മലയാള സിനിമയിൽ നാല് പതിറ്റാണ്ടോളം; രേവതിക്ക് സംസ്ഥാന സർക്കാറിന്റെ ആദ്യ പുരസ്കാരം
|മായാമയൂരം, പാഥേയം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളിൽ താരം ഗംഭീര പ്രകടനം കാഴ്ച്ചവെച്ചെങ്കിലും കേരള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിച്ചിരുന്നില്ല
നാല് പതിറ്റാണ്ടുകളോളം മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു മലയാളികളുടെ പ്രിയതാരം രേവതി. ഇപ്പോളിതാ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം രേവതിയെ തേടിയെത്തിയിരിക്കുകയാണ്. സംവിധായകൻ ഭരതന്റെ 'കാറ്റത്തെ കിളിക്കൂട്' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള രംഗപ്രവേശം. 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ' (1988), 'കിലുക്കം' (1991) എന്നിവയായിരുന്നു രേവതി മികവുറ്റ പ്രകടനം കാഴ്ചവെച്ച പ്രധാന ചിത്രങ്ങൾ. ഈ ചിത്രത്തിനെല്ലാം രേവതിക്ക് മികച്ച നടിക്കുള്ള പുരസ്കാര സാധ്യതയുണ്ടായിരുന്നു.
എന്നാൽ 1988 ൽ 'രുഗ്മിണി' എന്ന ചിത്രത്തിലെ അഭിനയത്തിന് ബേബി അഞ്ജുവിനും 1991-ൽ 'തലയണമന്ത്ര'ത്തിലെ അഭിനയത്തിന് ഉർവ്വശിയ്ക്കും അവാർഡ് ലഭിക്കുകയായിരുന്നു. മായാമയൂരം, പാഥേയം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളിൽ താരം ഗംഭീര പ്രകടനം കാഴ്ച്ചവെച്ചെങ്കിലും സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിച്ചിരുന്നില്ല. ദേവാസുരത്തിലെ ഭാനുമതിയെ മലയാളി ഒരിക്കലും മറക്കാനിടയില്ല. എന്നാൽ തമിഴ്നാട് സർക്കാരിന്റെ പുരസ്കാരങ്ങൾ രേവതിയെ തേടിയെത്തിയിരുന്നു. കിഴക്കു വാസൽ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കും 'തലൈമുറൈ'യിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശവും രേവതി നേടി.
ദേശീയതലത്തിൽ രേവതിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ലഭിച്ചത്. ഭരതൻ സംവിധാനം ചെയ്ത 'തേവർമകനി'ലെ അഭിനയത്തിനായിരുന്നു അത്. അഭിനയത്തിന് പുറമേ സംവിധാനരംഗത്തും മികവ് തെളിയിച്ച പ്രതിഭയാണ് രേവതി. 'മിത്ര് മൈ ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള പുരസ്കാരം നേടി. കാലങ്ങൾക്കിപ്പുറം 'ഭൂതകാല'ത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ രേവതി മികച്ച നടിക്കുള്ള പുരസ്കാര നേട്ടത്തിന്റെ നെറുകയിലാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ- ത്രില്ലറിൽ മാനസിക പ്രശ്നങ്ങൾ നേരിടുന്ന അമ്മയുടെ വേഷം രേവതി അതിഗംഭീരമാക്കുകയായിരുന്നു. ഷൈൻ നിഗമായിരുന്നു ചിത്രത്തിൽ രേവതിക്കൊപ്പം വേഷമിട്ടത്.