ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ കന്നിചിത്രം 'മഹാരാജി'ന്റെ റിലീസ് സ്റ്റേ നീക്കി ഗുജറാത്ത് ഹൈക്കോടതി
|ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിനും ഹരജിക്കാര്‍ കത്തെഴുതിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല
അഹ്മദാബാദ്: ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ കന്നി ചിത്രമായ 'മഹാരാജി'ന് ഏര്‍പ്പെടുത്തിയിരുന്ന ഇടക്കാല സ്റ്റേ നീക്കി ഗുജറാത്ത് ഹൈക്കോടതി. ചിത്രം ഒരു സമുദായത്തിന്റെയും വികാരം വ്രണപ്പെടുത്തുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നതിനെതിരെ പുഷ്ടിമാര്‍ഗ് വിഭാഗത്തില്‍പെട്ട ചിലര്‍ നല്‍കിയ ഹരജിയില്‍ നേരത്തെ കോടതി സ്‌റ്റേ ഉത്തരവിറക്കിയത്.
19-ാം നൂറ്റാണ്ടില്‍ ഗുജറാത്തില്‍ ജീവിച്ച വൈഷ്ണവ നേതാവ് കര്‍സന്‍ദാസ് മുള്‍ജി ഉള്‍പ്പെട്ട 1982ലെ ഒരു അപകീര്‍ത്തി കേസ് ആണ് മഹാരാജ് ചിത്രത്തിന്റെ പ്രമേയം. സൗരഭ് ഷായുടെ ഗുജറാത്തി നോവല്‍ 'മഹാരാജ്' ആസ്പദമാക്കിയാണു തിരക്കഥ. അപകീര്‍ത്തിക്കേസ് തീര്‍പ്പാക്കിയ ബ്രിട്ടീഷ് കോടതി ഹിന്ദു മതത്തെ അപകീര്‍ത്തിപ്പെടുത്തുകയും ശ്രീകൃഷ്ണനെതിരെ ദൈവനിന്ദാ പരാമര്‍ശം നടത്തുകയും ചെയ്തതായി ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചില ഹിന്ദു ഭക്തിഗാനങ്ങളെയും മന്ത്രങ്ങളെയും കോടതി അധിക്ഷേപിച്ചതായും പരാതിയിലുണ്ടായിരുന്നു. ഹരജിയില്‍ സിനിമയുടെ റിലീസ് താല്‍ക്കാലികമായി തടഞ്ഞ് ജൂണ്‍ 13ന് ഗുജറാത്ത് ഹൈക്കോടതി ഇടക്കാല സ്‌റ്റേ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍, സിനിമയ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്(സി.ബി.എഫ്.സി) അംഗീകാരം നല്‍കിയതാണെന്ന് ഇന്ന് ഗുജറാത്ത് കോടതി ചൂണ്ടിക്കാട്ടി. സിനിമ ഒരു മതവിഭാഗത്തെയും ലക്ഷ്യമിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.
മല്‍ഹോത്ര പി. സിദ്ധാര്‍ഥ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ആയിട്ടുണ്ട്. ജുനൈദ് ഖാനു പുറമെ ജയദീപ് അഹ്ലാവത്തും ശാലിനി പാണ്ഡെയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സ്‌നേഹ ദേശായ്, വിപുല്‍ മേത്ത, കൗസര്‍ മുനീര്‍ എന്നിവരാണ് തിരക്കഥാകൃത്തുക്കള്‍. പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ് എന്നിവരാണു നിര്‍മാതാക്കള്‍. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിനും ഹരജിക്കാര്‍ കത്തെഴുതിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.
Summary: Gujarat high court lifts stay on 'Maharaj', debut film of Aamir Khan's son Junaid Khan