Entertainment
Goat life by breaking records in pre-booking sale
Entertainment

പ്രീ ബുക്കിങ് സെയിലിൽ റെക്കോർഡുകൾ തീർത്ത് ആടുജീവിതം; ഇന്ത്യയിൽ മൂന്ന് ദിവസത്തിനിടെ ഏറ്റവും കൂടുതൽ വിറ്റത് ആടുജീവിതം ടിക്കറ്റുകൾ

Web Desk
|
27 March 2024 5:17 PM GMT

മലൈക്കോട്ടെ വാലിബൻ, കിങ് ഓഫ് കൊത്ത, കെ.ജി.എഫ് 2 എന്നീ ചിത്രങ്ങളുടെ റെക്കോർഡുകളാണ് ആടുജീവിതം തിരുത്തികുറിച്ചത്.

പരീക്ഷ ചൂടിനിടയിലും റെക്കോർഡുകൾ തീർത്ത് മലയാളത്തിന്റെ സ്വന്തം ആടുജീവിതം. റിലീസിന് ഒരു ദിവസം ബാക്കി നിൽക്കെ റെക്കോർഡ് ബുക്കിങ് ആണ് ചിത്രത്തിന്. മുന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്കിങ് ആപ്പുകളിലൂടെ മാത്രം കേരളത്തിൽ ഇതിനോടകം വിറ്റുപോയത്. മലൈക്കോട്ടെ വാലിബൻ, കിങ് ഓഫ് കൊത്ത, കെ.ജി.എഫ് 2 എന്നീ ചിത്രങ്ങളുടെ റെക്കോർഡുകളാണ് ആടുജീവിതം തിരുത്തികുറിച്ചത്. ദളപതി വിജയ് നായകനായ ലിയോ മാത്രമാണ് നിലവിൽ ആടുജീവിതത്തിന് പ്രീ സെയിൽ കളക്ഷനിൽ മുന്നിലുള്ളത്. ഇന്ത്യയിൽ മൂന്ന് ദിവസത്തിനിടെ ഏറ്റവും കൂടുതൽ വിറ്റു പോയ ടിക്കറ്റുകളും ആടുജീവിതത്തിന്റെയാണ്.

നേരത്തെ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ച് ആദ്യദിവസംതന്നെ റെക്കോർഡ് ബുക്കിങ് ആയിരുന്നു ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോയിലൂടെ ഉണ്ടായത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ ഇൻട്രസ്റ്റ് ക്ലിക്ക് ലഭിച്ചതും ആടുജീവിതത്തിനായിരുന്നു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തിൽ നജീബിന്റെ കഥാപാത്രമാകാനായുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനം സിനിമാപ്രേമികൾക്കിടയിൽ ഏറെ ചർച്ചയായിരുന്നു. മാർച്ച് 28-നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ.ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ.ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

സുനിൽ കെ.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, കോസ്റ്റ്യൂം ഡിസൈനർ - സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - റോബിൻ ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുശീൽ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി - അശ്വത്, സ്റ്റിൽസ് - അനൂപ് ചാക്കോ, മാർക്കറ്റിങ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്, പിആർഒ: ആതിര ദിൽജിത്ത്.

Similar Posts