വിഡിയോ വൈറലാകുമെന്ന് കരുതിയില്ല, പേടിയാകുന്നു, മൂന്നു നാലു ദിവസമായി ഉറങ്ങിയിട്ട്; ഗോഡ്ഫാദര്‍ 'മലയാളം' സൃഷ്ടാവ് ടോം
|ഒരു ഫോട്ടോ കിട്ടിയാല്‍ ആര്‍ക്കും ഇത്തരം വീഡിയോകള്‍ ഉണ്ടാക്കാമെന്നും വേണ്ടിവന്നാല്‍ പോണ്‍ വീഡിയോകള്‍ വരെ ഉണ്ടാക്കാമെന്നും ടോം പറയുന്നു.
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ച് നിര്‍മിച്ച വിശ്വവിഖ്യാത ഇംഗ്ലീഷ് ചിത്രം ഗോഡ്ഫാദറിന്റെ മലയാളം പതിപ്പ് വൈറലായതിന് പിന്നാലെ പ്രതികരണവുമായി സിനിമയുടെ സൃഷ്ടാവ്. വൈറലായ വീഡിയോ തന്നെ സന്തോഷിപ്പിക്കുകയല്ല മറിച്ച് ഭയപ്പെടുത്തുകയാണെന്നാണ് 'വവ്വാല്‍ മനുഷ്യന്‍' എന്ന യുട്യൂബ് ചാനലിലൂടെ നടത്തിയ പ്രതികരണത്തില്‍ ടോം ആന്റണി പറഞ്ഞു.
ഇനി ഇത്തരം വീഡിയോകള്‍ താന്‍ ഉണ്ടാക്കില്ലെന്നും പേടിച്ചിട്ടാണ് സംസാരിക്കുന്നതെന്നും മൂന്നു നാലു ദിവസമായി ഉറങ്ങിയിട്ടെന്നും ടോം പറയുന്നു. ഒരു ഫോട്ടോ കിട്ടിയാല്‍ ആര്‍ക്കും ഇത്തരം വീഡിയോകള്‍ ഉണ്ടാക്കാമെന്നും വേണ്ടിവന്നാല്‍ പോണ്‍ വീഡിയോകള്‍ വരെ ഉണ്ടാക്കാമെന്നും ഇതിലും നന്നായി തനിക്ക് വീഡിയോ ഉണ്ടാക്കാന്‍ അറിയാമെന്നും യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ ടോം പറഞ്ഞു.
''ഈ വിഡിയോ ഒരിക്കലും വൈറലാകും എന്ന് കരുതിയതല്ല, താനിട്ട വിഡിയോ മറ്റൊരാള്‍ ഡൗണ്‍ലോഡ് ചെയ്ത് റീ പോസ്റ്റ് ചെയ്ത് അങ്ങ് വൈറലായിപ്പോയി. എനിക്ക് ഒരു കണ്‍ട്രോളും ഇല്ലാതായി. ആദ്യം എനിക്ക് സന്തോഷമായിരുന്നു. അത് കഴിഞ്ഞപ്പോള്‍ കുറേ ഫോണ്‍ കോളുകളും മെസേജുകളും വരാന്‍ തുടങ്ങി. മീഡിയകള്‍ ബന്ധപ്പെട്ടു. എല്ലാവര്‍ക്കും അറിയേണ്ടത് ഞാന്‍ ഈ വീഡിയോ എങ്ങനെ ഉണ്ടാക്കി എന്നാണ്.
ഇന്നലെയും ഒരു മീഡിയ വന്നിരുന്നു. അവര്‍ക്കും അറിയേണ്ടത് എങ്ങനെയാണ് ഈ വീഡിയോ ഉണ്ടാക്കിയതെന്നാണ്. കാണിച്ചുതരുമോ എന്ന് അവര്‍ ചോദിച്ചു. ഞാനാകെ ഡൗണായിപ്പോയി. മൂന്നു നാലു ദിവസമായി ഉറങ്ങിയിട്ട്, ഉറങ്ങണം എന്ന് പറഞ്ഞാണ് അവരെ പറഞ്ഞുവിട്ടത്.
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ മുഖം വേണമെങ്കില്‍ ഒരു പോണ്‍ വീഡിയോയില്‍ ചേര്‍ക്കാം. എനിക്ക് കൂടുതലൊന്നും പറയാനില്ല. വേറെ ഒരാളുടെ മുഖം വെച്ച് പെര്‍മിഷനില്ലാതെ ഇനി വീഡിയോസ് ഉണ്ടാക്കില്ല.'' ടോം പറഞ്ഞു.
അതേസമയം, എ.ഐ ഉപയോഗിച്ച് നിര്‍മിച്ച ഗോഡ്ഫാദര്‍ സിനിമയുടെ മലയാളം വേര്‍ഷന്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവരെ ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്ത ഗോഡ്ഫാദര്‍ സിനിമയിലെ ക്ലിപ്പാണ് വൈറലായത്. താരങ്ങളുള്‍പ്പെടെ വീഡിയോ പങ്കുവെച്ചിരുന്നു.