Entertainment
ഗോലി മാരോയിലൂടെ വർഗീയ പ്രസംഗം: അനുരാഗ് ഠാക്കൂറിന്‍റെ സന്ദര്‍ശനത്തിനെതിരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി പ്രതിഷേധം
Entertainment

'ഗോലി മാരോയിലൂടെ വർഗീയ പ്രസംഗം': അനുരാഗ് ഠാക്കൂറിന്‍റെ സന്ദര്‍ശനത്തിനെതിരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി പ്രതിഷേധം

ijas
|
5 May 2022 4:12 PM GMT

അനുരാഗ് ഠാക്കൂറിന്‍റെ വാക്കുകൾ നീചവും വർഗീയ വിദ്വേഷവും നിറഞ്ഞതായിരുന്നു എന്ന് മാത്രമല്ല, അതിലൂടെ രാജ്യത്തെ ദുർബലരായ സമുദായങ്ങള്‍ക്ക് നേരെ നടന്ന അതിക്രമം വേദനാജനകമായിരുന്നുവെന്ന് വിദ്യാര്‍ഥി യൂണിയന്‍

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശനത്തിനെതിരെ വിദ്യാര്‍ഥി യൂണിയന്‍ പ്രതിഷേധം. കാമ്പസ് സന്ദർശനത്തിനിടെ പ്രവേശന കവാടത്തില്‍ വെച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. 'വിദ്വേഷത്തിന്റെ മന്ത്രി, നിങ്ങൾക്ക് സ്വാഗതം' എന്നിങ്ങനെയുള്ള പ്ലക്കാർഡുകൾ ഉയർത്തിയ വിദ്യാർത്ഥികൾ കാമ്പസിനകത്ത് പ്രകടനം നടത്തി. അനുരാഗ് ഠാക്കൂറിന്‍റെ സമീപകാലത്തെ പരാമര്‍ശങ്ങളും പ്രഖ്യാപനങ്ങളും വിഷലിപ്തവും നിന്ദ്യവുമാണെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളെന്ന നിലയിൽ അനുരാഗ് ഠാക്കൂറിന്‍റെ സാന്നിധ്യം കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് ചോദിക്കാതിരിക്കാൻ കഴിയില്ല. തലസ്ഥാനത്തെ വിദ്വേഷ പ്രസംഗത്തിന് ശേഷം ഠാക്കൂർ വർഗീയ കലാപത്തിന് പരസ്യമായി പ്രേരിപ്പിച്ചുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

അനുരാഗ് ഠാക്കൂറിന്‍റെ വാക്കുകൾ നീചവും വർഗീയ വിദ്വേഷം നിറഞ്ഞതുമായിരുന്നു എന്ന് മാത്രമല്ല, അതിലൂടെ രാജ്യത്തെ ദുർബലരായ സമുദായങ്ങള്‍ക്ക് നേരെ നടന്ന അതിക്രമം വേദനാജനകമായിരുന്നുവെന്ന് വിദ്യാര്‍ഥി യൂണിയന്‍ പറഞ്ഞു. 2020 ജനുവരിയിലെ ഡൽഹി വംശഹത്യക്ക് കാരണമായത് അനുരാഗ് ഠാക്കൂറിന്‍റെ ഗോലി മാരോ....( ചതിയന്‍മാരെ വെടിവെയ്ച്ച് കൊല്ലും) കൊലവിളി പ്രസംഗമായിരുന്നുവെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. അദ്ദേഹം കേന്ദ്ര മന്ത്രിയായതിന് ശേഷം എടുത്ത തീരുമാനങ്ങളില്‍ പലതും തങ്ങളെ നേരിട്ട് ബാധിക്കുന്നതായും ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അക്കാദമിക് കൗൺസിൽ അസാധുവാക്കിയിരിക്കുന്നതായും വിദ്യാര്‍ഥി യൂണിയന്‍ ചൂണ്ടിക്കാട്ടി. തങ്ങളുമായി സംഭാഷണത്തിനോ ആശങ്കകൾ കേൾക്കാനോ ഇടമില്ലാതായതായും വിദ്യാര്‍ഥി യൂണിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വിദ്യാർത്ഥികളുടെയും അതിഥികളുടെയും മേലുള്ള നിരീക്ഷണം അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നതായും ഇത് തങ്ങളെ കൂടുതൽ ദുർബലരാക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

'സർക്കാര്‍ സബ്‌സിഡി ലഭിച്ചിട്ടും അടുത്തിടെ അവതരിപ്പിച്ച നിരവധി ഹ്രസ്വ കോഴ്‌സുകളിൽ നിന്നും വലിയ തുക വരുമാനം ലഭിച്ചിട്ടും സര്‍വകലാശാല അധികൃതര്‍ നിലവിലെ ഇൻകമിംഗ് ബാച്ചുകളുടെ ഫീസ് ഓരോ വര്‍ഷവും അഞ്ച് ശതമാനം വർധിപ്പിക്കുകയാണ്. പല പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് അമിത ഫീസ് നല്‍കി പ്രവേശനം അസാധ്യമാണ്'; വിദ്യാര്‍ഥി യൂണിയന്‍ പറഞ്ഞു.

FTII students' association condemns Anurag Thakur's visit

Related Tags :
Similar Posts