Entertainment
ഹർഭജൻ സിങിന്റെ ഇടനെഞ്ചിൻ തുടിപ്പായി തലൈവാ
Entertainment

ഹർഭജൻ സിങിന്റെ ഇടനെഞ്ചിൻ തുടിപ്പായി 'തലൈവാ'

Web Desk
|
12 Dec 2021 1:54 PM GMT

''എന്റെ ഹൃദയത്തിലെ സൂപ്പർസ്റ്റാർ, 80 കളിലെ ബില്ലയും 90കളിലെ ബാഷയും 2000ത്തിലെ അണ്ണാത്തെയും നിങ്ങൾ തന്നെയാണ്. സിനിമയുടെ ഒരേയൊരു സൂപ്പർ സ്റ്റാർ രജനികാന്തിന് പിറന്നാൾ ആശംസകൾ'' ഹർഭജൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

മുൻ ഇന്ത്യൻ ഓഫ് സ്പിൻ ഇതിഹാസം ഹർഭജൻ സിങ്ങിന്റെ ഇടനെഞ്ചിൻ തുടിപ്പായി ഇനി തലൈവരുണ്ടാകും. ദക്ഷിണേന്ത്യൻ സിനിമ നടനും തമിഴ് സിനിമാ പ്രേമികളുടെ തലൈവരുമായ രജനികാന്തിന്റെ 71ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തിയിരിക്കുകയാണ് ഹർഭജൻ. ഇതിന്റെ ചിത്രം സഹിതം ഇൻസ്റ്റഗ്രാമിൽ താരം രജനികാന്തിന് ജന്മദിനാശംസകൾ നേർന്നിട്ടുമുണ്ട്. ''എന്റെ ഹൃദയത്തിലെ സൂപ്പർസ്റ്റാർ, 80 കളിലെ ബില്ലയും 90കളിലെ ബാഷയും 2000ത്തിലെ അണ്ണാത്തെയും നിങ്ങൾ തന്നെയാണ്. സിനിമയുടെ ഒരേയൊരു സൂപ്പർ സ്റ്റാർ രജനികാന്തിന് പിറന്നാൾ ആശംസകൾ'' എന്ന കുറിപ്പും ഹർഭജൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

View this post on Instagram

A post shared by Harbhajan Turbanator Singh (@harbhajan3)


അർജുൻ നായകനായ തമിഴ്‌സിനിമ 'ഫ്രണ്ട്ഷിപ്പി'ലടക്കം അഭിനയിച്ച ഹർഭജൻ താത്കാലിക ടാറ്റൂവാണ് പതിച്ചതെന്നാണ് വാർത്തകളിലുള്ളത്. എങ്കിലും നിരവധി പേർ കമൻറുകളുമായെത്തിയിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കറടക്കം കായിക രംഗത്തെ പലരും രജനിക്ക് ആശംസയുമായെത്തിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനായി നേടിയ സെഞ്ചുറി ഔൾറൗണ്ടർ വെങ്കിടേഷ് അയ്യർ രജനികാന്തിന് സമർപ്പിച്ചിരുന്നു. ചണ്ഡിഗഢിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിൽ നേടിയ സെഞ്ചുറിയാണ് അയ്യർ തലൈവർക്ക് സമർപ്പിച്ചത്. 113 പന്തിൽ 151 റൺസ് നേടിയ താരം രജനികാന്തിന്റെ സവിശേഷമായ സല്യൂട്ട് ചെയ്തും തലേക്കെട്ടിന്റെ ആംഗ്യം കാണിച്ചുമാണ് സമർപ്പണം അറിയിച്ചത്. താരം നേടിയ 151 റൺസ് 50 ഓവറിൽ മധ്യപ്രദേശിന് 332 റൺസ് നേടാൻ സഹായിച്ചിരുന്നു. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ നടന്ന ഡി ഗ്രൂപ്പിന്റെ നാലാം റൗണ്ട് മത്സരത്തിലായിരുന്നു താരം കൗതുകമുണർത്തുന്ന ഇഷ്ടം പ്രകടിപ്പിച്ചത്. സെഞ്ചുറി സമർപ്പണത്തിന്റെ വിഡിയോ അയ്യരുടെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. വെങ്കിടേഷ് അയ്യർ ആർക്കാണ് സെഞ്ചുറി സമർപ്പിക്കുന്നതെന്ന് മനസ്സിലാക്കാനാകുമോയെന്ന ചോദ്യത്തോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ച വെങ്കിടേഷ് അയ്യർ തമിഴ്‌സിനിമയിലെ ഇതിഹാസ നടൻ രജനികാന്തിന്റെ കടുത്ത ആരാധകനാണ്. രജനികാന്തിനോടുള്ള ഇഷ്ടം താരം മുമ്പും പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അയ്യരുടെ കോച്ച് ദിനേശ് ശർമ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. രജനിയോട് കടുത്ത ആരാധനയുള്ള താരം അദ്ദേഹത്തിന്റെ എല്ലാ ചിത്രവും കണ്ടിട്ടുണ്ടെന്നും ചില സമയത്ത് നടനെ പോലെ നടിക്കാറുണ്ടെന്നുമായിരുന്നു കോച്ച് പറഞ്ഞിരുന്നത്. ഇന്ത്യ 3-0 വിജയം നേടിയ ന്യൂസിലാൻഡിനെതിരെ നടന്ന ടി20 പരമ്പരയിൽ അയ്യർ കളിച്ചിരുന്നു. ഐപിഎല്ലിൽ താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിർത്തിയിട്ടുണ്ട്. 2022ലെ ടൂർണമെൻറിലേക്കുള്ള ലേലത്തിന് മുമ്പേ എട്ടു കോടിക്കാണ് താരത്തെ ടീം നിലനിർത്തിയത്. 2021 ൽ അയ്യർ ടീമിനായി 370 റൺസ് നേടിയിരുന്നു. 26 കാരനായ താരം ഇന്ത്യൻ ജേഴ്‌സിയിൽ മൂന്നു മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

രജനികാന്തിന്റെ ജന്മദിനത്തിൽ മലയാള സിനിമാ നടന്മാരായ മോഹൻലാലും മമ്മൂട്ടിയുമൊക്കെ ആശംസകൾ അറിയിച്ചിട്ടുണ്ട്. രജനിയോടൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി ആശംസ പറഞ്ഞത്. തമിഴ് സിനിമയിലെ ധനുഷ്, വിജയ്‌സേതുപതി, കമൽ ഹാസൻ തുടങ്ങിയ നിരവധി നിരവധി പേർ ആശംസകൾ അറിയിച്ചിട്ടുണ്ട്.

On the 71st birthday of Rajinikanth, a South Indian film actor and leader of Tamil film lovers, Harbhajan has a picture of him tattooed on his chest.

Similar Posts