Entertainment
ഉമ്മയ്ക്ക് പിന്നാലെ ഉപ്പയും വിട പറഞ്ഞു; നൊമ്പരമായി നൗഷാദിന്‍റെ മകള്‍
Entertainment

ഉമ്മയ്ക്ക് പിന്നാലെ ഉപ്പയും വിട പറഞ്ഞു; നൊമ്പരമായി നൗഷാദിന്‍റെ മകള്‍

Web Desk
|
27 Aug 2021 6:42 AM GMT

ഭാര്യ മരിക്കുമ്പോഴും നൗഷാദ് ഐസിയുവിലായിരുന്നു.

സിനിമ നിര്‍മാതാവ് എന്നതിലുപരി മലയാളി പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം പാചക വിദഗ്ധനായ നൗഷാദിനെയായിരുന്നു. ഒരു ചെറുപുഞ്ചിരിയോടെ ലളിതമായി രുചിക്കൂട്ടുകള്‍ അവതരിപ്പിക്കുന്ന നൗഷാദ് മലയാളികളുടെ ഇഷ്ടക്കാരനായത് വളരെ പെട്ടെന്നായിരുന്നു. നൗഷാദിന്‍റെ നില ഗുരുതരമാണെന്ന വാര്‍ത്തകള്‍ക്കിടയിലും പുഞ്ചിരിയോടെ അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഉറ്റവരും സുഹൃത്തുക്കളും. എന്നാല്‍ പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അദ്ദേഹം ഇന്ന് രാവിലെ വിട പറഞ്ഞു.

നാല് ആഴ്ചയായി തിരുവല്ലയിലെ ബിലീവേഴ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നൗഷാദ്. അഞ്ചു മാസം മുന്‍പ് അദ്ദേഹത്തിന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ചെയ്തിരുന്നു. തുടര്‍ന്ന് പലതരം അസുഖങ്ങള്‍ അദ്ദേഹത്തെ ബാധിച്ചു. അതിനിടെയാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഭാര്യ മരിക്കുമ്പോഴും നൗഷാദ് ഐസിയുവിലായിരുന്നു. ഭാര്യയുടെ മൃതദേഹം ഐസിയുവിലെത്തിച്ചാണ് അദ്ദേഹത്തെ കാണിച്ചത്. രണ്ടാഴ്ചക്ക് ശേഷം പ്രിയതമക്ക് പിന്നാലെ നൗഷാദും ഈ ലോകത്തോടു വിട പറഞ്ഞു. ഉമ്മക്ക് പിന്നാലെ ഉപ്പയും പോയതോടെ സങ്കടക്കടലിലായത് പതിമൂന്ന് വയസുകാരിയായ മകള്‍ നഷ്‍വയാണ്. ഉമ്മ മരിച്ചതിന്‍റെ തീരാദുഃഖവും പേറി കഴിയുന്നതിനിടയിലാണ് ഉപ്പയുടെ മരണം. നൗഷാദിന്‍റെ മരണം സൃഷ്ടിച്ച നടുക്കത്തിലാണ് സിനിമാരംഗത്തെ സുഹൃത്തുക്കളും. അദ്ദേഹത്തിന് അനുശോചനമര്‍പ്പിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. മമ്മൂട്ടി, ആന്‍റോ ജോസഫ്, വിനയ് ഫോര്‍ട്ട്, ദിലീപ്, മനോജ് കെ.ജയന്‍ തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

തിരുവല്ലയില്‍ കാറ്ററിങ് സര്‍വീസ് നടത്തിയിരുന്ന പിതാവില്‍ നിന്നാണ് നൗഷാദിന്‌ പാചകത്തോടുള്ള ഇഷ്ടം പകര്‍ന്നുകിട്ടിയത്. ഹോട്ടല്‍ മാനേജ്മെന്‍റ് പഠനം പൂര്‍ത്തിയാക്കിയ നൗഷാദ് പാചക രംഗത്ത് ചുവടുറപ്പിച്ചു. തുടര്‍ന്ന് 'നൗഷാദ് ദ ബിഗ് ഷെഫ്' എന്ന റസ്റ്ററോറന്‍റ് ശൃംഖല തുടങ്ങി. ഒട്ടനവധി പാചക പരിപാടികളില്‍ അവതാരകനായെത്തുകയും ചെയ്തു.

സിനിമയോട് വലിയ താല്‍പര്യമുണ്ടായിരുന്ന നൗഷാദിനെ ബ്ലെസിയുമായുള്ള സൗഹൃദമാണ് ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിര്‍മാതാവായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു.

Related Tags :
Similar Posts