Entertainment
hareesh peradi against shine tom chacko in samyuktha issue
Entertainment

'പ്രശ്നം പരിഹരിക്കേണ്ടത് നികൃഷ്ടമായ ആൺകോമാളിത്തം പ്രദർശിപ്പിച്ചല്ല': ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ഹരീഷ് പേരടി

Web Desk
|
22 Feb 2023 2:50 PM GMT

'സംയുക്ത യുക്തിബോധമുള്ള പെണ്ണാവുമ്പോൾ ഷൈൻ ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആൺ മാത്രമാകുന്നു'

നടി സംയുക്തക്കെതിരായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പരാമര്‍ശത്തിനെതിരെ ഹരീഷ് പേരടി. ജോലി സംബന്ധമായ കരാറുകൾ തെറ്റിച്ചിട്ടുണ്ടെങ്കിൽ നിയമപരമായോ തൊഴിൽ സംഘടനകളുമായി ചർച്ച ചെയ്തോ ആണ് പരിഹരിക്കേണ്ടത്. അല്ലാതെ പൊതുസമൂഹത്തിനു മുന്നില്‍ അവഹേളിച്ച് നികൃഷ്ടമായ ആൺകോമാളിത്തം പ്രദർശിപ്പിക്കുകയല്ല ചെയ്യേണ്ടിയിരുന്നതെന്ന് ഹരീഷ് പേരടി വിമര്‍ശിച്ചു.

"ജോലി സംബന്ധമായ കരാറുകൾ തെറ്റിച്ചിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായോ തൊഴിൽ സംഘടനകളുമായി ചർച്ച ചെയ്തോ ആണ് പരിഹരിക്കപ്പെടേണ്ടത്. അല്ലാതെ സ്വന്തം ജാതിവാൽ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത, സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ, ഒരു പെൺകുട്ടിയെ പൊതുസമൂഹത്തിനുമുന്നിൽ അവഹേളിച്ച് നികൃഷ്ടമായ ആൺ കോമാളിത്തം പ്രദർശിപ്പിച്ചിട്ടല്ല... സംയുക്ത യുക്തിബോധമുള്ള പെണ്ണാവുമ്പോൾ ഷൈൻ.. ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആൺ മാത്രമാകുന്നു. ഷൈൻ തിരുത്തുമെന്ന പ്രതീക്ഷയോടെ" എന്നാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.

ബൂമറാങ് എന്ന സിനിമയുടെ പ്രമോഷന് പങ്കെടുക്കാതിരുന്നതോടെയാണ് ഷൈന്‍ ടോം ചാക്കോ സംയുക്തക്കെതിരെ രംഗത്തെത്തിയത്- "ഒരു ജോലി ഏറ്റെടുത്താൽ അത് പൂർത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്. എന്തുകൊണ്ട് അവര്‍ ഈ സിനിമയുടെ പ്രമോഷന് വന്നില്ല?". സംയുക്ത പേരിലെ ജാതി ഒഴിവാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഷൈന്‍ ടോമിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു- "ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ടൊന്നും നന്നാകില്ല. മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്തുകാര്യം? മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്നതിനുശേഷം കിട്ടുന്നതല്ലേ".

ബൂമറാങ് സിനിമയുടെ നിര്‍മാതാവും സംയുക്തക്കെതിരെ രംഗത്തെത്തിയിരുന്നു. സംയുക്തയെ സിനിമയുടെ പ്രമോഷന് വിളിച്ചപ്പോള്‍ 35 കോടിയുടെ സിനിമ ചെയ്യുകയാണ്, ഹൈദരാബാദില്‍ സ്ഥിരതാമസമാണ് എന്നൊക്കെ പറഞ്ഞെന്നാണ് നിര്‍മാതാവിന്‍റെ ആരോപണം.

Similar Posts