Entertainment
Flush to release in theatres on 16th june
Entertainment

വിവാദങ്ങൾക്ക് വിരാമം; 'ഫ്ലഷ് '16 ന് തിയറ്ററുകളിലേക്ക്

Web Desk
|
11 Jun 2023 2:34 PM GMT

തങ്ങളെ സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കുന്നത് ഇനിയും കണ്ടിരിക്കാൻ കഴിയില്ല എന്നും ഐഷ വിവാദമുണ്ടാക്കിയ തരത്തിൽ എന്തെങ്കിലുമുണ്ടോ എന്ന് സിനിമ കണ്ട ശേഷം ജനം തീരുമാനിക്കട്ടെ എന്നും ബീനാ കാസിം

കൊച്ചി: ഐഷ സുൽത്താന സംവിധാനം ചെയ്ത ' ഫ്ലഷ്' ഈ മാസം 16 ന് റിലീസ് ചെയ്യും. കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ നിർമാതാവ് ബീനാ കാസിം ആണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ പരാമർശങ്ങൾ ഉള്ളതിനാൽ ബീനാ കാസിം സിനിമ തടഞ്ഞു വയ്ക്കുന്നു എന്ന് ഐഷ ആരോപിച്ചിരുന്നു. തുടർന്ന് സിനിമയെ സംബന്ധിച്ച് വലിയ വിവാദങ്ങൾ ഉടലെടുക്കുകയും ചെയ്തു. ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ കൂടിയാണ് ബീനാ കാസിം. തങ്ങളെ സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കുന്നത് ഇനിയും കണ്ടിരിക്കാൻ കഴിയില്ല എന്നും ഐഷ വിവാദമുണ്ടാക്കിയ തരത്തിൽ എന്തെങ്കിലുമുണ്ടോ എന്ന് സിനിമ കണ്ട ശേഷം ജനം തീരുമാനിക്കട്ടെ എന്നും ബീനാ കാസിം പറഞ്ഞു.

''ഞാൻ ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ ആയിട്ട് കൂടി തന്നെയാണ് ഐഷ സുൽത്താന കൊണ്ട് വന്ന കഥക്ക് പണം മുടക്കാൻ തീരുമാനിച്ചത്'. ലക്ഷദ്വീപിൽ നിന്നുള്ള ഒരു പെൺകുട്ടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കാനും, സ്ത്രീകളെ കുറിച്ചും, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പറയുന്ന ഒരു സിനിമ സമൂഹത്തിലേക്ക് എത്തിക്കാനും കൂടിയായിരുന്നു അത്.

ചിത്രീകരണം കഴിഞ്ഞ് കൊച്ചിയിൽ സിനിമയുടെ എഡിറ്റിങ് നടക്കുന്ന സമയത്ത് കുറച്ച് ഭാഗം കണ്ടിരുന്നു അത് കഴിഞ്ഞ് കോഴിക്കോട് വെച്ച് നടന്ന വനിതാ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് ഈ 'ഫ്ലഷ്' എന്ന എൻ്റെ സിനിമ ഞാൻ പൂർണ്ണമായി കണ്ടത്. എന്നോട് പറഞ്ഞ കഥയിൽ നിന്നും വളരെ വ്യത്യസ്തമായ പല കാര്യങ്ങളും ഐ ഷ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. നല്ല ഉദ്ദേശത്തോടെ പണം മുടക്കിയ എൻ്റെ സിനിമയിൽ എനിക്ക് ആവശ്യമില്ലാതെ രാഷ്ട്രീയ ശത്രുക്കളെ ഉണ്ടാക്കി, മനപ്പൂർവം ഉപദ്രവിക്കാനാണ് ഐഷ ശ്രമിച്ചത്. ഇതേ ചൊല്ലിയാണ് ഞാനും സംവിധായികയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ തുടങ്ങിയത്. പിന്നീട് ഐഷ നിരന്തരം എന്നെയും ഭർത്താവിനെയും പറ്റി സോഷ്യൽ മീഡിയിലും മാധ്യമങ്ങളിലും വന്ന് അപവാദങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു. അപ്പോഴൊന്നും ഞങ്ങൾ പ്രതികരിച്ചില്ല.

എന്റെ ഭർത്താവ് ബിജെപി സെക്രട്ടറി ആയതുകൊണ്ട് ബിജെപിക്കെതിരെ സംസാരിക്കുന്ന സിനിമ റിലീസ് ചെയ്യാൻ സമ്മതിക്കുന്നില്ലെന്നും കഷ്ടപ്പാടിനെ അവഹേളിക്കുന്നുമൊക്കെ അടിസ്ഥാനരഹിതമായി ആരോപണങ്ങൾ ഐഷ ഉയർത്തി. സിനിമക്കായി ഇത്രയും പണം മുടക്കിയ ഞങ്ങളെ സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കുന്നത് ഇനിയും കണ്ടിരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ തീരുമാനിച്ചത്. സത്യത്തിൽ ഈ സിനിമയുടെ റിലീസ് ഞങ്ങൾ പണ്ടേ തന്നെ നിശ്ചയിച്ചിരുന്നതാണ്. ഇക്കാര്യം ഐഷക്കും നന്നായിട്ടറിയാം. എന്നിട്ടും എന്തിനാണ് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല. എന്തായാലും ഈ മാസം 16ന് തന്നെ സിനിമ തിയറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചു. അത് ഐഷ സുൽത്താനക്ക് മുന്നിൽ അടിയറവ് പറയുന്നതല്ല. ഐഷ ഇത്രയും വിവാദമുണ്ടാക്കിയ തരത്തിൽ എന്തെങ്കിലും സിനിമയിലുണ്ടോ എന്ന് ജനം തീരുമാനിക്കട്ടെ". ബീന പറഞ്ഞു.

Similar Posts