Entertainment
തിരക്കഥാകൃത്ത് ജോണ്‍ പോളിന്‍റെ ചികിത്സക്കായി സഹായം അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍
Click the Play button to hear this message in audio format
Entertainment

തിരക്കഥാകൃത്ത് ജോണ്‍ പോളിന്‍റെ ചികിത്സക്കായി സഹായം അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍

Web Desk
|
31 March 2022 10:08 AM GMT

ശ്വാസതടസം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ടു മാസത്തോളമായി ജോൺ പോൾ ചികിത്സയിലാണ്

എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന തിരക്കഥാകൃത്ത് ജോൺ പോളിന് വേണ്ടി സഹായം അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍. ജോൺ പോളിന്‍റെ ദീർഘകാല സുഹൃത്തുക്കളായ പ്രൊഫ. എം.കെ. സാനു, പ്രൊഫ. എം. തോമസ് മാത്യൂ, ഫാ. തോമസ് പുതുശ്ശേരി, എം. മോഹൻ, സി.ഐ.സി.സി. ജയചന്ദ്രൻ, പി. രാമചന്ദ്രൻ, അഡ്വ. മനു റോയ്, സി.ജി രാജഗോപാൽ, ജോൺസൺ സി. എബ്രഹാം, തനൂജ ഭട്ടതിരി തുടങ്ങിയവർ സാമ്പത്തിക കാര്യങ്ങളിലുൾപ്പെടെ പിന്തുണയുമായി അദ്ദേഹത്തിന്‍റെ കുടുംബത്തിനൊപ്പമുണ്ട്.

ശ്വാസതടസം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ടു മാസത്തോളമായി ജോൺ പോൾ ചികിത്സയിലാണ്. ഇപ്പോൾ ലിസി ആശുപത്രിയിൽ പ്രത്യേക പരിചരണ വിഭാഗത്തിലാണുള്ളത്. അസുഖത്തിന് നേരിയ ആശ്വാസമുണ്ട്. കുറേശ്ശെ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് നൽകിയിരുന്ന ബൈപാപ്പ് സപ്പോർട്ട് രാത്രി മാത്രമാക്കാൻ സാധിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.

ജോൺ പോളിന് സഹായം നല്‍കാനാകുന്നവര്‍ മകളുടെ ഭർത്താവ് ജിജി അബ്രഹാമിന്‍റെ അക്കൗണ്ടിലേക്ക് സഹായം അയയ്ക്കണമെന്ന് സുഹൃദ്സംഘം അഭ്യർഥിച്ചു. ജിബി അബ്രഹാമിന്റെ എസ്.ബി.ഐ. കാക്കൂർ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും പണം അയക്കാം. അക്കൗണ്ട് നമ്പർ: 67258022274. ഐ.എഫ്.എസ്.സി: SBIN 0070543. 9446610002 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ആയും സഹായങ്ങൾ നൽകാം. CBNABRAHAM@OKSBI എന്നതാണ് യു.പി.ഐ. ഐ.ഡി.

80കളിലെ തിരക്കുള്ള കഥാകാരനായിരുന്നു ജോണ്‍ പോള്‍. പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺ പോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. ചാമരം, ഓര്‍മക്കായി, യാത്ര, മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, കാതോടു കാതോരം, ഉത്സവപ്പിറ്റേന്ന്, അതിരാത്രം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ജോണ്‍ പോള്‍. സിനിമാ നിര്‍മാതാവും പത്രപ്രവര്‍ത്തകനും കൂടിയാണ് ജോണ്‍ പോള്‍.

Similar Posts