Entertainment
ജോലി ഉപേക്ഷിക്കേണ്ടി വന്നു, നിരന്തരം പൈസക്കായി യാചിക്കേണ്ടി വന്നു, സിനിമ പുറത്തിറക്കുന്നുമില്ല; ഷാജി.എൻ. കരുണിനെതിരെ സംവിധായക മിനി ഐ.ജി
Entertainment

ജോലി ഉപേക്ഷിക്കേണ്ടി വന്നു, നിരന്തരം പൈസക്കായി യാചിക്കേണ്ടി വന്നു, സിനിമ പുറത്തിറക്കുന്നുമില്ല; ഷാജി.എൻ. കരുണിനെതിരെ സംവിധായക മിനി ഐ.ജി

Web Desk
|
11 Nov 2022 1:20 PM GMT

ഇടതു പക്ഷ സർക്കാർ ആവിഷ്‌കരിച്ച മഹത്തായ പദ്ധതിയെ തുരങ്കം വയ്ക്കുന്ന നടപടികളാണ് ചെയർമാൻ ഷാജി എൻ കരുണിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും സംവിധായക

2019ൽ ഇന്ത്യയിൽ ആദ്യമായി വനിതാ സംവിധായകരെ ശാക്തീകരിക്കാൻ ഇടതു പക്ഷ സർക്കാർ ഒരു പദ്ധതി ആവിഷ്കരിച്ചിരുന്നു. ഈ പദ്ധതി പ്രകാരം 62 തിരക്കഥകളിൽ നിന്നും രണ്ടെണ്ണം തിരെഞ്ഞെടുക്കയും നിർമാണം പൂർത്തികരിക്കുകയും ചെയ്തു. 'നിഷിദ്ധോ', 'ഡിവോഴ്സ് 'എന്നി സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. താരാ രാമാനുജൻ സംവിധാനം ചെയ്ത 'നിഷിദ്ധോ' ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവോഴ്സിൻറെ സംവിധായകയായ മിനി ഐ.ജി സിനിമയുടെ ചിത്രീകരണ സമയത്ത് അനുഭവിച്ച ദുരനുഭവങ്ങളെക്കുറിച്ച് വിവരിച്ചിരിക്കുന്നത്.

' സ്വന്തം സിനിമയുടെ പ്രീവ്യൂ നടക്കുമ്പോൾ സംസാരിക്കാനോ വേദിയിൽ ഒന്ന് ഇരിക്കുവാനോ പോലുമുള്ള അവസരം നൽകിയില്ല. പ്രക്രിയയിൽ ഉടനീളം പ്രശസ്ത അല്ലാത്ത എനിക്ക് കിട്ടിയ ഔദാര്യം ആണിതെന്ന് ഷാജി എൻ കരുൺ പറയുകയുണ്ടായി. സിനിമയുടെ റിലീസ് ഉടൻതന്നെ ഉണ്ടാകുമെന്ന് പല വട്ടം തീരുമാനിച്ചിട്ടും മാറ്റി വയ്ക്കപ്പെട്ടു. അതേ പറ്റി എന്നെ അറിയിച്ചിട്ടും ഇല്ല. പ്രമോഷനെ കുറിച്ച് പറയുമ്പോൾ അതിനു മികച്ച ടീമിനെ സജ്ജീകരിച്ചിട്ടുണ്ടെന്നു പറഞ്ഞു. ഫണ്ട്‌ പലപ്പോഴും കൃത്യ സമയത്തു റിലീസ് ചെയ്തിരുന്നില്ല, അതു പോലെ തന്നെ പ്രതിഫലവും. നിരന്തരം പൈസയ്ക്കായി യാചിക്കേണ്ടി വന്നു. ഇപ്പോഴും എന്റെ പേയ്‌മെന്റ് ബാക്കി ആണ്' എന്നും മിനി ഐ.ജി പറഞ്ഞു.

25 ലക്ഷം പ്രമോഷൻ വകമാറ്റിയെങ്കിലും നിഷിദ്ധോയുടെ റിലീസ് പോലും ജനങ്ങളിൽ എത്തിക്കാനുള്ള കൃത്യമായ പ്രൊമോഷൻ നൽകിയിട്ടില്ലെന്നും, ടീസറും ട്രെയിലറൂം ആധുനിക രീതിയിൽ റീലീസ് ചെയ്തിട്ടില്ലെന്നും മിനി കൂട്ടിച്ചേർത്തു. ഇടതുപക്ഷ സർക്കാർ ആവിഷ്‌കരിച്ച മഹത്തായ പദ്ധതിയെ തുരങ്കം വയ്ക്കുന്ന നടപടികളാണ് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുണിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും മിനി ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം

2019ൽ ഇന്ത്യയിൽ ആദ്യമായി വനിതാ സംവിധായകരെ ശാക്തീകരിക്കാൻ ഇടതുപക്ഷ സർക്കാർ ആവിഷ്കരിച്ച പദ്ധതി പ്രകാരം 62 തിരക്കഥകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2 എണ്ണത്തിൽ ഒന്നാണ് ഞാൻ എഴുതി, സംവിധാനം ചെയ്ത ഡിവോഴ്സ്. കൊറോണ സമയത്തു പ്രാരംഭ ചർച്ചകൾക്കു ശേഷം ഒരു ഇടവേള വന്നു. മാർച്ച്‌ മാസം, ഒരാഴ്ചക്കുള്ളിൽ സിനിമ ചെയ്തില്ലെങ്കിൽ ഫണ്ട്‌ ലാപ്സ് ആകുമെന്നും, കൊറോണ ആയതിനാൽ എക്സ്റ്റീരിയർ ഷോട്സ് കുറക്കണമെന്നും 60% ചിത്രാഞ്ജലിയിൽ തന്നെ ഷൂട്ട്‌ ചെയ്യണം എന്നും മിസ്റ്റർ ഷാജി എൻ കരുൺ നിർദ്ദേശിച്ചു.

ഉണ്ടായിരുന്ന പ്രൈവറ്റ് ജോലി സിനിമക്ക് വേണ്ടി ഉപേക്ഷിക്കണ്ട സാഹചര്യം ഉണ്ടായി. അതിനാൽ തന്നെയാണ് എന്തു റിസ്ക്കെടുത്തും സിനിമ ചെയ്യാൻ തീരുമാനിച്ചത്. കൃത്യ ദിവസങ്ങൾക്കുള്ളിൽ തന്നെ ഷൂട്ടിങ്ങ് പൂർത്തീകരിച്ചു. ഇത്രയും പരിചയ സമ്പന്നനായ ചെയർമാന്റെ ഉപദേശവും മേൽനോട്ടവും പ്രതീക്ഷിച്ചെങ്കിലും ഒരു ദിവസം പോലും അദ്ദേഹം ലൊക്കേഷനിൽ ഒന്ന് വന്നത്പോലുമില്ല.

2020ൽ സിനിമ സെൻസർ ചെയ്യുകയും 2021ൽ preview നടത്തുകയും ചെയ്തു. സ്വന്തം സിനിമയുടെ പ്രീവ്യൂ നടക്കുമ്പോൾ സംസാരിക്കാനോ വേദിയിൽ ഒന്ന് ഇരിക്കുവാനോ പോലുമുള്ള അവസരം നൽകിയില്ല. പ്രക്രിയയിൽ ഉടനീളം പ്രശസ്ത അല്ലാത്ത എനിക്ക് കിട്ടിയ ഔദാര്യം ആണിതെന്ന് മിസ്റ്റർ ഷാജി എൻ കരുൺ പറയുകയുണ്ടായി. സിനിമയുടെ റിലീസ് ഉടൻതന്നെ ഉണ്ടാകുമെന്ന് പല വട്ടം തീരുമാനിച്ചിട്ടും മാറ്റി വയ്ക്കപ്പെട്ടു.

അതേ പറ്റി എന്നെ അറിയിച്ചിട്ടും ഇല്ല. പ്രൊമോഷനെ കുറിച്ച് പറയുമ്പോൾ അതിനു മികച്ച ടീമിനെ സജ്ജീകരിച്ചിട്ടുണ്ടെന്നു പറഞ്ഞു.

ജിമെയിൽ കമ്മ്യൂണിക്കേഷനിൽ ഒരു ദിവസം " hi sir" എന്നു എഴുതിയത് തന്നെ മിസ്റ്റർ ഷാജി എൻ കരുണിനെ ചൊടിപ്പിച്ചു.. എത്രത്തോളം ഈഗോയിസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞു.സിനിമ ചെയ്യുക എന്നത് അത്യാവശ്യം ആയതിനാൽ പല ബുദ്ധിമുട്ടുകളും നിശബ്ദം സഹിച്ചു.

ഫണ്ട്‌ പലപ്പോഴും കൃത്യ സമയത്തു റിലീസ് ചെയ്തിരുന്നില്ല,

അതു പോലെ തന്നെ പ്രതിഫലവും. നിരന്തരം പൈസയ്ക്കായി യാചിക്കേണ്ടി വന്നു..

ഇപ്പോഴും എന്റെ പേയ്‌മെന്റ് ബാക്കി ആണ്.

ഫയലുകൾ പല മേശകളിൽ എത്തി തീർപ്പാക്കേണ്ട ചിട്ടപ്പടി ശൈലി സിനിമ ചിത്രീകരണത്തിന് സഹായകരം ആകില്ലല്ലോ.

അന്നത്തെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാനെ റിലീസ് വൈകുന്ന കാര്യം ധരിപ്പിക്കുകയും അദ്ദേഹം എംഡി യെ വിളിച്ചു ഉടനടി റിലീസ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു..

അത്‌ നടപ്പിലാക്കിയില്ല..(മന്ത്രി വിളിച്ചു പറഞ്ഞിട്ട് പോലും )

ഏറ്റവും അവസാനമായി 2022 സെപ്റ്റംബരിൽ സിനിമ റിലീസ് ചെയ്യുമെന്നും ഈ കാലമൊക്കെയും മറ്റു ജോലികൾ ഏറ്റെടുക്കരുതെന്ന് പറയുകയും ചെയ്തു.

എല്ലാ സജ്ജീകരണങ്ങളും ചെയ്തതിന് ശേഷം ഒരു ദിവസം ഡിവോഴ്സ് അല്ല നിഷിദ്ധോ ആണ് റിലീസ് ചെയ്യുന്നതെന്ന് കെ.എസ്.എഫ്.ഡി.സി അറിയിച്ചു, കാരണം തിരക്കിയപ്പോൾ ചെയർമാനോട് അന്വേഷിക്കാനാണ് പറഞ്ഞത്..പക്ഷെ എന്റെ ഇമെയിലുകൾക്കൊന്നും

ഒരു മറുപടിയും തന്നില്ല. ഇന്നലെ 09/11/2022 മിസ്റ്റർ ഷാജി .എൻ.കരുണിനെ നേരിട്ട് കണ്ടു സംസാരിച്ചപ്പോൾ, നിഷിദ്ധോ ആണ് കെ.എസ്.എഫ്.ഡി.സി യുടെ ആദ്യ സിനിമയെന്നും അതിന്റ തിയേറ്റർ റെസ്പോൺസ് അറിഞ്ഞിട്ട് തീരുമാനിക്കുമെന്നാണ് അറിയിച്ചത്. മാത്രമല്ല ഗവണ്മെന്റ് സിനിമ ചിത്രീകരിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളു, റിലീസ് ചെയ്യാൻ പറഞ്ഞിട്ടില്ലായെന്നാണ് ധാർഷ്ട്യത്തോടെ നമ്മളൊക്കെ ഏറെ ബഹുമാനിക്കുന്ന ഈ വിശ്വപ്രസിദ്ധ സിനിമ സംവിധായകൻ നൽകിയ മറുപടി..

62 പേരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരാൾ ആയിട്ട് കൂടി, മാർക്കിന്റെയും മെറിറ്റിന്റെയും കാര്യം പറഞ്ഞു എന്റെ വർക്കിനെ ഇകഴ്ത്താൻ ആണ് ചെയർമാൻ ശ്രമിക്കുന്നത്.

25 ലക്ഷം പ്രൊമോഷൻ വകമാറ്റിയെങ്കിലും നിഷിദ്ധോയുടെ റിലീസ് പോലും ജനങ്ങളിൽ എത്തിക്കാനുള്ള കൃത്യമായ പ്രൊമോഷൻ ഒന്നും നൽകിയിട്ടില്ല. ടീസറും ട്രെയിലറൂം ആധുനിക രീതിയിൽ റീലീസ് ചെയ്തിട്ടില്ല.

കെ.എസ്.എഫ്.ഡി.സി ടിക്കറ്റുകൾക്ക് ടാക്സ്ഫ്രീ ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചിട്ടില്ല. പകരം കെ.എസ്.എഫ്.ഡി.സി സ്റ്റാഫുകളോട് ടിക്കറ്റ് വിറ്റഴിക്കാനും സമ്മാനമായി വാഷിംഗ്‌ മെഷീൻ, ലോട്ടറി എന്നീ സമ്മാനപദ്ധതികൾ ഒരുക്കി സിനിമ വിജയിപ്പിക്കാനുള്ള ഔട്ട്ഡേറ്റഡ് മാർക്കറ്റിങ്ങ് സ്റ്റാറ്റർജി നടപ്പാക്കാൻ ശ്രമിക്കുകയാണ് കെ.എസ്.എഫ്.ഡി.സി. നവംമ്പറിൽ പ്രാവർത്തികമാക്കുമെന്ന് പറഞ്ഞ ഒറ്റിറ്റിയെക്കുറിച്ച് ഒരു അറിവും ഇല്ല..

ഇടതു പക്ഷ സർക്കാർ ആവിഷ്‌കരിച്ച മഹത്തായ പദ്ധതിയെ തുരങ്കം വയ്ക്കുന്ന നടപടികളാണ് ചെയർമാൻ ഷാജി എൻ കരുണിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്..


Similar Posts