'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ന് പ്രശംസ ചൊരിഞ്ഞ് ഹൻസൽ മേത്തയും
|"ധൂർത്തമായ സംഭാഷണങ്ങളോ ബഹളങ്ങളോ സാരോപദേശങ്ങളോ ഒന്നും പടത്തിൽ കാണാനില്ല. എന്നിട്ടും സിനിമയുടെ കഥപറച്ചിൽ ശക്തമാണ്"
ഏറെ പ്രശംസ പിടിച്ചുപറ്റിയ മലയാള ചിത്രം 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ന് അഭിനന്ദനങ്ങളുമായി ബോളിവുഡ് ഡയരക്ടർ ഹൻസൽ മേത്ത. ട്വിറ്ററിലാണ് മേത്ത ചിത്രത്തിന് പ്രശംസ ചൊരിഞ്ഞിരിക്കുന്നത്. സിനിമയുടെ കഥപറച്ചിലാണ് മേത്തയെ ഞെട്ടിച്ചിരിക്കുന്നത്.
സാമൂഹിക പ്രസക്തമായൊരു പ്രമേയം കൈകാര്യം ചെയ്യുമ്പോൾ കാണിച്ച പാകതയും ചാരുതയും മിതവിനിയോഗവും വിസ്മയിപ്പിക്കുന്നതാണെന്ന് മേത്ത പറയുന്നു. ധൂർത്തമായ സംഭാഷണങ്ങളോ ബഹളങ്ങളോ സാരോപദേശങ്ങളോ ഒന്നും പടത്തിൽ കാണാനില്ല. എന്നിട്ടും സിനിമയുടെ കഥപറച്ചിൽ ശക്തമാണ്. എഴുത്തിൽ അത്രയും സത്യസന്ധതയുണ്ടെന്നും ഹൻസൽ മേത്ത ട്വീറ്റ് ചെയ്തു.
Watched The Great Indian Kitchen. Am just taken in by this new Malayalam cinema. Such maturity, economy and elegance while dealing with pertinent themes. No rabble rousing, no pompous dialogue, no preaching. Yet so much power in the story telling. Such honesty in the craft.
— Hansal Mehta (@mehtahansal) May 16, 2021
ഈ വർഷം ആദ്യത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്ന ചിത്രം മലയാളത്തിനു പുറത്തുനിന്നും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബോളിവുഡ് സിനിമാ രംഗത്തുനിന്നടക്കമുള്ള പ്രമുഖരാണ് ചിത്രത്തെയും സംവിധായകൻ ജോ ബേബിയെയും അഭിനന്ദിച്ചു രംഗത്തെത്തിയത്. ഒടിടി ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സും ആമസോൺ പ്രൈമുമടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ ചിത്രം ഏറ്റെടുത്തിരുന്നില്ല. തുടർന്ന് നീസ്ട്രീം എന്ന അധികം പരിചയമില്ലാത്ത പ്ലാറ്റ്‌ഫോം വഴിയായിരുന്നു റിലീസ് ചെയ്തത്. ചിത്രം ഹിറ്റായതോടെ പിന്നീട് പ്രൈം ഏറ്റെടുക്കുകയായിരുന്നു.