Entertainment
നിങ്ങളുടെ പ്രാർത്ഥനയ്ക്ക് നന്ദി; കുഞ്ഞതിഥിയെ വരവേറ്റ് സനാ ഖാൻ
Entertainment

'നിങ്ങളുടെ പ്രാർത്ഥനയ്ക്ക് നന്ദി'; കുഞ്ഞതിഥിയെ വരവേറ്റ് സനാ ഖാൻ

Web Desk
|
5 July 2023 3:05 PM GMT

ആൺകുഞ്ഞിനാണ് സന ജന്മം നൽകിയത്

ഉമ്മയായതിന്റെ സന്തോഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുൻ നടി സനാ ഖാൻ. ബുധനാഴ്ച വൈകിട്ടാണ് സനയും ഭർത്താവ് അനസ് സയീദും കുഞ്ഞതിഥിയുടെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചത്. ആൺകുഞ്ഞിനാണ് സന ജന്മം നൽകിയത്. ആരാധകരുടെ സ്‌നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി പറയുന്നതായി അവർ കുറിച്ചു.

'ഇവനെ സജ്ജനങ്ങളിൽ ഉൾപ്പെടുത്തുകയും ഞങ്ങളുടെ കൺകുളിർമ ആക്കുകയും ചെയ്യണേ' എന്ന വിശുദ്ധ വാക്യങ്ങളോടെയാണ് സന സന്തോഷം പങ്കുവച്ചത്. 'ഇത് അല്ലാഹുവിന്റെ സൂക്ഷിപ്പു സ്വത്താണ്. നിങ്ങളുടെ സ്‌നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയിൽ അത് ഞങ്ങളുടെ ഹൃദയത്തെയും ആത്മാവിനെയും സന്തോഷഭരിതമാക്കി' - സന കുറിച്ചു.

മാർച്ചിൽ ഇഖ്‌റ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സന താൻ ഗർഭിണിയാണ് എന്ന വിവരം പങ്കുവച്ചിരുന്നത്. ജൂൺ അവസാനം പ്രസവമുണ്ടാകുമെന്നും അവർ വ്യക്തമാക്കിയിരുന്നു. മാതാവാകുന്നതിനെ കുറിച്ച് എന്തു തോന്നുന്നു എന്ന ചോദ്യത്തിന് 'ഞാൻ കാത്തിരിക്കുന്നു. ഒന്നിച്ചുള്ള വ്യത്യസ്തമായ യാത്രയാണിത്. വൈകാരികമായി ഞാൻ ഉയർച്ചയും താഴ്ച്ചയും നേരിട്ടിട്ടുണ്ട്. എന്റെ കുഞ്ഞിനെ കൈയിലെടുക്കാൻ കാത്തിരിക്കുന്നു' എന്നായിരുന്നു അവരുടെ മറുപടി.



ബാബ സിദ്ദിഖ് ഒരുക്കിയ ഇഫ്താർ വിരുന്നിനിടെ സനയെ ഭർത്താവ് കൈ പിടിച്ചു വലിച്ചു കൊണ്ടു പോകുന്ന രംഗങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഗർഭിണിയായ ഭാര്യയെ അനസ് ബുദ്ധിമുട്ടിക്കുന്നു എന്ന തരത്തിലായിരുന്നു പ്രചാരണം.. എന്നാൽ ചടങ്ങിൽ നിൽക്കവെ ബുദ്ധിമുട്ട് അനുഭവപ്പെട്ട തന്നെ വിശ്രമിക്കാനും വെള്ളം നൽകാനുമായി ഭർത്താവ് തിടുക്കത്തില്‍ കൊണ്ടുപോകുകയായിരുന്നു എന്ന് നടി വിശദീകരിച്ചിരുന്നു. വേറൊരു രീതിയിൽ വീഡിയോയെ കാണരുത് എന്നും അവർ അഭ്യർത്ഥിച്ചിരുന്നു.

ബോളിവുഡിൽ തിളങ്ങി നിൽക്കവെ അഭിനയ ജീവിതം ഉപേക്ഷിച്ച സന 2020 നവംബർ 22നാണ് മുഫ്തി അനസ് സയീദിനെ വിവാഹം ചെയ്തത്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ് അനസ്. 'അല്ലാഹുവിന് വേണ്ടി സ്‌നേഹിച്ചു, അല്ലാഹുവിന് വേണ്ടി വിവാഹം ചെയ്തു. ഇഹലോകത്തും പരലോകത്തും അല്ലാഹു ഞങ്ങളെ ഒരുമിപ്പിക്കട്ടെ' എന്നാണ് വിവാഹ ഫോട്ടോ പങ്കുവച്ച് സനാ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നത്.





Related Tags :
Similar Posts