൽ ഒരു മലയാള ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ചത് ആദ്യമായിട്ടായിരിക്കും. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഫിലിം ഡിസ്ട്രിബ്യൂഷൻ എക്സിബിഷൻ നെറ്റ്വർക്കായ ഫാർസ് ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. തിയറ്ററുകളിൽ കുറുപ്പിന് വൻ സ്വീകാര്യത ലഭിച്ചത് വാർത്താ മാധ്യമങ്ങളിലും ചർച്ചയായിരുന്നു. പിന്നീട് ചിത്രം ഒടിടിയിൽ റിലീസായതോടെ തിയറ്ററുടമകൾ പ്രദർശനം നിർത്തിവെച്ചു. യുഎഇ അടക്കം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഇത് അവതരിപ്പിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന്് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞിരുന്നു.

Similar Posts