'ലെനക്ക് വട്ടാണെന്ന് പറയുന്നവരുടെ കിളിയാണ് പോയത്'; സുരേഷ് ഗോപി
|ലെനയെ കൊണ്ട് വിദ്യാർഥികള്‍ക്ക് ക്ലാസ് എടുപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു
സമൂഹമാധ്യമങ്ങളിലൂടെ നടി ലെനയെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി സുരേഷ് ഗോപി. ലെനക്ക് വട്ടാണെന്ന് പറയുന്നവർക്കാണ് കിളിപോയതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വലിയ കാര്യങ്ങള്‍ പറയുമ്പോള്‍ ചിലർക്ക് സഹിക്കില്ലെന്നും അസൂയ മൂത്ത് പറയുന്നതാണ് ഇതൊക്കെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രജോതി നികേതൻ കേളജിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
'2000-2001 സമയത്ത് ഞാനിവിടെ വന്നിട്ടുണ്ട്. അന്ന് ലെന ഇവിടെ പോസ്റ്റ് ഗ്രാജ്വേഷന് പഠിക്കുകയാണ്. എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് ലെനയാണ്. രണ്ടാംഭാവം പൂർത്തീകരിച്ച് തെങ്കാശിപ്പട്ടണത്തിന്റെ അവസാന രംഗം ചിത്രീകരിച്ച സമയത്ത് കാലിൽ പ്ലാസ്റ്റർ ഇട്ടാണ് അഭിനയിച്ചത്. ആ സമയത്താണ് ഇവിടെ വരുന്നത്.
ഇപ്പോഴെനിക്ക് പറയാനുള്ളത് ലെന ആത്മീയതയുടെ ഒരു പുതിയ തലത്തിൽ എത്തിയിട്ടുണ്ട്. ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ഒരു മതത്തിന്റെ പ്രവർത്തനമായിട്ടല്ല, ലെനക്ക് മതമില്ല. നമുക്ക് അങ്ങനെയാരു ഫോക്കസ് വേണം. മയക്കുമരുന്നിന് അല്ലാതെ നമ്മള് മറ്റ് എവിടെയെങ്കിലും ഒന്ന് അടിമപ്പെടണം. സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്.
ലെനക്ക് എപ്പോഴാണ് വരാൻ പറ്റുന്നതെന്ന് നോക്കി ഒരു ഇന്ററാക്ഷൻ സെക്ഷൻ വെക്കണം. നാട്ടുകാർ പലതും പറയും. വട്ടാണെന്ന് പറയും, കിളിപോയെന്ന് പറയും. ആ പറയുന്ന ആളുകളുടെ കിളിയാണ് പോയിരിക്കുന്നത്. അവർക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ് ഇതൊക്കെ. വലിയ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ സഹിക്കത്തില്ല. അതിനെ രാഷ്ട്രീയത്തിൽ കുരുപൊട്ടുക എന്ന് പറയും. കുരുവോ കിണ്ടിയോ എന്ത് വേണമെങ്കിലും പറയട്ടെ. നമുക്ക് അതിലൊരു കാര്യവുമില്ല. നമുക്ക് നല്ല ജീവിതം ഉണ്ടാകണം. മനസ് കെട്ടുപോകാതെ എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം' - സുരേഷ് ഗോപി.
മിനിസ്ക്രീനിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ലെന പിന്നീട് ബിഗ് സ്ക്രീനിലും തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത ലെന പീന്നിട് ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചെത്തിയിരുന്നു. ആത്മീയതയുടെ പാതയിലേക്ക് തിരിഞ്ഞ ലെന അടുത്തിടെ 'ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്ന പേരിൽ ഒരു പുസ്തകം പുറത്ത് ഇറക്കിയിരുന്നു. ഇതിന്റെ ഭാഗമായി താരം നൽകിയ അഭിമുഖം വിവാദമായിരുന്നു.
കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസി ആയിരുന്നെന്നും 63 വയസ്സ് വരെ ജീവിച്ചിരുന്നുവെന്നുമെല്ലാം ലെന പറഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ അത് വൈറലായിരുന്നു. ഈഗോ ഇല്ലാതായാൽ മൈഗ്രെയ്ൻ ഇല്ലാതാകും. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകൾ ആരോഗ്യപ്രശ്നമുണ്ടാക്കും. ഒരിക്കല്‍ സൈക്യാട്രിക് മരുന്നുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് അതു ഉപേക്ഷിക്കാനാകില്ല എന്നിങ്ങനെയുള്ള വാദങ്ങളാണ് ലെന ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ നിരത്തിയത്.
ലെനയുടെ വാക്കുകള്‍ക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ കേരളാഘടകം രംഗത്തെത്തിയിരുന്നു.''ലെന പറഞ്ഞ തെറ്റായ അവകാശവാദങ്ങൾ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനും ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തേക്കുറിച്ച് തെറ്റായ സ്വാധീനം ഉണ്ടാക്കാനും തക്കതാണ്. ലെന തങ്ങളുടെ സംഘടനയിലെ അംഗമല്ല എന്നതും അവരുടെ പ്രസ്താവനകളിലും കാഴ്ച്ചപ്പാടിലും തങ്ങൾക്ക് ഉത്തരവാദിത്തമില്ല എന്നും വ്യക്തമാക്കുന്നു. ക്ലിനിക്കൽ സൈക്കോളജിയോ മറ്റേതെങ്കിലും മെഡിക്കൽ സംബന്ധമോ ആയ വിഷയങ്ങളിൽ ജനങ്ങൾ മതിയായ യോഗ്യതയുള്ള വിദഗ്ധരുടെ അഭിപ്രായമോ ഉപദേശമോ തേടേണ്ടത് അത്യാവശ്യമാണ്.'' അസോസിയേഷന് പ്രസ്താവനയില്‍ വ്യക്തമാക്കി.