എല്ലാം സംഭവിച്ചത് ആ ഒരൊറ്റ ഇ-മെയിലില്‍ ; പാച്ചുവിന്‍റെ ഹംസ എത്തിയത് ഇങ്ങനെ: വീഡിയോ പങ്കുവച്ച് അഖില്‍ സത്യന്‍
|ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ അഞ്ജന ജയപ്രകാശാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്
സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'പാച്ചുവും അത്ഭുതവിളക്കും'. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിനു ലഭിച്ചത്.ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ അഞ്ജന ജയപ്രകാശാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോള്‍ സിനിമിയിലേക്ക് അഞ്ജന എത്തിയതിനെക്കുറിച്ച് പറയുകയാണ് അഖില്‍.
സിനിമയിലെ നായികയാകാൻ 20 പേരെ ആയിരുന്നു കാസ്റ്റിങ്ങ് ഡയറക്ടർ പരിഗണിച്ചത്. എന്നാൽ ഇവരിലാരും തന്നെ കഥാപാത്രത്തിന് യോജിക്കുന്നവർ ആയിരുന്നില്ല. ഇതിനെ തുടർന്ന് അടുത്ത ദിവസം തന്നെ കൂടുതൽ പേരെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ, സിനിമയിലെ ചെറിയൊരു വേഷത്തിനായി കാസ്റ്റിംഗ് ഡയറക്ടർ അയച്ച ഇ-മെയിലിന് ഒപ്പം നായികയായി പരിഗണിക്കേണ്ടവർക്കുള്ള ഇ-മെയിലും അറിയാതെ അയച്ചിരുന്നു. അഭിനയിച്ചു കാണിക്കേണ്ട ഭാഗവും ഡയലോഗ്സും ഒക്കെ ഉണ്ടായിരുന്നു. രാത്രി കാസ്റ്റിങ്ങ് ഡയറക്ടർക്ക് ലഭിച്ച മെയിലിൽ ഈ രണ്ട് വേഷങ്ങളും അഭിനയിച്ച് കാണിക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ഉണ്ടായിരുന്നു. ഉടൻ തന്നെ സിനിമയിലെ ടീമിന് കാസ്റ്റിംഗ് ഡയറക്ടർ ഈ ഇ-മെയിൽ അയയ്ക്കുകയായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ ഈ വീഡിയോയിൽ നിന്നാണ് അടുത്ത ദിവസം അഞ്ജന ജയപ്രകാശ് സിനിമയിലെ നായികയാകുന്നത്.
അഞ്ജനയുടെ ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഹംസധ്വനിക്കായി പരിഗണിച്ച ബാക്കി എല്ലാവരെയും തള്ളിക്കളയുകയായിരുന്നുവെന്ന് അഖിൽ സത്യൻ പറയുന്നു. സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഗം ഹംസധ്വനിയുടേതാണെന്നും ഹംസ കാരണം വളരെ നാളായി ഗിറ്റാർ വായിക്കാതിരുന്ന ജസ്റ്റിൻ പ്രഭാകരൻ പോലും ഗിറ്റാർ വായിച്ചെന്നും അഖിൽ സത്യൻ പറയുന്നു.