സംഘാടകരിൽ നിന്നും മോശം അനുഭവം ഉണ്ടായി; വിഷയത്തില്‍ മതം കലര്‍ത്തരുതെന്ന് ഗായിക സജ്‍ല സലീം
|ഒപ്പം പാടിയവർക്കെതിരെ ഭീഷണി ഉയർത്തിയ ആള്‍ക്കെതിരെയാണ് താൻ പ്രതികരിച്ചത്
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ ഗാനമേളയ്ക്കിടെ ഉണ്ടായ വിവാദത്തിൽ പ്രതികരണവുമായി ഗായിക സജ്‍ല സലീം. വിഷയത്തിൽ മതം കലർത്തരുത്, ഒപ്പം പാടിയവർക്കെതിരെ ഭീഷണി ഉയർത്തിയ ആള്‍ക്കെതിരെയാണ് താൻ പ്രതികരിച്ചത്. സംഘാടകരിൽ നിന്നും മോശം അനുഭവം ഉണ്ടായി. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സജ്‍ല സലീം പറഞ്ഞു.
ഈരാറ്റുപേട്ടയിലെ ആളുകളെ കുറ്റപ്പെടുത്തിയിട്ടില്ല. ഭീഷണി മുഴക്കിയ ആൾക്കെതിരെയാണ് പ്രതികരിച്ചത്.ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വാദം തെറ്റാണ്. സഹ ഗായകർക്കെതിരെയാണ് ഭീഷണി ഉണ്ടായത്. താൻ ഇടപെട്ട് പ്രതികരിക്കുകയായിരുന്നുവെന്നും സജ്‍ല പറഞ്ഞു.
ജനുവരി അഞ്ച് മുതൽ 15 വരെ ഈരാറ്റുപേട്ടയിൽ നടന്ന നഗരോത്സവം- വ്യാപാരോത്സവത്തിൽ 14നാണ് സജ്‍ല സലീം, സഹോദരി സജ്‍ലി സലീം എന്നിവരുടെ ഗാനമേള നടന്നത്. ഇതിൽ ഇവരുടെ പാട്ടുകൾ ആളുകൾക്ക് ഇഷ്ടപ്പെടാതെ വന്നപ്പോൾ നിരന്തരം കൈയടി ചോദിച്ച ഗായകനോട് നല്ല പാട്ടുകൾ പാടിയാൽ കയ്യടി തരാം എന്ന് ഒരു ആസ്വാദകൻ പറഞ്ഞെന്നും ആ വാക്കിനെ തെറ്റിദ്ധരിച്ചാണ് സജ്ല വേദിയിൽ പ്രകോപിതയായതെന്നുമാണ് സംഘാടക സമിതിയുടെ വിശദീകരണം.