Entertainment
Actor Hareesh Peradi condemns slap on Muslim student incident at Muzaffarnagar School in UP
Entertainment

'685 കോടിയുടെ ചന്ദ്രയാൻ അഭിമാനം കളയാൻ ഇങ്ങനെയൊന്നു മതി'; മുസഫർനഗർ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹരീഷ് പേരടി

Web Desk
|
26 Aug 2023 5:55 AM GMT

''വിശാല പ്രതിപക്ഷ കൂട്ടായ്മയായ 'ഇൻഡ്യ' സമയം കളയാതെ മുസഫർനഗറിലെ ഈ സ്‌കൂളിന് മുന്നിൽ അല്ലേ ഒത്തുചേരേണ്ടേത്. ആ സ്‌കൂളിന്റെ മുന്നിൽനിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെവിളിക്കൂ.''

കോഴിക്കോട്: യു.പിയിൽ അധ്യാപിക ഹിന്ദു വിദ്യാർത്ഥികളെക്കൊണ്ട് മുസ്‌ലിം സഹപാഠിയെ അടിപ്പിച്ച സംഭവത്തിൽ വിമർശനവുമായി നടൻ ഹരീഷ് പേരടി. വിശാല പ്രതിപക്ഷ കൂട്ടായ്മയായ 'ഇൻഡ്യ' മുസഫർനഗറിലെ സ്‌കൂളിനു മുന്നിൽ ഒത്തുകൂടണമെന്ന് നടൻ ആവശ്യപ്പെട്ടു. ചന്ദ്രയാൻ 3ന്റെ അഭിമാനം കളയാൻ ഇങ്ങനെയൊരു അധ്യാപിക മതിയെന്നും ഹരീഷ് വിമർശിച്ചു.

'ഇൻഡ്യ' എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസഫർനഗറിലെ ഈ സ്‌കൂളിന് മുന്നിൽ അല്ലേ ഒത്തുചേരേണ്ടേത്. അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല. മറിച്ച് മനസ്സിൽ പുഴുക്കുത്തുകളില്ലാത്ത വരുംതലമുറയുടെ യഥാർത്ഥ ഇന്ത്യയെ ഉണ്ടാക്കാനാണ്. ആ സ്‌കൂളിന്റെ മുന്നിൽനിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെവിളിക്കൂ. വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ. കേന്ദ്ര സർക്കാറേ, 685 കോടിയുടെ ചന്ദ്രയാൻ-3 എന്ന അഭിമാനം കളയാൻ ഇങ്ങനെയൊരു അധ്യാപിക മതിയെന്നു മറക്കരുത്-ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

മുസഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിലാണു രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. സ്‌കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗിയാണ് ക്ലാസിലെ മുസ്‌ലിം വിദ്യാർത്ഥിയെ എഴുന്നേൽപ്പിച്ചുനിർത്തിയ ശേഷം മറ്റുള്ള വിദ്യാർത്ഥികളോട് മർദിക്കാൻ ആവശ്യപ്പെട്ടത്. സഹപാഠിയുടെ മുഖത്ത് അടിക്കാൻ നിർദേശിച്ചു. മുസ്‌ലിം വിദ്യാർത്ഥികളെ താൻ ഇത്തരത്തിൽ കൈകാര്യം ചെയ്യാറുണ്ടെന്നും അവരെ ഇങ്ങനെയാണു ചെയ്യേണ്ടതെന്നും അധ്യാപിക വിദ്യാർത്ഥികളോട് നിർദേശിക്കുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വൻവിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ, പൊലീസിൽനിന്നു നീതി പ്രതീക്ഷിക്കുന്നില്ലെന്നും അതിനാൽ പരാതി നൽകാനില്ലെന്നുമാണു കുട്ടിയുടെ കുടുംബം പ്രതികരിച്ചത്.

Summary: Actor Hareesh Peradi condemns slap on Muslim student incident at Muzaffarnagar School in UP

Similar Posts