അല്‍ഫോന്‍സിന്റെ ഗോള്‍ഡ് തിയറ്ററുകളിലേക്ക്! റിലീസ് തിയതി നാളെ ഉച്ചക്ക് അറിയാം
|നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫനാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്
അങ്ങനെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്‍ഫോന്‍സ് ചിത്രം 'ഗോള്‍ഡ്' ന്റെ റിലീസ് നാളെ പ്രഖ്യാപിക്കും. നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫനാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
ചിത്രത്തിന്റെ റിലീസ് തിയതി നവംബര്‍ 23ന് ഉച്ചയ്ക്ക് 1.12ന് പുറത്തുവിടുമെന്ന് ലിസ്റ്റിന് ഫേസ്ബുക്കില്‍ കുറിച്ചു. ലിസ്റ്റിന്റെ കുറിപ്പിനു പിന്നാലെ റിലീസ് തിയതി എന്നായിരിക്കുമെന്ന ചില പ്രവചനങ്ങളും ആരാധകര്‍ നടത്തുന്നുണ്ട്. ഡിസംബര്‍ 1നോ അല്ലെങ്കില്‍ ജനുവരി 12നായിരിക്കുമെന്നും ആരാധകര്‍ പറയുന്നുണ്ട്. ലോകകപ്പ് കഴിഞ്ഞിട്ട് മതി റിലീസെന്നും ചിലര്‍ നിര്‍ദേശിച്ചു. ഗോള്‍ഡില്‍ രാകേഷ് മഞ്ഞപ്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് ബാബുരാജ് ചിത്രം ഡിസംബറില്‍ തിയറ്ററുകളിലെത്തുമെന്ന് സൂചിപ്പിച്ചിരുന്നു. പെർഫെക്ഷനു വേണ്ടിയുള്ള നീണ്ട കാലത്തെ കാത്തിരിപ്പ് അവസാനിച്ചെന്നും അൽഫോൻസ് പുത്രനും ടീമിനും അഭിനന്ദനം എന്ന് കുറിച്ച ബാബുരാജ് ഡിസംബറിൽ ഗോൾഡ് റിലീസ് ആകുമെന്നുമായിരുന്നു അറിയിച്ചത്.
സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിനു ശേഷം അല്‍ഫോന്‍സ് ഒരുക്കുന്ന ചിത്രമായതുകൊണ്ടു തന്നെ പ്രതീക്ഷകള്‍ വാനോളമുണ്ട്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു അല്‍ഫോന്‍സ് ചിത്രം വരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും പോസ്റ്ററും പ്രതീക്ഷകള്‍ കൂട്ടി. ആദ്യം ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തിയതിയില്‍ മാറ്റം വരുത്തുകയായിരുന്നു. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ പൂര്ത്തിയാകാത്തതുകൊണ്ടായിരുന്നു റിലീസ് നീട്ടിയത്. ഓണം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷമായിരിക്കും ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ റിലീസ് വീണ്ടും നീണ്ടുപോവുകയായിരുന്നു.
പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോള്‍ഡ്. ജോഷി എന്ന കഥാപാത്രമായി പൃഥ്വിയെത്തുമ്പോള്‍ സുമംഗലി ഉണ്ണിക്കൃഷ്ണനായി നയന്‍സും അഭിനയിക്കുന്നു. അജ്മല്‍ അമീര്‍,കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്,റോഷന് മാത്യു, മല്ലിക സുകുമാരന്‍, ദീപ്തി സതി, ബാബുരാജ്, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, ഷമ്മി തിലകന്, അബു സലിം തുടങ്ങി വന്‍താരനിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരന്നിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡ്കഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം-രാജേഷ് മുരുഗേശന്‍, ക്യാമറ- ആനന്ദ് സി. ചന്ദ്രന്, വിശ്വജിത്ത് ഒടുക്കത്തില്‍. മലയാളത്തിലും തമിഴിലും ഒരേസമയം റിലീസ് ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.