'വരുന്നു ബൈജു സ്കാം'; ബൈജൂസ് തട്ടിപ്പ് സീരീസാക്കാന്‍ ഹന്‍സല്‍ മെഹ്ത
|ബൈജൂസിന്റെ വളര്‍ച്ചയും പിന്നീടുള്ള പ്രതിസന്ധികളും സീരീസിനുള്ള മികച്ച ഉള്ളടക്കമാണെന്ന് ഹന്‍സല്‍ മെഹ്ത
വിദ്യാഭ്യാസ-സാങ്കേതിക മേഖലയിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ബൈജൂസിന്റെ വളര്‍ച്ചയും തളര്‍ച്ചയും സീരീസാക്കാന്‍ ഒരുങ്ങി സംവിധായകന് ഹന്‍സല്‍ മെഹ്ത. ട്വിറ്ററിലൂടെയാണ് ഹന്‍സല്‍ മെഹ്ത സ്കാം സീരീസിലെ പുതിയ സീസണിലേക്കായി ബൈജൂസ് സ്കാമിനെ തെരഞ്ഞെടുത്തത്. ബൈജൂസിന്റെ വളര്‍ച്ചയും പിന്നീടുള്ള പ്രതിസന്ധികളും സീരീസിനുള്ള മികച്ച ഉള്ളടക്കമാണെന്ന് ഹന്‍സല്‍ മെഹ്ത പറഞ്ഞു. 'സ്കാം സീസണ് ഫോര്‍-ദ ബൈജു സ്കാം' എന്ന പേരും മെഹ്ത സീരീസിന് നിര്‍ദേശിക്കുന്നുണ്ട്.
2021 ഒക്ടോബറിലെ തന്റെ തന്നെ ട്വിറ്റര്‍ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ബൈജൂസുമായി ബന്ധപ്പെട്ട വിവാദ പരമ്പരകള്‍ക്കിടയിലാണ് ഹന്‍സല്‍ മെഹ്ത പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പറഞ്ഞു, അത് സ്കാം സീസണ് ഫോറിനുള്ള ഉള്ളടക്കമാണെന്ന്', എന്ന് പറഞ്ഞാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
മറ്റൊരു ട്വീറ്റില്‍ ബൈജൂസുമൊത്തുള്ള വ്യക്തിപരമായ മോശം അനുഭവവും ഹന്‍സല്‍ മെഹ്ത പങ്കുവെക്കുന്നുണ്ട്. ബൈജൂസ് പ്രതിനിധി വീട്ടില്‍ വരികയും മകളുടെ പഠനാവസ്ഥ മോശമാണെന്ന് തെളിയിക്കാന്‍ ശ്രമിച്ചതായും ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് ശ്രമിച്ചതായും ഹന്‍സല്‍ മെഹ്ത പറയുന്നു. അവരെ അന്ന് വീടിന് പുറത്താക്കേണ്ടി വന്നു. ദാരിദ്രത്തില്‍ നിന്നും സമ്പന്നതയിലേക്ക് എത്തിയ കഥകള്‍ പറഞ്ഞത് പുച്ഛിച്ചപ്പോള്‍ അവരെന്നെ പരിഹസിച്ചു. അവരുടെ ഇതുവരെയുള്ള ഉയര്‍ച്ച ചീട്ടുകൊട്ടാരം പോലെ തകരുമ്പോള്‍ ദാരിദ്രത്തില്‍നിന്നു സമൃദ്ധിയിലേക്ക് എത്തുന്ന എല്ലാ കഥകളും സത്യസന്ധമല്ലെന്ന് അവരെ ഓര്‍മിപ്പിക്കാനുണ്ടെന്ന് ഹന്‍സല്‍ മെഹ്ത പറയുന്നു.
അതെ സമയം ഹന്‍സല്‍ മെഹ്തയുടെ നീക്കത്തെ പിന്തുണച്ച് നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്തുവന്നത്. ബൈജൂസിന്റെ വളര്‍ച്ചയും തകര്‍ച്ചയും പുതിയ സീരീസിനുള്ള സാധ്യതയാണെന്ന് ഒരാള്‍ റീ ട്വീറ്റ് ചെയ്ത് പറഞ്ഞു. നടന് പരേഷ് റാവലും ഹന്‍സലിന് പിന്തുണയുമായി രംഗത്തുവന്നു. 'മികച്ച തീരുമാനം, പുതിയ ഐഡിയയുമായി മുന്നോട്ടുപോകൂ', എന്നാണ് പരേഷ് ട്വീറ്റ് ചെയ്തത്.
'സ്കാം 1992' എന്ന സീരീസിലൂടെ ഹര്‍ഷദ് മെഹ്തയുടെ കഥ പറഞ്ഞ് പ്രശസ്തനാണ് ഹന്‍സല്‍ മെഹ്ത. അടുത്തിടെ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങിയ 'സ്കൂപ്പ്' എന്ന സീരീസിന്റെയും സംവിധായകനാണ് ഹന്‍സല്‍. ഷാഹിദ്, അലിഗഡ്, ഒമെര്‍ട്ട എന്നീ സിനിമളിലൂടെയും ശ്രദ്ധേയനാണ് ഹന്‍സല്‍.